കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും കേന്ദ്രസര്‍ക്കാര്‍ പരമാവധി ദ്രോഹിച്ചപ്പോഴും ഭരണത്തെ വെള്ളപൂശുന്ന പരസ്യവുമായി സംസ്ഥാന പൊതുജനസമ്പര്‍ക്കവകുപ്പ്. കിട്ടാസഹായം നല്‍കിയതായും പെരും നുണ പ്രചരിപ്പിച്ചുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയാഗാന്ധി എന്നിവരുടെ ചിത്രവുമായി വോട്ട് ലക്ഷ്യമാക്കി മുഴുപേജ് ബഹുവര്‍ണപരസ്യം പ്രസിദ്ധീകരിച്ചത്. കേരളത്തിലെ മുഴുവന്‍ പത്രങ്ങളിലും ഞായറാഴ്ച പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെ കോടികള്‍ സര്‍ക്കാര്‍ ധൂര്‍ത്തടിച്ചു.
വല്ലാര്‍പാടം ടെര്‍മിനലിന് 2500 കോടി നല്‍കിയെന്ന പ്രസ്താവന പെരും നുണയാണ്. കൊച്ചി തുറമുഖത്തെ അവസരങ്ങള്‍ വിദേശ കുത്തകയായ ദുബായ് പോര്‍ട്ട് വേള്‍ഡിന് ചൂഷണംചെയ്യാന്‍ കളമൊരുക്കുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിനായ് 1700 കോടി രൂപയാണ് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടതുവരെ കേന്ദ്രം അനുവദിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണം കൊച്ചി തുറമുഖത്തെ രാജീവ്ഗാന്ധി ടെര്‍മിനല്‍ അടച്ചുപൂട്ടി. വല്ലാര്‍പാടത്തിനായി കപ്പല്‍ചാലിലെ ചളി നീക്കുന്നതിന്റെ ചെലവുവഹിച്ച് തുറമുഖട്രസ്റ്റ് 750 കോടി രൂപയുടെ ബാധ്യതയിലുമായി. നിലവില്‍ ശമ്പളംപോലും പ്രതിസന്ധിയിലായതിനാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സത്യഗ്രഹ സമരത്തിലുമാണ്. വല്ലാര്‍പാടത്തെ നിലവിലെ കരാര്‍ തന്നെ റദ്ദാക്കണമെന്ന ആവശ്യവും ശക്തമാകുമ്പോഴും ഇതിലൊന്നും ഇടപെടാത്ത കേന്ദ്രസര്‍ക്കാരിനെ മികച്ചതായി ചിത്രീകരിക്കാനും അതുവഴി വോട്ട് നേടാനും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുകയാണ് ഭരണം.
കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ പുനരുദ്ധാരണത്തിനുള്ള സമിതി (ബോര്‍ഡ് ഓഫ് റീസ്ട്രക്ചറിങ് കമ്മിറ്റി ഓഫ് പബ്ലിക്സെക്ടര്‍- ബിആര്‍പിസി), ഫാക്ട് അടച്ചുപൂട്ടാതിരിക്കാന്‍ ശുപാര്‍ശചെയ്ത 991.9 കോടി രൂപ കേന്ദ്രം നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ പരസ്യത്തില്‍ അവകാശപ്പെടുന്നത് ഫാക്ടിന് 143 കോടി രൂപ അനുവദിച്ചു എന്നും. നാഫ്ത സബ്സിഡി ഇനത്തില്‍ ഫാക്ടിന് ജൂലൈമുതല്‍ സെപ്തംബര്‍വരെ നല്‍കേണ്ട തുക മാത്രമാണിത്. ഫാക്ട് നേരിടുന്ന പ്രതിസന്ധിയും ഒഴിവാക്കാന്‍ ഇത് സഹായകവുമല്ല. ഇതൊക്കെ മറച്ചുവച്ചാണ് സര്‍ക്കാര്‍ പരസ്യം. അതേസമയം, ഫാക്ടിന് 6779 കോടി രൂപ അനുവദിച്ചതായി ഫ്ളകസും തന്റെ ഭരണനേട്ടപുസ്തകത്തില്‍ പ്രസ്താവനയും നിരത്തിയ കേന്ദ്രമന്ത്രി കെ വി തോമസിന്റെ നടപടിയെയെങ്കിലും ഈ പരസ്യം തുറന്നുകാട്ടുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍) വിപുലീകരണത്തിന് സ്വന്തം നിലയ്ക്ക് കണ്ടെത്തുന്ന തുകയായ 20,000 കോടി രൂപ കേന്ദ്രം അനുവദിച്ചതായാണ് മറ്റൊരു വാദം. ബിപിസിഎല്‍ നവീകരണം പൂര്‍ത്തീകരിച്ചാല്‍ സബ്സിഡി ഇനത്തില്‍ പദ്ധതിയുടെ 25 ശതമാനം തുക നല്‍കുമെന്നുമാത്രമാണ് കേന്ദ്രവാഗ്ദാനം. പുതുതായി വരുന്ന സര്‍ക്കാര്‍ ഈ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പില്ലെന്നിരിക്കെയാണ് നല്‍കാത്ത തുകയ്ക്കും നേട്ടം കൈയടക്കാനുള്ള നീക്കം.
