കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് താഴെയിറക്കാനും ബിജെപിയുടെ പരാജയം ഉറപ്പാക്കി മതനിരപേക്ഷ ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനും സിപിഐ എം ആഹ്വാനംചെയ്തു. സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മതനിരപേക്ഷ കക്ഷികളുമായി ചേര്‍ന്ന് വിശ്വസനീയ ബദല്‍ മുന്നോട്ടുവയ്ക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പുറത്തിറക്കിയ 48 പേജുള്ള തെരഞ്ഞെടുപ്പു പ്രകടനപത്രിക വ്യക്തമാക്കുന്നു.
യുപിഎയും എന്‍ഡിഎയും തെരഞ്ഞെടുപ്പിനെ വ്യക്തികളുടെ മത്സരമായി ചിത്രീകരിച്ച് യഥാര്‍ഥപ്രശ്നങ്ങള്‍ മറച്ചുവയ്ക്കുകയാണെന്ന് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സിപിഐ എം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
യുപിഎയുടെ ദുര്‍ഭരണത്തിന് ഏറ്റവും മികച്ച തെളിവാണ് ഏഴു വര്‍ഷമായി തുടരുന്ന രൂക്ഷമായ വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായി. വര്‍ധിക്കുന്ന തൊഴിലില്ലായ്മയും അഴിമതിയുമാണ് യുപിഎ സര്‍ക്കാരിന്റെ മുഖമുദ്ര. യുപിഎയുടെ ജനവിരുദ്ധനയങ്ങള്‍ക്ക് ബിജെപി ബദലല്ല. യുപിഎയുടെ ഉദാരവല്‍ക്കരണനയമാണ് ബിജെപിയുടേതും. അഴിമതിക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ബിജെപിയില്‍ തിരികെയെത്തി സ്ഥാനാര്‍ഥിയായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം പുനഃസ്ഥാപിച്ച് നികുതി കുറയ്ക്കും. കൃഷ്ണ ഗോദാവരി തടത്തില്‍ റിലയന്‍സ് ശേഖരിക്കുന്ന പ്രകൃതിവാതകത്തിന്റെ വില ഇരട്ടിയാക്കാനുള്ള തീരുമാനം പിന്‍വലിക്കും. കള്ളപ്പണ ഒഴുക്കിന് വഴിവയ്ക്കുന്ന മൗറീഷ്യസ് പാത റദ്ദാക്കും. ഭക്ഷ്യസുരക്ഷാ ബില്‍ പിന്‍വലിച്ച് എല്ലാവര്‍ക്കും ചുരുങ്ങിയത് ഏഴു കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന നിയമം നിര്‍മിക്കും. കേന്ദ്ര നികുതിവരുമാനത്തില്‍ പകുതിയും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള പണവും സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ഭൂപരിധി നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കം ഉപേക്ഷിച്ച് മിച്ചഭൂമി വിതരണംചെയ്യും.
പട്ടികജാതിക്കാര്‍ക്ക് പ്രത്യേക ഘടകപദ്ധതി, ന്യൂനപക്ഷങ്ങള്‍ക്ക് ഗോത്രവര്‍ഗമേഖലയിലേതിനു സമാനമായ ഉപപദ്ധതി, സച്ചാര്‍- രംഗനാഥമിശ്ര കമീഷനുകളുടെ ശുപാര്‍ശ നടപ്പാക്കല്‍, നിയമനിര്‍മാണസഭകളില്‍ 33 ശതമാനം വനിതാ സംവരണം, ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിലും അഞ്ചു ശതമാനം ആരോഗ്യമേഖലയിലും ചെലവഴിക്കല്‍ എന്നിവയ്ക്ക് പ്രകടനപത്രിക ഊന്നല്‍ നല്‍കുന്നു. കൃഷിയില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കും. കരാറും ധാരണാപത്രവും സ്വകാര്യ ധനകമ്പനികളും ലോക്പാല്‍ പരിധിയിലാക്കും. നിയമാധിഷ്ഠിത മിനിമംവേതനം 10,000 രൂപയാക്കി ഉപഭോക്തൃ വിലസൂചികയുമായി ബന്ധിപ്പിക്കും.
വാര്‍ധ്യകാല- ഭിന്നശേഷി പെന്‍ഷന്‍ 4000 രൂപയാക്കും. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ റദ്ദാക്കും. മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും ജീവനോപാധിയും കിടപ്പാടവും ഉറപ്പാക്കാന്‍ തീരനിയന്ത്രണ നിയമവും വിജ്ഞാപനവും ഭേദഗതിചെയ്യും. സംസ്ഥാനവിഭജനത്തിന് നിയമസഭയുടെ അനുമതി നിര്‍ബന്ധമാക്കാന്‍ ഭരണഘടന ഭേദഗതിചെയ്യും. സായുധസേനയുടെ പ്രത്യേകാധികാര നിയമം പിന്‍വലിക്കും. പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികബന്ധം കുറ്റകരമാക്കിയത് ഒഴിവാക്കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 377-ാം അനുച്ഛേദം ഭേദഗതിചെയ്യും. വധശിക്ഷ റദ്ദാക്കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമം ഭേദഗതിചെയ്യും. സ്വതന്ത്രവും ചേരിചേരാ നയത്തിന്റെ അടിസ്ഥാനത്തിലുള്ളതുമായ വിദേശനയം പിന്തുടരും- കാരാട്ട് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എ കെ പത്മനാഭന്‍ എന്നിവരും പങ്കെടുത്തു.
വി ബി പരമേശ്വരന്‍
No comments:
Post a Comment