തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വിവാദമുണ്ടാക്കിയും പെരുംനുണയിലും കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച മണ്ഡലമാണ് പൊന്നാനി. മുന്‍കാലങ്ങളില്‍ മുസ്ലിംലീഗിന്റെ ടിക്കറ്റില്‍ വിയര്‍ക്കാതെ ഡല്‍ഹിയിലേക്ക് വിമാനം കയറിയവര്‍ക്ക് ഇത്തവണ കാര്യം എളുപ്പമാകില്ലെന്ന് ആദ്യഘട്ട പ്രചാരണം തെളിയിക്കുന്നു. ഇക്കുറി പൊന്നാനിയില്‍ തെരഞ്ഞെടുപ്പിന്റെ ആവേശക്കാറ്റിന് തീവ്രത കൂടുതലാണ്. കോണ്‍ഗ്രസുകാര്‍ക്ക് അനഭിമതനായ ലീഗ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിനെതിരെ മുന്‍ കെപിസിസി അംഗം വി അബ്ദുറഹ്മാന്‍ ഇടതുപക്ഷ സ്വതന്ത്രനായി പോരാട്ടത്തിനിറങ്ങുമ്പോള്‍ മണ്ഡലത്തിലെ വിജയസാധ്യത പ്രവചനാതീതം. ഇ ടി ഒന്നാന്തരം വര്‍ഗീയവാദിയാണെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വിവാദ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ്. അഞ്ചാംമന്ത്രിസ്ഥാനത്തെച്ചൊല്ലിയും പിന്നീടും കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ തമ്മിലുണ്ടായ വാക്പോരുകള്‍ ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്. കോണ്‍ഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ച നേതാവാണ് ഇ ടി. രാഹുല്‍ ഗാന്ധിയെവരെ വിമര്‍ശിച്ചിരുന്ന ഇ ടിക്കെതിരെ കോണ്‍ഗ്രസ് അണികളില്‍ എതിര്‍പ്പ് ശക്തമാണ്. എംപി എന്ന നിലയില്‍ മണ്ഡലവികസനത്തിന് കാര്യമായ ഇടപെടലുകള്‍ ഇ ടിയുടെ ഭാഗത്തുനിന്നുണ്ടായില്ല. മണ്ഡലത്തിന്റെ അവഗണനയില്‍ ഊന്നിയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം.
ബഹുഭൂരിപക്ഷം വരുന്ന വോട്ടര്‍മാരും സാധാരണക്കാരായ മണ്ഡലത്തില്‍ അടിസ്ഥാന ജീവിതപ്രശ്നങ്ങള്‍തന്നെയാണ് മുഖ്യ ചര്‍ച്ചാവിഷയം. പൊന്നാനി, തിരൂര്‍, താനൂര്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ വലിയൊരുഭാഗം തീരദേശമാണ്. ജീവിതം തകര്‍ത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയവൈകല്യങ്ങള്‍ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നീ റെയില്‍വേ സ്റ്റേഷനുകളുടെ വികസന മുരടിപ്പും ചര്‍ച്ചയാണ്. തിരുനാവായ-ഗുരുവായൂര്‍ റെയില്‍പ്പാത യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തതും ഇ ടിക്ക് തിരിച്ചടിയാണ്. പൊന്നാനി മേഖലയില്‍ കോള്‍പ്പാടം വികസനത്തിനായി കേന്ദ്ര സഹായം നേടിയെടുക്കാന്‍ എംപിക്ക് കഴിഞ്ഞില്ല. കനോലി കനാല്‍ അവഗണന, എഫ്സിഐ ഗോഡൗണുകളുടെ തകര്‍ച്ച, ടൂറിസം സാധ്യതകള്‍ നഷ്ടപ്പെടുത്തല്‍ എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ഊന്നിയാണ് ഇടതുപക്ഷ പ്രചാരണം. ഒപ്പം അഴിമതിയും വിലക്കയറ്റവും. പ്രവാസികള്‍ ഏറെയുള്ള മണ്ഡലത്തില്‍ ഇവരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയും സജീവ ചര്‍ച്ചയാണ്. നിതാഖാത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എംപി ഇടപെട്ടില്ലെന്ന ആരോപണവും ശക്തമാണ്.
കോണ്‍ഗ്രസും ലീഗും തമ്മില്‍ ശക്തമായ ചേരിപ്പോര് നിലനില്‍ക്കുന്ന മണ്ഡലമാണ് പൊന്നാനി. തദ്ദേശസ്ഥാപനങ്ങളിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുപാര്‍ടികളും അകല്‍ച്ചയിലാണ്. മുന്നണിയിലെ പ്രശ്നങ്ങളൊന്നും പരിഹരിക്കാതെയാണ് യുഡിഎഫ് തെഞ്ഞെടുപ്പിലേക്ക് കടന്നത്. ലീഗിന് കീഴ്പ്പെടുന്ന പാര്‍ടി നിലപാടില്‍ പ്രതിഷേധിച്ചാണ് അബ്ദുറഹ്മാന്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്. മൂന്ന് പതിറ്റാണ്ടുകാലത്തെ കറകളഞ്ഞ രാഷ്ട്രീയ പാരമ്പര്യത്തിന്റെ കരുത്തും വിപുലമായ സൗഹൃദ-കുടുംബബന്ധങ്ങളുമായി അബ്ദുറഹ്മാന്‍ പ്രചാരണ രംഗത്ത് ബഹുദൂരം മുന്നേറിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ രംഗ പ്രവേശം ലീഗ് സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴലാണ്. കൈ മെയ് മറന്ന് ഇടതു ക്യാമ്പ് പ്രചാരണ രംഗത്ത് ചുവടുറപ്പിച്ചതോടെ പൊന്നാനിയില്‍ പ്രചാരണം ചൂടുപിടിച്ചുകഴിഞ്ഞു. ജില്ലാ പ്രസിഡന്റ് കെ നാരായണനാണ് ബിജെപി സ്ഥാനാര്‍ഥി. മത സാമുദായിക സംഘടനകള്‍ക്ക് വേരോട്ടമുള്ള മണ്ഡലത്തില്‍ കൂടുതല്‍ പാര്‍ടികള്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ് സാധ്യത. എസ്ഡിപിഐയുടെ വി ടി ഇഖ്റാമുല്‍ ഹഖും ആം ആദ്മിയുടെ ഷൈലോക്ക് കാക്കത്തറയിലും ഇതിനകം മത്സരരംഗത്തിറങ്ങിക്കഴിഞ്ഞു.
സി പ്രജോഷ്കുമാര്‍
No comments:
Post a Comment