എങ്ങനെ ജീവിതം മുന്നോട്ട് തള്ളിനീക്കുമെന്നു തിരിച്ചറിയാനാകാതെ തകര്‍ന്നിരിക്കുകയാണ് കേരളത്തിലെ റബര്‍കര്‍ഷകര്‍. അടിക്കടിയുണ്ടാകുന്ന റബറിന്റെ വിലയിടിവും എരിതീയിലേക്ക് എണ്ണപകരുന്ന യുപിഎ സര്‍ക്കാര്‍ നടപടികളും അതിന് ഒത്താശചെയ്യുന്ന സംസ്ഥാനസര്‍ക്കാരും റബര്‍കര്‍ഷകരെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. വന്‍കിട ടയര്‍ക്കമ്പനികളെ സഹായിക്കാന്‍ ഇറക്കുമതിനിയന്ത്രണം എടുത്തുകളഞ്ഞതോടെ കര്‍ഷകരുടെ എല്ലാ പ്രതീക്ഷയും അറ്റു.
ആസിയന്‍ കരാറിനുശേഷം 72 റബര്‍ ഉല്‍പ്പന്നങ്ങള്‍ തീരുവയില്ലാതെ ഇറക്കുമതിചെയ്യുന്നു. മൂന്നുവര്‍ഷത്തിനിടയില്‍ 248 രൂപയില്‍നിന്ന് 140 രൂപയായി റബര്‍വില ഇടിഞ്ഞു. ഒമ്പതു ലക്ഷത്തോളം ടണ്ണാണ് കേരളത്തിലെ വാര്‍ഷിക റബര്‍ ഉല്‍പ്പാദനം. മൂന്നുവര്‍ഷത്തിനിടെ റബര്‍വിലയിടിവിലൂടെ കര്‍ഷകര്‍ക്കുണ്ടായത് 11,000 കോടിയിലേറെ രൂപയുടെ നഷ്ടം. 2011 ജനുവരിയില്‍ റബര്‍ കിലോയ്ക്ക് 226 രൂപയുണ്ടായിരുന്നു. 2012ല്‍ ഇത് 188 രൂപയായും 2014 ജനുവരിയില്‍ 142 രൂപയായും കുറഞ്ഞു. മൂന്നു വര്‍ഷത്തിനിടയില്‍ കിലോയ്ക്ക് 84 രൂപയുടെ കുറവ്. വിലയിടിവിനെത്തുടര്‍ന്ന് 2012- 13 വര്‍ഷം കര്‍ഷകര്‍ക്ക് 3500 കോടി രൂപയുടെയും 2013-14ല്‍ 7500 കോടി രൂപയുടെയും നഷ്ടമുണ്ടായി.
രൂപയുടെ മൂല്യവുമായി (ഡോളര്‍ വില) താരതമ്യംചെയ്യുമ്പോള്‍ വിലത്തകര്‍ച്ചയുടെ ആഘാതം കനത്തതാണ്. കോടിക്കണക്കിനു രൂപ സംസ്ഥാനസര്‍ക്കാരിന് നികുതിനഷ്ടം. ഇറക്കുമതിയിലൂടെ വിദേശനാണ്യ ശേഖരത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ നഷ്ടം വേറെയും. ഇക്കാലയളവില്‍ കര്‍ഷകനുണ്ടായ നഷ്ടം രാജ്യത്തെ വന്‍കിട കമ്പനികളുടെ ലാഭമായി മാറി. 2011ലെ വിലവര്‍ധനയുടെ അടിസ്ഥാനത്തില്‍ ടയര്‍ക്കമ്പനികള്‍ ടയര്‍, ട്യൂബ് തുടങ്ങിയവയുടെ വില കുത്തനെ വര്‍ധിപ്പിച്ചിരുന്നു. റബറിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും ടയര്‍, ട്യൂബ് എന്നിവയുടെ വില കുറച്ചില്ല. ചില കമ്പനികള്‍ മൂന്നുവര്‍ഷത്തിനിടയില്‍ വില വര്‍ധിപ്പിക്കുകയുംചെയ്തു.
ഇറക്കുമതിയാണ് റബര്‍കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. എംആര്‍എഫ്, സിയറ്റ്, അപ്പോളോ, ബ്രിക് സ്റ്റോണ്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കുവേണ്ടി ഇറക്കുമതി തീരുവ കുറച്ചത് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന റബറിന്റെ വിലത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഇറക്കുമതിയില്‍ മുന്‍ വര്‍ഷത്തേതിലും 208 ശതമാനം വര്‍ധന വരുത്തിയാണ് കര്‍ഷകരുടെ ജീവിതം ഇത്രമേല്‍ ദുരിതത്തിലാക്കിയത്. ഇറക്കുമതി തീരുവ കിലോയുടെ 20 ശതമാനമാക്കണമെന്ന വാണിജ്യമന്ത്രാലയത്തിന്റെ തീരുമാനം അട്ടിമറിച്ച് കേന്ദ്ര ധനമന്ത്രി പി ചിദംബരം അനിയന്ത്രിതമായ ഇറക്കുമതിക്ക് വഴിയൊരുക്കുകയായിരുന്നു. ഇത് കാര്‍ഷികമേഖലയ്ക്ക് കനത്ത തിരിച്ചടിയായപ്പോള്‍ രാജ്യത്തെ വന്‍കിട ടയര്‍ക്കമ്പനികള്‍ കോടികളുടെ ലാഭം കൊയ്തു.
