കല്‍ക്കരി കുംഭകോണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണറിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രികാര്യാലയം, നിയമമന്ത്രി, കല്‍ക്കരിമന്ത്രാലയം, അറ്റോര്‍ണി ജനറല്‍ എന്നിവര്‍ ചേര്‍ന്ന് വരുത്തിയത് പ്രധാനമായും മൂന്നു മാറ്റങ്ങള്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതിക്കൂട്ടില്‍ വരുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു തിരുത്തല്‍. വ്യവസ്ഥാപിത രീതിയിലൂടെയല്ലാതെ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ വിതരണംചെയ്തെന്ന കണ്ടെത്തലാണ് പ്രധാനമന്ത്രി കാര്യാലയം തിരുത്തിയത്. സിബിഐ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് സമര്‍പ്പിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് മാര്‍ച്ച് ഏഴിനായിരുന്നു ഇത്. കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്യാനുള്ള കമ്പനികളെ തെരഞ്ഞെടുത്തത് വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ അല്ലെന്നത് അധികാരദുര്‍വിനിയോഗം നടന്നതിന് തെളിവ്. പാടങ്ങള്‍ ലഭിച്ച കമ്പനികളില്‍ മിക്കതും യോഗ്യതയില്ലാത്തവ. കടലാസ് കമ്പനികള്‍ക്കുപോലും പാടങ്ങള്‍ കിട്ടി. പലതിലും ഇനിയും ഖനനം തുടങ്ങിയിട്ടില്ല. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച പ്രധാനമന്ത്രികാര്യാലയത്തിലെ ജോയിന്റ് സെക്രട്ടറി ശത്രുഘ്നസിങ്, കല്‍ക്കരിമന്ത്രാലയ ജോയിന്റ് സെക്രട്ടറി എ കെ ഭല്ല എന്നിവര്‍ പ്രധാനമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടു. ശത്രുഘ്നസിങ്ങാണ് മേല്‍നോട്ടം വഹിച്ചത്.
മാത്രമല്ല, സിബിഐയുടെ അന്വേഷണത്തില്‍ ഈ രണ്ട് ഉദ്യോഗസ്ഥരും നിരന്തരം ഇടപെട്ടു. കമ്പനികളുടെ പട്ടിക തയ്യാറാക്കാത്തതാണ് സിബിഐ കണ്ടെത്തിയ മറ്റൊരു വീഴ്ച. അപേക്ഷ നല്‍കിയ കമ്പനികളുടെ പശ്ചാത്തലം പരിശോധിക്കാതെയായിരുന്നു വിതരണം. മന്‍മോഹന്‍സിങ്ങിന് കുരുക്കാവുന്ന ഈ കണ്ടെത്തല്‍ നീക്കംചെയ്യാന്‍ നിയമമന്ത്രി ആവശ്യപ്പെട്ടു. നീക്കംചെയ്ത രണ്ടു ഭാഗങ്ങളിലും തുടരന്വേഷണം നടക്കേണ്ടിയിരുന്നുവെന്ന് സിബിഐ വിശദീകരിക്കുന്നു. ലേലം നിര്‍ബന്ധമാക്കുന്ന നിയമഭേദഗതി പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കെ മറിച്ചുള്ള നടപടിക്രമം സ്വീകരിച്ചതിനെക്കുറിച്ചുള്ള ഭാഗവും നീക്കി. ഇതും നിയമമന്ത്രിയുടെ നിര്‍ദേശപ്രകാരം.തിരുത്തലിന് നിയമമന്ത്രി സിബിഐ ഉദ്യോഗസ്ഥരെ തന്റെ ഓഫീസില്‍ വിളിച്ചുവരുത്തി. പ്രധാനമന്ത്രികാര്യാലയ ജോയിന്റ് സെക്രട്ടറി ശത്രുഘ്നസിങ്ങിന്റെയും കല്‍ക്കരിമന്ത്രാലയ ജോയിന്റ് സെക്രട്ടറി എ കെ ഭല്ലയുടെയും നിര്‍ദേശപ്രകാരം റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കലും വരുത്തി. 1993-2005 കാലത്ത് കല്‍ക്കരിവിതരണത്തിന് അംഗീകൃത മാനദണ്ഡം നിലവിലില്ലെന്നാണ് പുതുതായി ചേര്‍ത്തത്. ക്രമക്കേട് നടന്നത് തന്റെ കാലത്തുമാത്രമല്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രം ഇവിടെ വ്യക്തം.