ഷഫീഖ് അമരാവതി
വ്യവസായം ശവപ്പറമ്പായി
പൊതുമേഖലയും പരമ്പരാഗത മേഖലയും അടക്കം തകര്‍ച്ചയുടെ നെല്ലിപ്പലകയില്‍ നില്‍ക്കുമ്പോഴും നേട്ടത്തിന്റെ കണക്കുകളുമായി സര്‍ക്കാര്‍. യുഡിഎഫ് സര്‍ക്കാരിന്റെ 1000 ദിവസം അനുപമനേട്ടങ്ങളാണ് വ്യവസായ- ഐടി വകുപ്പുകള്‍ കരസ്ഥമാക്കിയതെന്ന് സര്‍ക്കാര്‍ പരസ്യത്തില്‍ അവകാശപ്പെടുന്നു. പൊതുമേഖലയ്ക്ക് പുതുജീവന്‍, എമര്‍ജിങ്ങ് കേരള, കൈത്തറി ടെക്സ്റ്റൈയില്‍ മേഖലയില്‍ വികസനം എന്നിങ്ങനെ "നേട്ടങ്ങളുടെ" പട്ടിക നിരത്തുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ ഏറെ അകലെ. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപം അവരുടെ "പരിപ്രേക്ഷ്യം 2030"ല്‍ തന്നെ വ്യക്തം. പൊതുമേഖലാ വ്യവസായങ്ങളോടുള്ള പൂര്‍ണ അവഗണനയാണ് ഈ റിപ്പോര്‍ട്ടിന്റെ മുഖമുദ്ര.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കിയ പദ്ധതികള്‍ പൊളിച്ചടുക്കി പൊതുമേഖലയെ നഷ്ടത്തിലേക്ക് തള്ളുകയാണ് ഈ സര്‍ക്കാര്‍. 2012-13ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം 2009-10ല്‍ 37 വ്യവസായ പൊതുമേലാ സ്ഥാപനങ്ങള്‍ 247 കോടിയുടെ ലാഭമുണ്ടാക്കി. യുഡിഎഫ് ഭരണത്തില്‍ ഇത് മാറിമറിഞ്ഞു. തകര്‍ച്ച മറച്ചു വയ്ക്കുന്നതിനായി കെഎസ്ഐഡിസിയെയും കിന്‍ഫ്രയെയയും മറ്റും വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍പ്പെടുത്തി ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണം 44 ആക്കി. എന്നിട്ടുപോലും മൊത്തം ലാഭം 222 കോടിയായി കുറഞ്ഞു. 2012-13ല്‍ ഇത് വീണ്ടും ഇടിഞ്ഞ് 75 കോടിയിലെത്തി. കെഎസ്ഐഡിസിയെയും കിന്‍ഫ്രയെയയും ഒഴിവാക്കിയാല്‍ ഏറ്റവുമൊടുവിലത്തെ കണക്കു പ്രകാരം പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ 146 കോടി നഷ്ടത്തിലാണ്. മുന്‍വര്‍ഷത്തെ 15 കോടിയില്‍ നിന്നാണ് ഈ കുപ്പുകുത്തല്‍. വെറും ആറു സ്ഥാപനങ്ങള്‍ മാത്രമാണ് നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ലാഭം തന്നെ ഓരോ വര്‍ഷവും കുറഞ്ഞ് നഷ്ടത്തിലേക്കുള്ള പ്രയാണത്തിലാണ്. പൊതുമേഖലാ വ്യവസായങ്ങളെ "വളര്‍ത്തിയതിന്റെ" ചിത്രം ഇതില്‍ നിന്ന് വ്യക്തം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച 10 പൊതുമേഖലാ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ദുര്‍ഗതിയിലാക്കി. "പൊതുമേഖലയ്ക്ക് പുതുജീവന്‍ നല്‍കി"യതായി പരസ്യത്തില്‍ പറയുന്ന പദ്ധതികളില്‍ പലതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ളത്. കുണ്ടറ സിറാമിക്സിന്റെ ആധുനികവല്‍ക്കരണം, കെഎസ്ഡിപിയിലെ നോണ്‍ ബീറ്റാലാക്ടം പ്ലാന്റ്, മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫോര്‍ജിങ്ങ് മെഷീന്‍, കെല്‍ എടരിക്കോട് യൂണിറ്റിലെ കാസ്റ്റ് റിസൈന്‍ ട്രാന്‍സ്ഫോര്‍മര്‍, കൊല്ലം മീറ്റര്‍ കമ്പനിയിലെ വാട്ടര്‍ മീറ്റര്‍ ഉല്‍പാദനം തുടങ്ങി പല പദ്ധതികളുടെയും പിതൃത്യത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. കോടികള്‍ തുലച്ചിട്ടും നേട്ടത്തിലെത്താതെ പോയ "എമര്‍ജിങ്ങ് കേരള"യുടെ പേരിലും സര്‍ക്കാര്‍ ഉറ്റംകൊള്ളുന്നു. പരമ്പരാഗത വ്യവസായ മേഖല ആകെ തകര്‍ത്തതും യുഡിഎഫ് സര്‍ക്കാരാണ്.
