Friday, March 21, 2014

സിപിഐ എം പ്രകടനപത്രികയില്‍ നിന്ന്

 തൊഴില്‍വളര്‍ച്ച സൃഷ്ടിക്കുന്ന സാമ്പത്തികനയം നടപ്പാക്കും

എല്ലാവര്‍ക്കും തൊഴിലും ജനങ്ങളുടെ കൈവശം ആവശ്യങ്ങള്‍ നിറവേറ്റാന്‍ പണവും ലഭ്യമാക്കുംവിധം തൊഴില്‍ജന്യ വളര്‍ച്ച സൃഷ്ടിക്കുന്ന സാമ്പത്തികനയങ്ങള്‍ നടപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്ന് സിപിഐ എം പ്രകടനപത്രിക. സമ്പന്നര്‍ക്കും കോര്‍പറേറ്റുകളുടെ ലാഭത്തിനും നികുതിചുമത്തി വിഭവസമാഹരണം നടത്തും. നികുതിവെട്ടിപ്പുകാരെയും കള്ളപ്പണക്കാരെയും കണ്ടെത്തി രാജ്യത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ട വിഭവം കണ്ടെത്തും. അവശ്യവസ്തുക്കളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. വാര്‍ഷിക പദ്ധതിചെലവില്‍ നിലവിലുള്ള ആഭ്യന്തര മൊത്ത വരുമാനത്തിന്റെ 10 ശതമാനം വര്‍ധന വരുത്തും. സാമൂഹികക്ഷേമമേഖലയില്‍ സര്‍ക്കാര്‍ നീക്കിയിരിപ്പ് വെട്ടിക്കുറയ്ക്കുന്ന പരിഷ്കാരങ്ങള്‍ പിന്‍വലിക്കും. ധനമൂലധനപ്രവാഹം നിയന്ത്രിക്കും. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി വെട്ടിക്കുറയ്ക്കുന്നത് അവസാനിപ്പിച്ച് അവയെ ശക്തിപ്പെടുത്തും. ധനമേഖലയിലെ പരിഷ്കരണങ്ങളെല്ലാം പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും ഉത്തരവാദിത്തത്തിലാക്കും. അതിസമ്പന്നര്‍ക്കും പാരമ്പര്യസ്വത്തിനും കൂടുതല്‍ നികുതി ചുമത്തും. മൗറീഷ്യസ് റൂട്ട് വഴിയുള്ള നികുതിവെട്ടിപ്പ് തടയും. ധനമൂലധനത്തിന്റെ ഊഹക്കച്ചവടം നിരുത്സാഹപ്പെടുത്തുന്ന നയങ്ങള്‍ക്കായി പരിശ്രമിക്കും. സ്വകാര്യമേഖലയില്‍ പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ശ്രമിക്കും. ബാങ്കിങ്മേഖലയിലെ പരിഷ്കാരങ്ങള്‍ പുനഃപരിശോധിക്കും. ഇന്ത്യന്‍ ബാങ്കുകളെ വിദേശബാങ്കുകള്‍ ഏറ്റെടുക്കുന്നത് തടയും. വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെ പദ്ധതികള്‍ പരാജയപ്പെട്ടാല്‍ ബാധ്യത ബാങ്കുകള്‍ക്ക് കൈമാറുന്നത് കര്‍ശനമായി തടയും.

പെന്‍ഷന്‍ഫണ്ട് സ്വകാര്യവല്‍ക്കരിക്കില്ല; പെന്‍ഷന്‍ഫണ്ടുകള്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നത് തടയും. അടിസ്ഥാനസൗകര്യമേഖലയില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കും. ജലവിഭവത്തിന്റെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കും. ദേശീയ വികസന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുതകുംവിധം ഊര്‍ജ- ടെലികോം നയം പുനഃപരിശോധിക്കും. വൈദ്യുതിനിയമം- 2003 പുനഃപരിശോധിക്കും. റെയില്‍വേയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കില്ല. എയര്‍പോര്‍ട്ട് അതോറിറ്റി ഇതിനകം നവീകരിച്ച ആഭ്യന്തര വിമാനത്താവളങ്ങളില്‍ പിപിപി അനുവദിക്കില്ല. ലോക വ്യാപാരസംഘടനയുടെ ദോഹവട്ടം ചര്‍ച്ചകളില്‍ ഇന്ത്യയുടെയും ഇതര വികസ്വരരാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി ശ്രമിക്കും. പൊതുസംഭരണം, ഭക്ഷ്യനയം എന്നീ വിഷയങ്ങളില്‍ ലോക വ്യാപാരസംഘടനയുടെ ബാലി മന്ത്രിതലസമ്മേളനത്തില്‍ എടുത്ത തീരുമാനങ്ങള്‍ പാര്‍ലമെന്റിന്റെ പരിശോധനയ്ക്ക് വിധേയമാക്കും. പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ ഈ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. കൂടുതല്‍ മൂലധനവും സാങ്കേതികവിദ്യവും പ്രദാനംചെയ്ത് പ്രധാന- തന്ത്രപ്രധാന രംഗങ്ങളില്‍ പൊതുമേഖലയെ ശക്തിപ്പെടുത്തും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വ്യവസായനയത്തിലൂടെ നിര്‍മിതോല്‍പ്പന്നമേഖലയുടെ വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കും. സംസ്ഥാനങ്ങളില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനായി മാനദണ്ഡങ്ങളും വ്യവസ്ഥകളും രൂപപ്പെടുത്താന്‍ ദേശീയനയചട്ടക്കൂട് ആവിഷ്കരിക്കും. ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം നിരോധിക്കും. തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രത്യേക സാമ്പത്തികമേഖലാ നിയമം ഭേദഗതിചെയ്യും.