അറ്റോര്‍ണി ജനറലും സുപ്രീംകോടതിയെ കബളിപ്പിച്ചു
കേന്ദ്രസര്‍ക്കാരിന് നിയമോപദേശം നല്‍കേണ്ട ഉന്നത ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി പരമോന്നത നീതിപീഠത്തെ കബളിപ്പിച്ചെന്നു കൂടി വ്യക്തമാക്കുന്നു സിബിഐ തിങ്കളാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലം. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കണ്ടില്ലെന്നാണ് വഹന്‍വതി സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ചത്. എന്നാല്‍, ഇത് പച്ചക്കള്ളമാണെന്ന് സിബിഐ സത്യവാങ്മൂലം വെളിപ്പെടുത്തുന്നു. റിപ്പോര്‍ട്ട് തിരുത്തുന്നതില്‍ സജീവപങ്കാളിയായവരില്‍ ഒരാള്‍ വഹന്‍വതിയാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കല്‍ക്കരി കുംഭകോണക്കേസില്‍നിന്ന് രക്ഷിക്കാനായിരുന്നു ഈ അധികാര ദുര്‍വിനിയോഗം. രാഷ്ട്രീയ മേലാളന്മാരുമായി റിപ്പോര്‍ട്ട് പങ്കുവച്ചിട്ടില്ലെന്ന് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി റാവല്‍ കഴിഞ്ഞ ആഴ്ച രാജിവച്ചിരുന്നു. പുതിയ സംഭവവികാസത്തോടെ വഹന്‍വതിയുടെ ഭാവിയും ചോദ്യചിഹ്നമായി.
കേന്ദ്രസര്‍ക്കാരിന് നിയമോപദേശം നല്‍കലും സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരാകലും അറ്റോര്‍ണി ജനറലിന്റെ ചുമതലയില്‍പ്പെടുന്നു. എന്നാല്‍, കല്‍ക്കരി കുംഭകോണക്കേസില്‍ വഹന്‍വതി ചെയ്തത് ഇതു മാത്രമല്ല, പിന്‍വാതിലിലൂടെ അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിച്ചത്. സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിയമമന്ത്രി വിളിച്ച യോഗത്തില്‍ കഴിഞ്ഞ മാര്‍ച്ച് ആറിനു വഹന്‍വതി പങ്കെടുത്തു. ഇതിനു പിന്നാലെ തന്റെ വസതിയില്‍ സിബിഐ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. മന്‍മോഹന്‍സിങ്ങിന് എതിരായ പരാമര്‍ശത്തില്‍ മാറ്റംവരുത്താന്‍ വഹന്‍വതി സിബിഐക്ക് നിര്‍ദേശം നല്‍കിയത് ഈ യോഗത്തില്‍ വച്ചാണ്.
എന്നാല്‍, കോടതിയില്‍ വഹന്‍വതി മലക്കംമറിഞ്ഞു. റിപ്പോര്‍ട്ട് രാഷ്ട്രീയ മേലാളന്മാരുമായി പങ്കുവച്ചില്ലെന്ന് ഉറപ്പുനല്‍കണമെന്ന് സുപ്രീംകോടതി മാര്‍ച്ച് 12ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്. കേന്ദ്രം റിപ്പോര്‍ട്ടില്‍ ഇടപെട്ടിട്ടില്ലെന്ന് കൂസലില്ലാതെ വഹന്‍വതി മറുപടി നല്‍കി. വഹന്‍വതിയുടെ നിലപാടു തന്നെ പ്രതിസന്ധിയിലാക്കിയതായി ഹരിന്‍ പി റാവല്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പങ്കുവച്ചിട്ടില്ലെന്ന് കോടതിയോട് നുണ പറയാന്‍ ഇതുവഴി താന്‍ നിര്‍ബന്ധിക്കപ്പെട്ടതായും റാവല്‍ വെളിപ്പെടുത്തി. റിപ്പോര്‍ട്ട് പങ്കുവച്ചെന്ന് കഴിഞ്ഞ ആഴ്ച സിബിഐ സുപ്രീംകോടതിയില്‍ സമ്മതിച്ചപ്പോഴും കൈകഴുകാനായിരുന്നു വഹന്‍വതിയുടെ ശ്രമം. റിപ്പോര്‍ട്ടിന്റെ കോപ്പി താന്‍ കണ്ടിട്ടില്ലെന്നും അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വഹന്‍വതി പറഞ്ഞു. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി വഹന്‍വതി കാണുക മാത്രമല്ല തിരുത്തുക കൂടി ചെയ്തെന്ന് ഇപ്പോള്‍ വ്യക്തം. കോടതിയലക്ഷ്യം നേരിടാവുന്ന കുറ്റമാണ് ഇത്. 2009ല്‍ അറ്റോര്‍ണി ജനറലായി നിയമിതനായ വഹന്‍വതിയുടെ കാലാവധി കഴിഞ്ഞവര്‍ഷം അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടിക്കൊടുത്തു. കുംഭകോണങ്ങളില്‍ മുങ്ങുന്ന കേന്ദ്രം ഭാവിയിലേക്കുള്ള കരുതലെന്ന നിലയ്ക്കാണ് കാലാവധി നീട്ടിയത്. 2ജി സ്പെക്ട്രം കേസിലും വഹന്‍വതിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.
