Thursday, March 6, 2014

ആനുകൂല്യങ്ങള്‍ പരസ്യത്തില്‍ മാത്രം ആദിവാസികളെ വഞ്ചിക്കുന്നു

പാലക്കാട്: പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി "മുന്നോട്ടെന്ന്" സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം കണ്ട് അന്ധാളിക്കുകയാണ് അട്ടപ്പാടിയിലേയും പറമ്പിക്കുളത്തേയും ആദിവാസികള്‍. സ്കോളര്‍ഷിപ്പിനും ലംപ്സം ഗ്രാന്റിനും പേരുനല്‍കി ലഭിക്കാത്ത നിരവധിപേരാണ് പരസ്യം കണ്ട് ആശങ്കയിലായത്.

അധ്യയനവര്‍ഷം തുടങ്ങി രണ്ട് മാസത്തിനകം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്നാണ് ചട്ടം. അധ്യയന വര്‍ഷം അവസാനിക്കാറാകുമ്പോഴും മിക്കയിടത്തും ലിസ്റ്റ് ശേഖരണം മാത്രമാണ് നടന്നത്. സ്ഥാപനമേധാവികള്‍ വിവരങ്ങള്‍ കൃത്യമായി നല്‍കാത്തതിനാലാണ് ആനുകൂല്യവിതരണം തടസ്സപ്പെടുന്നതെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. ചിലയിടങ്ങളില്‍ ഒരുവര്‍ഷത്തെ ലിസ്റ്റ് ഒരുമിച്ച് നല്‍കുന്നതും കാലതാമസത്തിനിടയാക്കുന്നതായി ഇവര്‍ പറയുന്നു. 9, 10 ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ലംപ്സം ഗ്രാന്റ് വിതരണത്തിന്റെ ഡാറ്റാ എന്‍ട്രി മാത്രമാണ് ഈ വര്‍ഷം പൂര്‍ത്തിയായത്. ഇവ വിദ്യാര്‍ഥികളിലേക്കെത്താന്‍ ഇനിയും ഏറെ കാലതാമസമെടുക്കും.

അട്ടപ്പാടി ബ്ലോക്കിലെ മൂന്ന് പഞ്ചായത്തുകളില്‍ "കൈത്താങ്ങ്" പദ്ധതിയുടെ തുക നല്‍കിയിട്ടില്ല. അശരണരായ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിന് രക്ഷിതാക്കള്‍ക്കും അനാഥര്‍ക്കും മാസം 1000 രൂപ നല്‍കുന്ന പദ്ധതിയാണിത്. 12 പേരാണ് മേഖലയില്‍നിന്ന് അപേക്ഷിച്ചത്. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യത്തിനുള്ള "ഗോത്രസാരഥി" പദ്ധതി പാലക്കാട് പട്ടികവര്‍ഗ ഓഫീസിന് കീഴിലെ 16 സ്കൂളുകളില്‍ മാത്രമാണ് നടക്കുന്നത്. അഗളിയില്‍ ടൗണ്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.

അഗളിയിലെ ഉള്‍പ്രദേശങ്ങളായ മൂലഗങ്കല്‍, മേലേമുള്ളി ഊര്, മൂലക്കൊമ്പ് എന്നിവിടങ്ങളിലേക്ക് യാത്രാസൗകര്യം ഇപ്പോഴുമില്ല. കാട്ടുമൃഗങ്ങള്‍ ഏറെയുള്ള ഈ പ്രദേശത്തുകൂടെ നടന്നുവേണം വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താന്‍. പദ്ധതിക്കായി അഞ്ചുലക്ഷം രൂപ അനുവദിച്ചതില്‍ വിനിയോഗിച്ചത് 2,89,500 രൂപ മാത്രം. "ആശിക്കുന്ന ഭൂമി ആദിവാസികള്‍ക്ക് സ്വന്ത"മെന്ന വാര്‍ത്ത പോലും അട്ടപ്പാടിക്കാര്‍ അറിയുന്നത് പത്രപ്പരസ്യം വന്നപ്പോഴാണ്. ഭൂരഹിതര്‍ക്ക് 25 സെന്റില്‍ കുറയാതെ ഒരേക്കര്‍ വരെ ഭൂമി വാങ്ങാന്‍ 10 ലക്ഷം രൂപവരെ ധനസഹായം നല്‍കുമെന്നാണ് വാഗ്ദാനം. ഒരു വര്‍ഷംകൊണ്ട് 4,000 പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരം നല്‍കുമെന്ന് പ്രഖ്യാപിച്ച ഗോത്രജ്യോതി പദ്ധതിയില്‍ മെയ് മാസത്തില്‍ ക്യാമ്പ് നടത്തി വിവരങ്ങള്‍ നല്‍കിയെങ്കിലും തുടര്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല.

