Friday, March 21, 2014

മുല്ലപ്പള്ളിയടക്കമുള്ള എംപിമാര്‍ പട്ടികവിഭാഗ ഫണ്ട് വകമാറ്റി

കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് എംപിമാര്‍ പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള ഫണ്ട് വകമാറ്റി. എംപിമാരുടെ പ്രാദേശികഫണ്ട് ചെലവഴിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും പുല്ലുവിലപോലും കല്‍പ്പിക്കാതെയാണ് മന്ത്രിയും എംപിമാരും സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെട്ടുനില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റിയത്. ജനപ്രതിനിധിയെന്ന നിലയില്‍ ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന അതീവ ഗുരുതരമായ കുറ്റമായാണ് ഇത് കണക്കാക്കുന്നത്. ഒരോ എംപിയും വിനിയോഗിക്കുന്ന പ്രാദേശിക വികസന ഫണ്ടിന്റെ 22.5 ശതമാനം നിര്‍ബന്ധമായും എസ്സി- എസ്ടി വിഭാ ഗത്തിനായി ചെലവഴിക്കണമെന്നാണ് ചട്ടം.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കനുസരിച്ച് കോടിക്കണക്കിനു രൂപയുടെ എസ്സി- എസ്ടി വിഹിതമാണ് എംപിമാര്‍ വകമാറ്റി ചെലവഴിച്ചത്. ഇതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് വടകരയില്‍നിന്ന് വീണ്ടും ജനവിധി തേടുന്ന കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടു കോടി 60 ലക്ഷം രൂപയാണ് മുല്ലപ്പള്ളി വകമാറ്റിയത്. പത്തനംതിട്ടയില്‍ വീണ്ടും മത്സരിക്കുന്ന ആന്റോ ആന്റണി തൊട്ടുപിന്നിലുണ്ട്. രണ്ടു കോടി 10.75 ലക്ഷം രൂപ. തൃശൂരില്‍നിന്ന് ചാലക്കുടിയിലേക്ക് കൂടുമാറിയ പി സി ചാക്കോ 1.34 കോടിയാണ് വകമാറ്റിയത്. ആദിവാസി ജില്ലയായിട്ടുകൂടി വയനാട്ടില്‍ എം ഐ ഷാനവാസ് എംപി വകമാറ്റി ചെലവഴിച്ചത് 68.65 ലക്ഷം രൂപയാണ്. ചാലക്കുടി എംപി കെ പി ധനപാലന്‍ 45.44 ലക്ഷം രൂപയും വകമാറ്റി. സാധാരണനിലയില്‍ ഫണ്ട് ചെലവഴിക്കുമ്പോള്‍ ചില വിഭാഗങ്ങളില്‍ ചെറിയ ഏറ്റക്കുറവുകള്‍ വരാറുണ്ട്. ഒഴിവാക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ച് തൊട്ടടുത്ത വര്‍ഷമെങ്കിലും ഇത് നികത്തുന്നതാണ് പതിവ്. എന്നാല്‍, കേന്ദ്രമന്ത്രിയും യുഡിഎഫ് എംപിമാരും അതിനുപോലും തുനിഞ്ഞില്ല.

മുസ്ലിംലീഗ് എംപിമാര്‍ മലപ്പുറത്തും പൊന്നാനിയിലും എസ്ടി വിഭാഗത്തിന് ചെലവഴിച്ച തുക വട്ടപ്പൂജ്യമാണ്. സ്വന്തം മണ്ഡലത്തില്‍ എസ്ടി വിഭാഗം കുറവാണെങ്കില്‍ അടുത്ത മണ്ഡലത്തിലായാലും ചെലവഴിക്കണമെന്ന് 2012ല്‍ ചട്ടം ഭേദഗതിചെയ്തിട്ടും യുഡിഎഫ് എംപിമാര്‍ ഗുരുതരമായ വീഴ്ച വരുത്തി. 2009 മുതല്‍ 2014 ജനുവരി 31 വരെയുള്ള കണക്കാണിത്. എസ്സി വിഭാഗത്തിന് 15 ശതമാനവും എസ്ടി വിഭാഗത്തിന് 7.5 ശതമാനവുമാണ് എംപി ഫണ്ട് ചെലവഴിക്കേണ്ടത്. ഇതുപ്രകാരം രണ്ടുവിഭാഗങ്ങള്‍ക്കുമായി ഒരോ എംപിമാരും അനുവദിക്കേണ്ടിയിരുന്നത് മൊത്തം 427.5 ലക്ഷം രൂപയായിരുന്നു. ഇതില്‍ പകുതി പോലും കേന്ദ്രമന്ത്രിയടക്കമുള്ളവര്‍ ചെലവഴിക്കാതെ വകമാറ്റി.

വി ഡി ശ്യാംകുമാര്‍ deshabhimani

No comments:

Post a Comment