ജോലിയില്‍ അര്‍പ്പണഭാവം, ജീവിതത്തിലാകെ ചിട്ട, ലാളിത്യം തുടങ്ങിയ സദ്ഗുണങ്ങള്‍ മാത്യു ടി തോമസില്‍ വേരുറച്ചത് പുരോഹിതനായി അരനൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച അച്ഛന്റെയും ഹൈസ്കൂള്‍ അധ്യാപികയായ അമ്മയുടെയും ശിക്ഷണമാകണം. മാത്യു ടിയുടെ രാഷ്ട്രീയാഭിനിവേശം വരെ അച്ഛന്റെ പൗരോഹിത്യവുമായി ചേര്‍ന്നു നില്‍ക്കുന്നു. 1975 ലെ അടിയന്തരാവസ്ഥയ്ക്കെതിരെ യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപോലീത്താ ശക്തമായ നിലപാടിലായിരുന്നു. അടിയന്തരാവസ്ഥയെ എതിര്‍ത്ത് അദ്ദേഹം ഇന്ദിരാഗാന്ധിക്ക് ശക്തമായ ഭാഷയില്‍ കത്തെഴുതിയിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ ആസ്ഥാനത്തിനടുത്തുള്ള പള്ളിയിലായിരുന്നു മാത്യു ടിയുടെ അച്ഛന്‍ വൈദികനായി പ്രവര്‍ത്തിച്ചത്. അവിടെ പതിവായി വിദ്യാര്‍ഥിയായ മാത്യു ടി ചെല്ലുമായിരുന്നു. അക്കൂട്ടത്തില്‍ തിരുമേനിയുടെ കത്തിനെക്കുറിച്ച് അറിഞ്ഞു. അതിനെപ്പറ്റിയുള്ള ചര്‍ച്ച കേള്‍ക്കുമായിരുന്നു. "ആ വിവരങ്ങള്‍ കുറച്ചൊന്നുമല്ല എന്നില്‍ ആവേശം ഉയര്‍ത്തിയത്; എന്നിലെ രാഷ്ട്രീയം അങ്ങനെ രൂപപ്പെട്ടു ജ്വലിച്ചതാണ്" അദ്ദേഹം പറഞ്ഞു. 1977 ല്‍ വിദ്യാര്‍ഥി ജനതയില്‍ ചേര്‍ന്നു. ജനതാദളിലേക്കുള്ള വരവ് അങ്ങനെ. 1987ല്‍ തിരുവല്ലയില്‍നിന്ന് നിയമസഭയിലേക്ക്. അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ. തിരുവല്ലയിലെ നിയമസഭാഗമെന്ന നിലയിലെ സജീവതയില്‍നിന്ന് കോട്ടയത്തെ സ്ഥാനാര്‍ഥിയായി എത്തുമ്പോഴും മാത്യു ടി തോമസിന്റെ ശൈലിയില്‍ മാറ്റമില്ല.
മൂന്നു പതിറ്റാണ്ടോളമായി രാവിലെ ആറിന് തന്നെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങും. നിലപാടുകളിലെ കാര്‍ക്കശ്യത്തിനും അയവില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന് മൂന്നു ദിവസം കൊണ്ട് കോട്ടയം പാര്‍ലമെണ്ട് മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരുടെ മനസ്സുമായി സംവദിച്ചെന്ന ആത്മവിശ്വാസം ആ മുഖത്ത് കാണാം. ഗതാഗത മന്ത്രിയെന്ന നിലയില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനവും ചെലവും തമ്മിലുള്ള അകലം ഏറ്റവും കുറച്ച മന്ത്രിയുടെ ഭരണ നൈപുണ്യവും നാടിനോടുള്ള സ്നേഹം രാഷ്ട്രീയ കക്ഷിഭേദമില്ലാതെ എല്ലാവരും തിരിച്ചറിയുന്നുണ്ട്..എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞ "മലയാള മനോരമ" പോലും മുഖപ്രസംഗത്തിലൂടെ അക്കാലത്ത് മാത്യു ടി തോമസിനെ പ്രകീര്‍ത്തിച്ചു. കമീഷന്‍കാരെ പുറത്ത് നിര്‍ത്തി കോര്‍പറേഷനുണ്ടാക്കിയ അധികവരുമാനത്തെ കുറിച്ചായിരുന്നു മുഖപ്രസംഗം. എതിരാളികളൂടെ പോലും പ്രശംസ പിടിച്ചുവാങ്ങുന്ന പൊതുപ്രവര്‍ത്തന ശൈലിയെക്കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം പറയും ""ജനപ്രതിനിധിയെന്നതും അതിലൂടെയുള്ള അധികാരവും ജനങ്ങളുടെ സേവനത്തിനാകണം. ഭംഗിവാക്കായി ഇത് എല്ലാവരും പറയാറുണ്ട്. എന്നാല്‍ പ്രവര്‍ത്തിയുടെ സുതാര്യത കൊണ്ട് തര്‍ക്കങ്ങളില്ലാതെ അക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകണം. കൂടുതല്‍ നഷ്ടപ്പെടുത്താനുള്ള വിശാലതയും കൈമുതലാക്കണം. ചുരുക്കം ആളുകള്‍ക്കെ ഈ സ്ഥാനങ്ങള്‍ കിട്ടൂ. ഇതല്ലാതെ നിസ്വാര്‍ഥമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളിലും മറ്റ് സംഘടനകളിലും ഉണ്ട്. അവരെ നമ്മുടെ കല്‍പ്പിതമായ അധികാരങ്ങള്‍ക്ക് മുകളിലുള്ളവരായി നമുക്ക് കാണാനാകണം"". വീട്ടിലെത്തി ഉറങ്ങുമ്പോഴെക്കും. നന്നെ വൈകും "പുലര്‍ച്ചെ അഞ്ചിന് വീട്ടിലെത്തുന്നവരുണ്ടാകാം; ഫോണില്‍വിളിക്കുന്നവരും. ആരോടും മുഷിച്ചില്‍ ഇല്ല. ""ജീവിത പ്രശ്നങ്ങളുമായാണ് ജനങ്ങള്‍ സമീപിക്കുന്നത്. എന്നാല്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് നമ്മുടെ അധികാരത്തെ ഉപയോഗിക്കാനായി എത്തിയാല്‍ കര്‍ക്കശമായി കാണും"" എങ്ങനെയാണ് ജനതാദളിലെത്തിതെന്നതിന്റെ ആശയപരമായ മറുപടി ഇങ്ങനെ: ""വിശ്വാസിക്ക് പ്രപഞ്ചത്തിലുള്ള എല്ലാത്തിന്റെയും സൃഷ്ടാവാണ് ദൈവം. അങ്ങനെ ദൈവം സൃഷ്ടിച്ച മനുഷ്യര്‍ക്കും സമ്പത്തിന്റെയും നീതിയുടെയും വിതരണവും തുല്യമായി അര്‍ഹതപ്പെട്ടതാണ്. എല്ലാവര്‍ക്കും അത് കിട്ടണം. അങ്ങനെയാകുമ്പോള്‍ നല്ല വിശ്വാസിക്ക് ഇതിനായി പൊരുതുന്ന ഇടതുപക്ഷ ആശയങ്ങളോട് മാത്രമെ താദാമ്യം പ്രാപിക്കാനാവൂ"
എസ് മനോജ്
ജനവിരുദ്ധ നയങ്ങളുടെ വിലയിരുത്തലാകും: മാത്യു ടി തോമസ്
പാലാ: ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ജനങ്ങളുടെ വിലയിരുത്തലാകും വരുന്ന തെരഞ്ഞെടുപ്പെന്ന് കോട്ടയം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയുകയും ഉപഭോഗ വസ്തുക്കള്‍ക്ക് വില കൂടുകയും ചെയ്യുന്ന വിരോധാഭാസമാണ് രാജ്യത്ത്. കാര്‍ഷിക മേഖലയെ പാടേ തകര്‍ക്കുകയാണെന്നും ഇതിന് പരിഹാരമായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുകയാണ് താനുള്‍പ്പെടുന്ന ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും മാത്യു ടി തോമസ് പറഞ്ഞു. റബര്‍ വിലയിടിവ്, ഇറക്കുമതിമൂലം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുണ്ടാകുന്ന വിലയിടിവ്, അവശ്യവസ്തുക്കളുടെ വന്‍ വിലവര്‍ധന, കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കി കര്‍ഷകരെ കുടിയിറക്കാനുള്ള തീരുമാനം ഇവയെല്ലാം യുപിഎ സര്‍കാരിന്റെ പരാജയത്തിന്റെ നേര്‍ക്കാഴ്ചകളാണ്.
പൊതു- സ്വകാര്യ മേഖലകളിലെല്ലാം പ്രതിസന്ധിയുടെ കൊടുങ്കാറ്റ് ആഞ്ഞുവീശുകയാണ്. സാമ്പത്തികമേഖല പാടെ തകര്‍ന്നിരിക്കയാണ്. ഇതിന്റെ ഫലമായി തൊഴില്‍ സംരഭങ്ങള്‍ ഇല്ലാതായതോടൊപ്പം നിലവിലുള്ള തൊഴില്‍ മേഖലകളും തകര്‍ക്കപ്പെട്ടു. ഇവയ്ക്കെല്ലാം മാറ്റം വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനുള്ള വിധിയെഴുത്താണ് ലോക്സഭാ തെരഞ്ഞെടുപ്പ്. കേരളത്തിലെ ബജറ്റ് സാധാരണക്കാര്‍ക്ക് അനുയോജ്യമല്ല. പൊതുമരാമത്തിന്റെ കുടിശ്ശിക 2000 കോടിയിലേറെയായി. ഇത് നിര്‍മാണ, വികസന മേഖലയിലെ പ്രതിസന്ധിക്കും സ്തംഭനാവസ്ഥയ്ക്കും കാരണമായി. കേന്ദ്ര-സംസ്ഥാന ഭരണത്തില്‍ അഴിമതി വ്യാപകമായി. സാധാരണക്കാര്‍ക്ക് ജീവിതസാഹചര്യം ഒരുക്കി നല്‍കുന്ന ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ പൂര്‍ണവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി സംസ്ഥാന ട്രഷറര്‍ മാണി സി കാപ്പന്‍, സിപിഐ എം ഏരിയ സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജ്, സിപിഐ നേതാവ് ബാബു കെ ജോര്‍ജ്, കെ എസ് രമേശ് ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani
No comments:
Post a Comment