Friday, March 21, 2014

എണ്ണയ്ക്കും തീപിടിച്ചു

ഇന്ധനവില മുമ്പെങ്ങുമില്ലാത്ത രീതിയില്‍ വര്‍ധിപ്പിച്ചത് രണ്ടാം യുപിഎ സര്‍ക്കാരാണ്. ഡീസല്‍വില ലിറ്ററിന് 25 രൂപ വര്‍ധിപ്പിച്ചപ്പോള്‍ പെട്രോള്‍വില 30 രൂപയ്ക്കടുത്ത് കൂട്ടി. ഇന്ധന വിലനിയന്ത്രണം എടുത്തുകളയുക, സബ്സിഡി വെട്ടിച്ചുരുക്കുക എന്നിങ്ങനെ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നയമാണ് പെട്രോള്‍- ഡീസല്‍ വില കുത്തനെ ഉയര്‍ത്തിയതും വിലക്കയറ്റം രൂക്ഷമാക്കിയതും. 2009 ജൂണില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 30.86 രൂപയായിരുന്നു (ഡല്‍ഹി വില). ഇപ്പോള്‍ വില 55.48 രൂപയിലെത്തി. പെട്രോള്‍വില 44.72ല്‍നിന്ന് 73.16 രൂപയിലുമെത്തി.

അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങള്‍, സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ വന്ന വര്‍ധന, ഉല്‍പ്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരത്തിലുണ്ടായ വര്‍ധന തുടങ്ങിയ ന്യായങ്ങളാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ധനമന്ത്രി പി ചിദംബരവും വിലക്കയറ്റത്തിനു പറയുന്ന ന്യായങ്ങള്‍. എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രമായി ഇത്തരമൊരു പ്രതിഭാസമെന്ന് വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്കോ ധനമന്ത്രിക്കോ സാധിച്ചിട്ടില്ല. ഇടതുപക്ഷ പിന്തുണയിലുള്ള സര്‍ക്കാരായതിനാല്‍ ഒന്നാം യുപിഎയുടെ കാലത്ത് തങ്ങള്‍ ആഗ്രഹിച്ചവിധം പെട്രോളിയം വിലനിര്‍ണയ നയം മാറ്റിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. ഇടതുപക്ഷത്തിന്റെ "ഭാരമില്ലാതെ" വന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ ആഹ്ലാദപൂര്‍വം വലതുപക്ഷ സാമ്പത്തിക വീക്ഷണം പെട്രോളിയം വിലനിര്‍ണയരംഗത്ത് അടിച്ചേല്‍പ്പിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തരവിപണിയില്‍ വന്ന വര്‍ധനയ്ക്ക് അനുസൃതമായി അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയില്ലെന്നതും ശ്രദ്ധേയം. രണ്ടായിരത്തിപത്ത് ഏപ്രിലില്‍ വിലനിര്‍ണയം എടുത്തുകളഞ്ഞശേഷം പെട്രോള്‍വില ലിറ്ററിന് 26 രൂപ ഉയര്‍ന്നു. ഡീസല്‍ വിലനിയന്ത്രണവും ഭാഗികമായി എടുത്തുകളഞ്ഞതോടെ എല്ലാ മാസവും ഡീസല്‍വില ലിറ്ററിന് 50 പൈസയോ, ഒരു രൂപയോ വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കി. അണ്ടര്‍ റിക്കവറിയെന്ന പേരില്‍ അറിയപ്പെടുന്ന എണ്ണക്കമ്പനികളുടെ നഷ്ടം പൊള്ളയായ കണക്കാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പന വിലയും ഇതേ ഉല്‍പ്പന്നങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതിചെയ്താല്‍ നല്‍കേണ്ട വിലയും തമ്മിലുള്ള അന്തരമാണ് എണ്ണക്കമ്പനികള്‍ നഷ്ടക്കണക്കായി അവതരിപ്പിക്കുന്ന അണ്ടര്‍ റിക്കവറി. യഥാര്‍ഥത്തില്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതിവിലയും അവ സംസ്കരിച്ച് വിവിധ ഉല്‍പ്പന്നങ്ങളാക്കുന്നതിന്റെ ചെലവും ചേര്‍ത്തുള്ള തുകയും ആഭ്യന്തര വില്‍പ്പന വിലയുമാണ് എണ്ണക്കമ്പനികള്‍ താരതമ്യപ്പെടുത്തേണ്ടത്. ഇതിനു പകരം ഓരോ ഉല്‍പ്പന്നത്തിന്റെയും നേരിട്ടുള്ള ഇറക്കുമതി വിലയും അതോടൊപ്പം വരുന്ന വിവിധ തീരുവകളും ചേര്‍ത്തുള്ള തുകയാണ് എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വിലയുമായി താരതമ്യപ്പെടുത്തി തങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നെന്ന് വാദിക്കുന്നത്. 2012-13 വര്‍ഷം 1.61 ലക്ഷം കോടി രൂപയാണ് എണ്ണ വിപണന കമ്പനികളുടെ നഷ്ടമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഈ എണ്ണക്കമ്പനികളെല്ലാം 1000 കോടിമുതല്‍ 5000 കോടി രൂപവരെ ഇതേ സാമ്പത്തികവര്‍ഷം ലാഭം രേഖപ്പെടുത്തിയിട്ടുമുണ്ട്. യഥാര്‍ഥത്തില്‍ പൊതുമേഖലാ കമ്പനികളുടെ നഷ്ടം നികത്തലല്ല സര്‍ക്കാരിന്റെ ലക്ഷ്യം. എണ്ണ വിപണനരംഗത്തേക്കും പര്യവേക്ഷണ രംഗത്തേക്കും കൂടുതലായി കടന്നുവരുന്ന റിലയന്‍സുപോലുള്ള സ്വകാര്യകമ്പനികള്‍ക്ക് ലാഭത്തിന് അവസരമൊരുക്കുകയാണ്.

സബ്സിഡി നിരക്കിലുളള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തിയതും ഇതേ ലക്ഷ്യത്തോടെ. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് സര്‍ക്കാരിന് എളുപ്പത്തില്‍ സ്വീകരിക്കാവുന്ന നടപടിയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിച്ചുനിര്‍ത്തല്‍. ഈ നടപടി റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കോര്‍പറേറ്റുകളുടെ ലാഭസാധ്യതകളെ ബാധിക്കുമെന്നതിനാല്‍ അവശ്യവസ്തുക്കളുടെ വില കൂടിയാലും പ്രശ്നമില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റേത്. ഇന്ധന സബ്സിഡി ഇനത്തില്‍ ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയിലധികം പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍നിന്ന് നികുതിയായി സര്‍ക്കാരിന് ലഭിക്കുന്നു. 2011-12 വര്‍ഷം ഒന്നര ലക്ഷം കോടിയോളം രൂപ പെട്രോളിയം നികുതി ഇനത്തില്‍ ലഭിച്ചു. ഓരോ വര്‍ഷവും നികുതിവരുമാനം കൂടുന്നു. കോര്‍പറേറ്റ് നികുതിയിനത്തില്‍ ലഭിക്കേണ്ട അഞ്ചര ലക്ഷം കോടിയോളം രൂപ വേണ്ടെന്നുവയ്ക്കുന്ന കേന്ദ്രം ഇന്ധന സബ്സിഡിയുടെ പേരില്‍ കണ്ണീരൊഴുക്കുന്നത് കോര്‍പറേറ്റുകളുടെ ചൂഷണത്തിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

എം പ്രശാന്ത് deshabhimani

No comments:

Post a Comment