കരാറുകാര്‍ക്ക് കുടിശ്ശിക 2300 കോടി; നിര്‍മാണജോലികള്‍ സ്തംഭിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ "വികസനവും കരുതലും" കൊട്ടിഘോഷിക്കുമ്പോഴും കരാറുകാര്‍ക്ക് കുടിശ്ശിക നല്‍കാത്തത് മൂലം നിര്‍മാണ പ്രവൃത്തികള്‍ സ്തംഭിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തിലും 90 ശതമാനം പ്രവൃത്തിയും നിലച്ചിരിക്കയാണ്. കരാറുകാര്‍ക്ക് നല്‍കാനുള്ളത് 2,300 കോടി രൂപയാണ്. ബില്‍ നല്‍കിയിട്ടും എട്ടുമാസമായി തുക അനുവദിക്കാത്തതിനാല്‍ 15000 സര്‍ക്കാര്‍ കരാറുകാരാണ് ദുരിതത്തിലായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു രൂപപോലും കുടിശ്ശികയുണ്ടായില്ല. റോഡ്, പാലം, കെട്ടിടം, കനാല്‍ തുടങ്ങി എല്ലാ മേഖലകളിലുംപ്രവൃത്തി നിലച്ചു. പുതിയ ജോലി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറില്ല. കോടികളുടെ കുടിശ്ശിക നല്‍കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ നിര്‍മാണജോലികള്‍ സര്‍ക്കാര്‍ തോന്നിയപടി പ്രഖ്യാപിക്കുന്നുമുണ്ട്. 2013 ജൂലൈ ഒന്നുമുതല്‍ 2014 മാര്‍ച്ച് ഒന്നുവരെയുള്ള തുകയാണ് കുടിശ്ശികയായത്. ചെറുതും വലുതുമായ നിര്‍മാണപദ്ധതികള്‍ പൂര്‍ത്തിയാക്കിയ ഇനത്തിലാണ് ഭീമന്‍ കുടിശ്ശിക.
ബജറ്റ് തുക തീര്‍ന്നതിനാലാണ് കരാറുകാര്‍ക്കുള്ള പണം കുടിശ്ശികയായതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.എന്നാല്‍, ഇതില്‍ യാഥാര്‍ഥ്യമില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014-15 ബജറ്റില്‍ പൊതുമരാമത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 836 കോടി രൂപയാണ് പ്ലാന്‍ ഫണ്ടില്‍ അനുവദിച്ചത്. കെട്ടിടങ്ങള്‍ക്കായി 46.69 കോടി നീക്കിവച്ചു. കരാറുകാര്‍ക്ക് 2,300 കോടിയുടെ കുടിശ്ശിക നല്‍കാനിരിക്കെയാണ്് ഇത്രയും കുറഞ്ഞ തുക വകയിരുത്തിയത്. കെട്ടിടങ്ങള്‍, ജലം എന്നിവയ്ക്ക് അനുവദിച്ച തുകയില്‍ 60 ശതമാനമാണ് വിനിയോഗിച്ചത്. റോഡുകള്‍ക്കായി 130 ശതമാനവും. ഭരണാനുമതി ലഭിച്ച ബില്ലുകളില്‍ തുക നല്‍കാന്‍ ധനവകുപ്പ് ബാധ്യസ്ഥമാണെങ്കിലും നടപടിയില്ല. വര്‍ക്ക് കോണ്‍ട്രാക്ട് നികുതി വര്‍ധിപ്പിച്ചതും കരാറുകാര്‍ക്ക് തിരിച്ചടിയായി. ഇത് മൂന്ന് ശതമാനം കൂട്ടുകയും ഒപ്പം പര്‍ച്ചേസ് നികുതി 12 ശതമാനം വര്‍ധിപ്പിക്കുകയുമായിരുന്നു. ഇതൊന്നും വന്‍കിട കരാറുകാരെ ബാധിക്കില്ല. അവര്‍ക്ക് ബില്‍ നല്‍കിയാല്‍ ഓഡിറ്റ് പരിശോധനയില്ലാതെ പിറ്റേദിവസം പണം അനുവദിക്കുന്നുണ്ട്. 2013 ജൂലൈ ഒന്നിനുമുമ്പ് പൂര്‍ത്തിയായ ജോലികളുടെ ബില്ലുകളാണ് ധനവകുപ്പിനു നല്‍കിയത്. കുടിശ്ശിക ലഭിക്കാത്തതിനാല്‍ ലൈസന്‍സ് പുതുക്കാന്‍പോലും പണമില്ലാത്ത സ്ഥിതിയായെന്ന് ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി പറഞ്ഞു. ബാങ്കിടപാടുകള്‍ നടക്കുന്നില്ല. വായ്പയെടുത്ത തുകയുടെ പലിശ അടവ് മുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
സി എന്‍ റെജി deshabhimani
No comments:
Post a Comment