Friday, March 21, 2014

അഡ്വ. ജോയ്സ് ജോര്‍ജ് ഹൈറേഞ്ച് സംരക്ഷണസമിതി പിന്തുണയുള്ള എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി: എം എം മണി

തൂക്കുപാലം: ഹൈറേഞ്ച് സംരക്ഷണസമിതി പിന്തുണയുള്ള എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് അഡ്വ. ജോയ്സ് ജോര്‍ജ് എന്നും എന്ത് തെറ്റിദ്ധാരണ പ്രചരിപ്പിച്ചാലും എല്‍ഡിഎഫ് വിജയം ഉറപ്പാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു. തുക്കുപാലത്ത് എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനും അനീഷ് രാജന്‍ രക്തസാക്ഷി ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എം മണി.

എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ആക്ഷേപം പറയുന്നവര്‍ക്ക് കേരളത്തിന്റെ ചരിത്രം അറിയില്ല. 1957ല്‍ വി ആര്‍ കൃഷ്ണയ്യരെയും മുണ്ടശേരിയേയും പോലെയുള്ള പ്രമുഖരെ മത്സരിപ്പിച്ച് വിജയിപ്പിച്ച് മന്ത്രിമാരാക്കിയ ചരിത്രമാണ് എല്‍ഡിഎഫിനുള്ളത്. ടി കെ ഹംസയും ലോനപ്പന്‍ നമ്പാടനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പ്രമുഖ സ്ഥാനങ്ങള്‍ അലങ്കരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പാരമ്പര്യമോ അംഗത്വമോ ഇല്ലാത്തവരെ സ്ഥാനാര്‍ഥിയാക്കി ഉന്നതങ്ങളില്‍ എത്തിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ലോകബാങ്ക് പ്രതിനിധിയായ മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കുകയും രാജീവ് ഗാന്ധിയെ പോലും അപഹസിച്ച് പുസ്തകമെഴുതിയ ശശി തരൂരിനെ മന്ത്രിയാക്കുകയും ചെയ്ത അപഹാസ്യ ചരിത്രമാണ്. കോണ്‍ഗ്രസിനുള്ളത്. അഴിമതിക്കാര്‍ക്കും കള്ളന്മാര്‍ക്കും മുഖ്യമന്ത്രി സംരക്ഷണം നല്‍കുകയാണ്. കേരളത്തിന്റെ വികസന മാതൃക അപ്പാടെ തകര്‍ത്തു. ക്ഷേമ പദ്ധതികളും പൊതുവിതരണ സമ്പ്രദായവും താറുമാറാക്കി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് മൂലം ദുരിതത്തിലായ കാര്‍ഷകരുടെ സഹായത്തിന് നടപടിയില്ല. ഏറെ പ്രതീക്ഷിച്ച ഇടുക്കി പാക്കേജും അട്ടിമറിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മൂലം ഭീതിയിലായ മലയോരജനതയെ രക്ഷിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാനായില്ല. മലയോര ജനതയൂടെ ഭീതിയകറ്റാനും അവകാശങ്ങള്‍ നേടിയെടുക്കാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്നും എം എം മണി പറഞ്ഞു.

തെരഞ്ഞെടുപ്പ് മലയോര ജനതയുടെ വിധിയെഴുത്ത്: അഡ്വ. ജോയ്സ് ജോര്‍ജ്

അടിമാലി: സ്വന്തം കിടപ്പാടംപോലും അന്യവല്‍ക്കരിക്കപ്പെടുന്ന കര്‍ഷകരുടെയും കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും പ്രതീകമായാണ് മത്സരിക്കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് പറഞ്ഞു. ദേവികുളം, ഉടുമ്പന്‍ചോല എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോരജനതയെ വഞ്ചിച്ചവര്‍ക്കെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ്. മലയോര ജനങ്ങള്‍ വലിയോരു സമരരംഗത്താണ്. തലമുറകളായി ജീവിക്കുന്ന കര്‍ഷരെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ വലിയ ചെറുത്ത്നില്‍പ്പ് സംഘടിപ്പിക്കേണ്ടതുണ്ട്. സിപിഐ എം പുറത്തിറക്കിയ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ളകാര്യങ്ങള്‍ വിശ്വസനീയമാണ്. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്ത് എല്‍ഡിഎഫും ഹൈറേഞ്ച് സംരക്ഷണസമിതിയും യോജിച്ച തീരുമാനത്തിന്റെ ഭാഗമാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക വഴി നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അന്തര്‍ദേശീയ താത്പര്യം സംരക്ഷിക്കാനാണിത്. കേന്ദ്ര പരിസ്ഥിതി മന്ത്രിയൊ - മന്ത്രാലയമോ ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുവാന്‍ തയ്യാറായില്ല. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നേടിയെടുക്കുവാന്‍ കോണ്‍ഗ്രസിനോ യുഡിഎഫ് മന്ത്രിമാര്‍ക്കോ കഴിഞ്ഞട്ടില്ല. ആശങ്കയില്ല എന്ന് പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചത്. എല്‍ഡിഎഫും ഹൈറേഞ്ച് സംരക്ഷണ സമിതിയുമാണ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ജനപ്രതിനിധിയെന്നത് അവകാശമായി കാണില്ല. സാധാരണക്കാരുടെ ദാനമാണ്. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തും. അല്ലെങ്കില്‍ നിങ്ങളോടൊപ്പം സമരരംഗത്തുണ്ടാവുംഏറെക്കാലമായി ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭത്തിലാണ്.

കാര്‍ഷിക മേഖല പ്രതിസന്ധി നേരിടുകയാണ്. റബറിന്റെ വില കുത്തനെ ഇടിഞ്ഞു. ഇടുക്കി പക്കേജ് നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് എംപിയും കോണ്‍ഗ്രസും വരുത്തിയിട്ടുള്ളത്. തദേശസ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പദ്ധതികള്‍ പാക്കേജിന്റെ ഭാഗമാണെന്ന് വരുത്താനാണ് എം പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 36 ശതമാനം തുകമാത്രമാണ് ചെലവഴിക്കാന്‍ കഴിഞ്ഞത്. ജനത്തെ പറ്റിച്ച് ഒരുകാലത്തും ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. വിവിധവിഭാഗം ജനങ്ങളെ എല്ലാകാലത്തും പറ്റിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടതില്ല. മലയോര മേഖലയിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെതിരെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയും പട്ടയപ്രശ്നത്തിലും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രക്ഷോഭത്തിലൂടെയാണ് താന്‍ സമരരംഗത്ത് വരുന്നതെന്നും എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് താനെന്നും അദേഹം പറഞ്ഞു

deshabhimani

No comments:

Post a Comment