നാണക്കേടില്‍ കടിച്ചുതൂങ്ങി
ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ മെയ് എട്ടിന്റെ സുപ്രിംകോടതി പരാമര്‍ശം യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കും. അഴിമതിയില്‍ മുങ്ങിത്താഴ്ന്ന സര്‍ക്കാരിനെ ഘടകകക്ഷികളും കൈവിടുമെന്ന അവസ്ഥയാണ്. ദുര്‍ബലമായ സര്‍ക്കാര്‍ ഏതുനിമിഷവും വീഴുമെന്ന എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന്റെ പരാമര്‍ശം ഇത് ശരിവയ്ക്കുന്നു. തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാകണമെന്ന് മുംബൈയില്‍ എന്‍സിപി പ്രവര്‍ത്തകയോഗത്തില്‍ അദ്ദേഹം നിര്‍ദേശം നല്‍കി.
2012 ഒക്ടോബറില്‍ തൃണമൂലും പിന്നാലെ ഡിഎംകെയും യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ കേന്ദ്രസര്‍ക്കാരിന് തുടരാനാകാത്ത സ്ഥിതിയുണ്ടായി. സമാജ്വാദി പാര്‍ടിയുടെയും ബിഎസ്പിയുടെയും കനിവിലാണ് സര്‍ക്കാരിന്റെ നിലനില്‍പ്പ്. നിലവിലെ സംഭവവികാസങ്ങള്‍ സമാജ്വാദിയിലും പുനര്‍വിചിന്തനത്തിന് വഴിയൊരുക്കിയിട്ടുണ്ട്. റെയില്‍ക്കോഴ വിവാദത്തില്‍ ബന്‍സല്‍ രാജിവയ്ക്കണമെന്ന അഭിപ്രായം സമാജ്വാദി പാര്‍ടി ഉന്നയിച്ചുകഴിഞ്ഞു. സുപ്രിംകോടതി പരാമര്‍ശം വന്നാല്‍ എന്‍സിപിയടക്കമുള്ള ഘടകകക്ഷികളും മാറിചിന്തിക്കുമെന്നാണ് സൂചന. മെയ് പത്തിനകം നിര്‍ണായക തീരുമാനമെടുക്കേണ്ടിവരുമെന്നും പവാര്‍ പറഞ്ഞിട്ടുണ്ട്.
2ജി അഴിമതി, കല്‍ക്കരി കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ടട്രാ ട്രക്ക്, ഹെലികോപ്ടര്‍ അഴിമതി റെയില്‍ക്കോഴ എന്നിവയില്‍ യുപിഎ സര്‍ക്കാര്‍ നിറംകെട്ടു. അഴിമതിക്കേസുകളുടെ അന്വേഷണത്തില്‍ കുറ്റവാളികളായ ഉന്നതരെ രക്ഷപ്പെടുത്താനും പ്രധാനമന്ത്രി കാര്യാലയം ഇടപെട്ടെന്ന ഗുരുതരമായ വസ്തുതയാണ് പുറത്തുവന്നത്. എന്നിട്ടും ലജ്ജയില്ലാതെ അധികാരത്തില്‍ തുടരുകയാണ് കോണ്‍ഗ്രസ്. കല്‍ക്കരി കുംഭകോണം സംബന്ധിച്ച സിബിഐ അന്വേഷണത്തില്‍ ഇടപെടുകയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിരുത്തുകയും ചെയ്തെന്ന സംഭവത്തില്‍ പ്രധാന പങ്കുവഹിച്ച കേന്ദ്ര നിയമമന്ത്രി അശ്വനികുമാറിനെ പ്രധാനമന്ത്രി സംരക്ഷിച്ചുനിര്‍ത്തുന്നത് തന്റെ കൂടി സുരക്ഷയെ കരുതിയാണ്. അമേരിക്കയും ലോകബാങ്കും നിര്‍ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണ നടപടികളില്‍ ചിലത് പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്നാണ് പ്രധാനമന്ത്രി കരുതുന്നത്. എന്നാല്‍, രാഷ്ട്രീയമായും ധാര്‍മികമായും ദുര്‍ബലമായിരിക്കയാണ് യുപിഎ സംവിധാനവും യുപിഎ സര്‍ക്കാരും.
(വി ജയിന്‍)
deshabhimani 070513
No comments:
Post a Comment