2010 ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ കിലോയ്ക്ക് 20 രൂപയായി ഇറക്കുമതി തീരുവ കുറച്ചു. ടയര്‍വ്യവസായികള്‍ക്ക് ഇറക്കുമതിക്ക് നല്‍കിയ ആനുകൂല്യങ്ങളെല്ലാം വിലത്തകര്‍ച്ചയിലും തുടരുന്നു. ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ടയര്‍ ക്കമ്പനികളുമായി ഒത്തുകളിക്കുകയാണ്. ഇറക്കുമതി തീരുവ 20 രൂപയില്‍നിന്ന് 34 രൂപയാക്കാന്‍ 2013 ഫെബ്രുവരി 26ന് വാണിജ്യമന്ത്രാലയം തീരുമാനിച്ചിരുന്നതാണ്. എന്നാല്‍, ഇത് നടപ്പാക്കാന്‍ ധനമന്ത്രി പി ചിദംബരം അനുമതി നല്‍കിയത് ഡിസംബര്‍ 20നും. ഈ കാലയളവുകൊണ്ടുമാത്രം കര്‍ഷകര്‍ക്ക് 600 കോടിയുടെ നഷ്ടം വന്നതായാണ് റബര്‍ബോര്‍ഡ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. റബറിന് വില കുറയുന്നതിനോടൊപ്പം ഇരുട്ടടിപോലെ രാസവളത്തിന്റെയും കീടനാശിനിയുടെയും വില ക്രമാതീതമായി വര്‍ധിച്ചത് കര്‍ഷകരെ ഉല്‍പ്പാദനം കുറയ്ക്കാന്‍ പ്രേരിപ്പിച്ചു. റബര്‍ ഉല്‍പ്പാദനം 2012 നേക്കാള്‍ 5.3 ശതമാനം കുറഞ്ഞു. ഉപഭോഗം മുന്‍ വര്‍ഷത്തേക്കാള്‍ 3.9 ശതമാനം കൂടി. ഒപ്പം റബര്‍ വിപണി ബഹിഷ്കരിക്കാന്‍ വ്യവസായികള്‍ തീരുമാനിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. കേന്ദ്രം റബര്‍കര്‍ഷകന്റെ നട്ടെല്ല് തകര്‍ക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും കണ്ടില്ലെന്നു നടിക്കുകയാണ്.
90 ശതമാനത്തിനടുത്ത് റബര്‍കൃഷി നടത്തുന്ന ഇടത്തരം- ചെറുകിട കര്‍ഷകരെയണ് വിലയിടിവ് ദോഷകരമായി ബാധിച്ചത്്. ഇവരുടെ രക്ഷയ്ക്കായി ഒരു ആശ്വാസനടപടിയും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. റബറിന്റെ വില പിടിച്ചുനിര്‍ത്താന്‍ വേണ്ട നടപടി കൈക്കൊള്ളുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വാക്കില്‍മാത്രമൊതുങ്ങി. മലയോരമേഖലയിലെ റബര്‍ കൃഷിയെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങളും ബാധിക്കുന്നു.
സബ്സിഡി-സംഭരണകാര്യങ്ങളില്‍പ്പോലും ചെറുവിരലനക്കിയിട്ടില്ല. സര്‍ക്കാരിന്റെ പണംകൊടുത്ത് കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങി ടയര്‍വ്യവസായികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നയം. ഇത് കര്‍ഷകരെയും പൊതുജനങ്ങളെയും ഒരുപോലെ വഞ്ചിക്കലാണ്. കേന്ദ്രനയങ്ങള്‍മൂലമുണ്ടായ ആഘാതത്തിന് ആശ്വാസംപകരാന്‍ സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. ഈ നില തുടര്‍ന്നാല്‍ റബര്‍കൃഷിയുടെ മരണമണി മുഴങ്ങുമെന്നുറപ്പ്. കേരളത്തിന്റെ സാമ്പത്തികനില കൂടുതല്‍ അപകടപ്പെടുകയുംചെയ്യും.
എസ് ഗീതാഞ്ജലി deshabhimani
No comments:
Post a Comment