സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാധ്യമം ദിനപത്രം ഖേദം പ്രകടിപ്പിച്ചു. "ഭൂമി തട്ടിപ്പ്: മുന്‍ വ്യവസായ മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി" എന്ന തലക്കെട്ടില്‍ ഏപ്രില്‍ 23ന് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ എളമരം കരീം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. "വാര്‍ത്താ സമ്മേളനം നടത്തിയവര്‍ പറഞ്ഞ കാര്യങ്ങളില്‍ കടന്നുകൂടിയ, മുന്‍മന്ത്രി എളമരം കരീമിന് മാനഹാനിക്ക് കാരണമായ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു" എന്ന് ഞായറാഴ്ച മൂന്നാംപേജില്‍ പ്രസിദ്ധീകരിച്ച ക്ഷമാപണക്കുറിപ്പില്‍ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്വാറി, ക്രഷര്‍ വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പണം മുടക്കാമെന്ന് വാഗ്ദാനം ചെയ്ത് ചേവായൂര്‍ ഹസ്തിനപുരിയില്‍ ടി പി നൗഷാദ് ഏക്കര്‍ കണക്കിന് ഭൂമി തട്ടിയെടുത്തെന്നും നൗഷാദ് മുന്‍മന്ത്രി എളമരം കരീമിന്റെ ബന്ധുവാണെന്നും ആക്ഷന്‍ കമ്മിറ്റികള്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞെന്നാണ് വാര്‍ത്ത. വസ്തുതാവിരുദ്ധമായ വാര്‍ത്ത സമൂഹത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂവം കെട്ടിച്ചമച്ചതാണെന്ന് നോട്ടീസില്‍ എളമരം കരീം വ്യക്തമാക്കിയിരുന്നു. വാര്‍ത്താസമ്മേളനം നടത്തിയ ആറു പേര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.
deshabhimani 070513
No comments:
Post a Comment