Thursday, March 20, 2014

നേരിന്റെ വീര്യം പകര്‍ന്ന് ജനകീയ എംപി

കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തില്‍ നിറഞ്ഞുനിന്ന പി കെ ബിജുവിനെ ആലത്തൂരിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. യുവത്വത്തിന്റെ ചുറുചുറുക്കോടെ വീണ്ടും വോട്ടുചോദിച്ചെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കുഴല്‍മന്ദത്തെ ചായക്കടക്കാരന്‍ വരവേറ്റത് "തെരഞ്ഞെടുപ്പിനുമുമ്പേ വിജയിച്ച എംപി\' എന്നുപറഞ്ഞായിരുന്നു. ഈ വാക്കുകളാണ് മണ്ഡലത്തിലെ പൊതുവികാരം. രണ്ടാം വിജയത്തിനിറങ്ങുന്ന ബിജുവിനെ നേരിടാനെത്തുന്നത് കോണ്‍ഗ്രസിലെ കെ എ ഷീബയാണ്. പട്ടികജാതി-വര്‍ഗ മോര്‍ച്ച സംസ്ഥാനപ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാടാണ് ബിജെപി സ്ഥാനാര്‍ഥി. രണ്ടു പതിറ്റാണ്ടായി എല്‍ഡിഎഫ് മേല്‍ക്കൈ നിലനിര്‍ത്തുന്ന മണ്ഡലമാണ് ഇപ്പോഴത്തെ ആലത്തൂര്‍.മികച്ച പാര്‍ലമെന്റേറിയന്‍, അടിസ്ഥാനവര്‍ഗത്തിന്റെ ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിച്ച സിറ്റിങ് എംപി തുടങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ബിജുവിന്റെ പ്രവര്‍ത്തനമികവിന് സാക്ഷ്യപ്പെടുത്തലുകളേറെ.

മണ്ഡലത്തിലെ വിവിധപ്രശ്നങ്ങള്‍ ലോക്സഭയില്‍ ഉന്നയിച്ച് പരിഹാരം കണ്ടെത്തി. മണ്ഡലത്തിലെ 100 സ്കൂളില്‍ ഐടി പഠന പദ്ധതി, അഞ്ചരക്കോടിയുടെ കുടിവെള്ളപദ്ധതി, അഞ്ചുകോടിയുടെ പട്ടികജാതി ക്ഷേമപദ്ധതി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കീമോ തെറാപ്പി കേന്ദ്രം മുതല്‍ പറമ്പിക്കുളത്തെ പൂപ്പാറ ആദിവാസികോളനിയില്‍ ശ്രമകരമായി സോളാര്‍ വൈദ്യുതി എത്തിച്ചത് ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ബിജുവിനെ ജനകീയനാക്കുന്നു.ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയായിരുന്നു ബിജു എന്നും വിജയതീരമണിഞ്ഞത്. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞ പഠനാളുകള്‍ ഇടനെഞ്ചിലെ നോവൂറുന്ന ഓര്‍മയാണ്. അസൗകര്യങ്ങളുടെ വെല്ലുവിളിയിലാണ് പിഎച്ച്ഡിവരെ പഠനം തുടര്‍ന്നതും. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അനുഭവിച്ചറിയാനും പരിഹരിക്കാനും മുതല്‍ക്കൂട്ടാകുന്നത് ഈ അനുഭവപാഠംതന്നെ. പോളിമര്‍ കെമിസ്ട്രിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ ബിജു, വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തേക്കുവന്നത്.

എസ്എഫ്ഐ അഖിലേന്ത്യാപ്രസിഡന്റായിരുന്നു. തനിക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍, വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മണ്ഡലത്തിലെ കുട്ടികള്‍ക്കെങ്കിലും ലഭ്യമാക്കുമെന്ന ദൃഢനിശ്ചയം ആ വേദനയുടെ ബാക്കിപത്രമായിരുന്നു. മണ്ഡലത്തിലെ മുഴുവന്‍ സ്കൂളിലും കംപ്യൂട്ടര്‍, കെട്ടിടസൗകര്യങ്ങള്‍ എന്നിവയൊരുക്കി വിദ്യാഭ്യാസമേഖലയില്‍ ശക്തമായ ഇടപെടല്‍ നടത്തിയാണ് ബിജു ആലത്തൂരിനോടുള്ള ആത്മാര്‍ഥത തെളിയിച്ചത്.ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍പേഴ്സണ്‍ കൂടിയായ കെ എ ഷീബ മുതിര്‍ന്ന പലരെയും തട്ടിത്തെറിപ്പിച്ച് അപ്രതീക്ഷിതമായാണ് എത്തിയത്.

ഇവരുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കോണ്‍ഗ്രസ് ക്യാമ്പിലെ പൊട്ടലും ചീറ്റലും ഇനിയും നിലച്ചിട്ടില്ല. മണ്ഡലത്തില്‍ മുഴുവന്‍ അറിയപ്പെടുന്ന സ്ഥാനാര്‍ഥിയല്ലെന്നും ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവയ്പാണ് ഷീബയുടെ സ്ഥാനാര്‍ഥിത്വമെന്നും പരാതിയുണ്ട്. ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് രണ്ടുപേര്‍ ജോലികിട്ടിപ്പോയതോടെയാണ് ഷീബയ്ക്ക് നറുക്ക് വീണത്. കഴിഞ്ഞതവണ 20,960 വോട്ടിനാണ് കോണ്‍ഗ്രസിലെ എന്‍ കെ സുധീറിനെ പി കെ ബിജു പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ ഒരു റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയ ബിജു രണ്ടാംവട്ട പ്രചാരണത്തിലാണ്.

വേണു കെ ആലത്തൂര്‍

No comments:

Post a Comment