Friday, March 21, 2014

200 കോടിയുടെ റെയില്‍വേ വികസനം എവിടെ

തിരുവല്ല: എംപിയും മേമ്പൊടിക്ക് രാജ്യസഭാ ഉപാധ്യക്ഷനുമുണ്ടായിരുന്നു. ഇരുവര്‍ക്കും പാര്‍ലമെന്റിലും കോണ്‍ഗ്രസ് ഉന്നതാധികാര സമിതികളിലും അതിഭയങ്കര പിടിപാടുകളും. പക്ഷേ, കൊട്ടിഘോഷിച്ച റെയില്‍വേയുടെ വികസനം മാത്രം കണ്ടില്ല. 200 കോടിയുടെ റെയില്‍വേ വികസനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് എംപി ആന്റോ ആന്റണി പത്തനംതിട്ട ജില്ലയൊട്ടാകെ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ മാത്രമാണ് കണ്ടത്. ജില്ലയിലെ റെയില്‍വേ വികസനം അട്ടിമറിക്കപ്പെടുമ്പോഴും ജനപ്രതിനിധി എന്നനിലയില്‍ ആന്റോ ആന്റണിക്കും രാജ്യസഭ ഉപാധ്യക്ഷനായ പി ജെ കുര്യനും കേന്ദ്രഭരണത്തില്‍ ഇടപെട്ട് ജില്ലയിലെ റെയില്‍വേ വികസനം നേടിയെടുക്കാന്‍ കഴിഞ്ഞില്ല. ജനകീയ സമരങ്ങളെയെല്ലാം എംപിയും റെയില്‍വേ അധികൃതരും അവഗണിച്ചു.

ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയിലെ വികസനമെല്ലാം ചുവപ്പുനാടയില്‍ കുടുങ്ങികിടക്കുകയാണ്. മുഴുവന്‍ തീവണ്ടികള്‍ക്കും സ്റ്റോപ്പ്, ശബരി റെയില്‍പാത, പാത ഇരട്ടിപ്പിക്കല്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങി ജനങ്ങള്‍ക്കാവശ്യമായ വികസനപ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. മണ്ഡലത്തില്‍ ഉടനീളം ഉയര്‍ത്തിയ ഫ്ളക്സ് ബോര്‍ഡുകളല്ലാതെ എംപി ഒന്നും ചെയ്തില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ശബരിമല, മാരാമണ്‍, മഞ്ഞിനിക്കര, ചെറുകോല്‍പ്പുഴ, പിആര്‍ഡിഎസ്, പരുമലപള്ളി, എടത്വ പള്ളി, ചക്കുളത്തുകാവ് തുടങ്ങി പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് എത്തുന്നവര്‍ക്ക് തിരുവല്ല സ്റ്റേഷനാണ് അഭയം. പക്ഷേ, ഇന്നും പ്രധാനപ്പെട്ട എട്ട് തീവണ്ടികള്‍ നിര്‍ത്താതെ പാഞ്ഞുപോകുന്നത് കാണാന്‍ മാത്രമാണ് തിരുവല്ലക്കാര്‍ക്ക് വിധി.

കൊച്ചുവേളി- യശ്വന്ത്പൂര്‍ ഹുബ്ലി എക്സ്പ്രസ് (വ്യാഴം), കൊച്ചുവേളി- ഡെറാഡൂണ്‍ (വെള്ളി), കന്യാകുമാരി- ദിബ്രുഗര്‍ വിവേക് എക്സ്പ്രസ് (ശനി), തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (ശനി), കൊച്ചുവേളി- യശ്വന്ത്പൂര്‍ എക്സ്പ്രസ് (വെള്ളി), കൊച്ചുവേളി- ഭാവ്നഗര്‍ എക്സ്പ്രസ് (വ്യാഴം), കൊച്ചുവേളി- യശ്വന്ത്പൂര്‍ ഗരീബ്രഥ്, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി തുടങ്ങിയ തീവണ്ടികള്‍ക്കാണ് തിരുവല്ലയില്‍ സ്റ്റോപ്പില്ലാത്തത്.

ബി ക്ലാസ് സ്റ്റേഷനായ മാവേലിക്കരയില്‍ നിര്‍ത്തുന്ന തീവണ്ടികള്‍ക്കുപോലും മാതൃകാ സ്റ്റേഷനുകളുടെ പട്ടികയില്‍പ്പെട്ട തിരുവല്ലയില്‍ സ്റ്റോപ്പില്ല. പ്ലാറ്റ്ഫോമുകളില്‍ ഏറിയഭാഗത്തും മേല്‍ക്കൂരയില്ല. മഴയും മഞ്ഞും വെയിലുമേറ്റാണ് യാത്രക്കാര്‍ ഇവിടെ കാത്തുനില്‍ക്കുന്നത്. പ്രതിദിനം ടിക്കറ്റിനത്തില്‍ നാലരലക്ഷം രൂപയാണ് തിരുവല്ലയിലെ വരുമാനം. കുട്ടനാട്, മാന്നാര്‍, തിരുവല്ലയോട് ചേര്‍ന്ന ചങ്ങനാശേരി താലൂക്കിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ ആശ്രയിക്കുന്നത് തിരുവല്ലയെയാണ്. ഇന്‍ഫമേഷന്‍ സെന്റര്‍ ഉണ്ടായിരുന്നത് അടച്ചുപൂട്ടി. തീര്‍ഥാടകര്‍ക്കായി രണ്ടുവര്‍ഷം മുമ്പ് സ്റ്റേഷന് മുന്നില്‍ തുടങ്ങിയ പില്‍ഗ്രിം സെന്ററും അടഞ്ഞുകിടക്കുകയാണ്. സമീപത്തുണ്ടായിരുന്ന എസ്ബിടിയുടെ എടിഎം കൗണ്ടര്‍ പൊളിച്ചുകൊണ്ടുപോയി. പണം നല്‍കി വാഹനം പാര്‍ക്ക് ചെയ്യുന്നിടത്തും മേല്‍ക്കൂരയില്ല.

ചെങ്ങന്നൂര്‍ മുതല്‍ ചങ്ങനാശേരി വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണ്. അശാസ്ത്രീയമായ നിര്‍മാണത്തെ തുടര്‍ന്ന് തിരുവല്ല മുനിസിപ്പല്‍ അതിര്‍ത്തിയില്‍പ്പെട്ട ഇരുവെള്ളിപ്രയില്‍ മണ്ണിട്ട ഭാഗം അടുത്തിടെ ഇടിഞ്ഞുതാണു. നിലവിലുള്ള റെയില്‍വേ പാതയ്ക്കും തകരാറുണ്ടായി. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തീപ്പനിയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിച്ചത് വീതികുറഞ്ഞനിലയിലാണ്. തിരുവല്ല- കുമ്പഴ റോഡില്‍ വീതികൂട്ടലും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളും ജനങ്ങളും ചൂണ്ടിക്കാട്ടിയിട്ടും മേല്‍പ്പാലം വീതികൂട്ടി നിര്‍മിക്കാന്‍ റെയില്‍വേ തയാറായില്ല. റോഡിന്റെ വികസനംതന്നെ മുടക്കുന്നനിലയിലാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ റോഡിന് 15 ലക്ഷം രൂപ അനുവദിച്ചുവെന്ന പ്രഖ്യാപനവും ജലരേഖയാണ്്. റെയില്‍വേസ്റ്റേഷന്‍ റോഡ് വീതികൂട്ടാതെ ഇന്നും തകര്‍ന്നുകിടക്കുന്നു.

ടി എ റെജികുമാര്‍

No comments:

Post a Comment