ജിഷ

അട്ടപ്പാടി പാക്കേജിന് അകാലചരമം

അഗളി (പാലക്കാട്): കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പാക്കേജുകള്‍ കൊട്ടിഘോഷിക്കുമ്പോഴും അട്ടപ്പാടിയില്‍ പട്ടിണിമൂലം കുരുന്നുകള്‍ പിടഞ്ഞുവീഴുന്നു. പാലൂര്‍ ഊരിലെ ഈശ്വരന്‍-ശെല്‍വി ദമ്പതികളുടെ രണ്ടുമാസം പ്രായമായ ആണ്‍കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചതോടെ രണ്ടു വര്‍ഷത്തിനിടെ പോഷകാഹാരക്കുറവുമൂലം മരിച്ച കുട്ടികളുടെ എണ്ണം 65 ആയി. അട്ടപ്പാടിക്കു പ്രഖ്യാപിച്ച എല്ലാ പാക്കേജും അപ്പാടെ പാളി. വകുപ്പുകള്‍ ഏകോപനമില്ലാതെ കുത്തഴിഞ്ഞ നിലയില്‍. ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരില്ല, ജീവനക്കാരുമില്ല. ആദിവാസികള്‍ തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ചികിത്സ തേടുന്നത്. സ്കാനിങ്, എക്സ്റേ തുടങ്ങിയ ചെറിയ പരിശോധനകള്‍ക്കുപോലും പുറത്തുപോകണം. ഈ അവസ്ഥ മാറ്റാന്‍ പാക്കേജിന് സാധിച്ചിട്ടില്ല.

2013 ജൂണ്‍ ആറിനാണ് കേന്ദ്രമന്ത്രി ജയറാം രമേശ് 112 കോടി രൂപയുടെ അട്ടപ്പാടി പാക്കേജ് പ്രഖ്യാപിച്ചത്. ആദിവാസികള്‍ സ്വന്തം ഭൂമിയില്‍ നടത്തുന്ന കൃഷിപ്പണി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിന് 50കോടി നല്‍കും. സ്ത്രീശാക്തീകരണത്തിന് 50 കോടി, ആദിവാസികള്‍ക്ക് വീടുവയ്ക്കാന്‍ 12 കോടി, 500 യുവാക്കള്‍ക്ക് പരിശീലനം നല്‍കി നഗരങ്ങളില്‍ തൊഴില്‍ നല്‍കുക, മൂന്ന് പഞ്ചായത്തിലായി 65 കിലോമീറ്റര്‍ റോഡ്, പ്രത്യേക കുടിവെള്ളപദ്ധതി എന്നിങ്ങനെയാണ് പാക്കേജായി പ്രഖ്യാപിച്ചത്. എന്നാല്‍ ഒമ്പതുമാസമായിട്ടും പ്രഖ്യാപനം കടലാസില്‍ മാത്രം. പാക്കേജിന്റെ പേരില്‍ കുറേ ഉദ്യോഗസ്ഥര്‍ ഊരുചുറ്റുന്നതൊഴിച്ചാല്‍ മറ്റൊന്നും നടക്കുന്നില്ല. പുനരധിവാസത്തിന്റെ ഭാഗമായി വിദഗ്ധപരിശീലനം ലഭിക്കേണ്ട യുവാക്കളില്‍ ഒരു ചെറിയ വിഭാഗം കൂലപ്പണിക്കും ആദിവാസിസ്ത്രീകള്‍ കോയമ്പത്തൂരിലെ ഇഷ്ടികക്കളങ്ങളില്‍ ജോലിക്കും പോകുന്നു. ഭൂരിഭാഗം പേരും തൊഴിലില്ലാത്ത അവസ്ഥയില്‍ തന്നെ തുടരുന്നു.

അട്ടപ്പാടിയിലെ പോഷകാഹാരക്കുറവിന് പ്രധാന കാരണം തൊഴിലില്ലായ്മയും ജലക്ഷാമവുമാണ്. എന്നാല്‍, പാക്കേജ്കൊണ്ട് ഇതു രണ്ടിനും പരിഹാരം കണ്ടെത്താനായില്ല. പാലൂര്‍ ഊരില്‍ 160 വീടുണ്ട്. ഇവയെല്ലാം ഇടിഞ്ഞുവീഴാറായി. കുടിവെള്ളത്തിന് കിലോമീറ്ററുകള്‍ താണ്ടണം. ഈ അവസ്ഥ തന്നെയാണ് അട്ടപ്പാടിയിലെ 16 ഊരിലും. 2013 ജനുവരിയില്‍ കുമാര്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ പ്രസവത്തോടെ മരിച്ചതോടെയാണ് അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ മരിക്കുന്ന സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് എം ബി രാജേഷ് എംപി അട്ടപ്പാടി സന്ദര്‍ശിക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് കേന്ദ്രമന്ത്രി ജയറാം രമേശ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവരും അട്ടപ്പാടി സന്ദര്‍ശിക്കുകയും പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തത്.

പി എസ് പത്മദാസ്

deshabhimani

No comments:

Post a Comment