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കും

കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും കൃഷി ആദായകരമാക്കാനും കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പാക്കാനുമുള്ള നടപടികള്‍ സിപിഐ എം പ്രകടനപത്രിക നിര്‍ദേശിക്കുന്നു.
$ ഗ്രാമീണമേഖലയിലെ ദരിദ്രജനവിഭാഗങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കാനും കാര്‍ഷിക ഉല്‍പ്പാദനക്ഷമത ഉയര്‍ത്താനുമായി ഗ്രാമീണമേഖലയില്‍ സര്‍ക്കാര്‍ ചെലവിടുന്ന തുക വര്‍ധിപ്പിക്കും.
$ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുംവിധമുള്ള കയറ്റുമതിയും ഇറക്കുമതിയും തടയും.
$ കാര്‍ഷിക വായ്പകളുടെ പരമാവധി പലിശനിരക്ക് നാല് ശതമാനമാക്കും.
$ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ സ്വതന്ത്രവ്യാപാര കരാറുകള്‍ ഉപേക്ഷിക്കും. ദേശീയ സമ്പദ്ഘടനയുടെ പരമാധികാരം സംരക്ഷിക്കുന്ന കരാറുകളില്‍ ഏര്‍പ്പെടും.

പട്ടികജാതി- പട്ടികവര്‍ഗത്തിന് ക്ഷേമപദ്ധതികള്‍

ന്യൂഡല്‍ഹി: പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക ഘടകപദ്ധതിക്കും ആദിവാസി ഉപപദ്ധതിക്കുമായി കേന്ദ്ര നിയമം കൊണ്ടുവരും. പട്ടികജാതിക്കാരുടെ ജനസംഖ്യ അടിസ്ഥാനമാക്കി ദേശീയ- സംസ്ഥാന തലത്തില്‍ പ്രത്യേക പദ്ധതി നീക്കിയിരിപ്പ് ഉറപ്പാക്കുന്നതാകും ഘടകപദ്ധതി. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആദിവാസി ഉപപദ്ധതിയിലൂടെ പദ്ധതി നീക്കിയിരിപ്പ് ഉറപ്പാക്കും. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപീകരിക്കും. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയിലും സംവരണം ഉറപ്പാക്കി നിയമനിര്‍മാണം കൊണ്ടുവരും. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം ഭേദഗതികളിലൂടെ ശക്തമാക്കും. ദളിത്ക്രൈസ്തവര്‍ക്കും ദളിത് മുസ്ലിങ്ങള്‍ക്കും സംവരണം ഉറപ്പാക്കും. ഒഴിഞ്ഞുകിടക്കുന്ന സംവരണ തസ്തികകളും സ്ഥാനക്കയറ്റ തസ്തികകളും സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ സമയബന്ധിതമായി നികത്തും. പട്ടികജാതി യുവാക്കള്‍ക്ക് വൊക്കേഷണല്‍ ട്രെയ്നിങ് സൗകര്യം ഒരുക്കും. സ്വയംതൊഴിലിലും സംരംഭങ്ങളിലും ഏര്‍പ്പെടുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് വായ്പ ഉറപ്പാക്കും. തൊട്ടുകൂട്ടായ്മയും അതിക്രമങ്ങളും വിവേചനവും തടയുന്നതിന് നിയമപരിരക്ഷ ഉറപ്പാക്കും. തോട്ടിപ്പണി നിരോധന നിയമത്തിലെ അപാകം ഒഴിവാക്കാന്‍ ഭേദഗതി കൊണ്ടുവരും. തോട്ടിപ്പണിക്കാര്‍ക്ക് ആനുകൂല്യങ്ങളോടെ സമയബന്ധിത പുനരധിവാസം ഉറപ്പാക്കും. ശുചിത്വസേവന വിഭാഗത്തിലെ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും.

എല്ലാ പട്ടികജാതി കുടുംബങ്ങള്‍ക്കും കിടപ്പാടം, വീട്, ശുചിത്വം, ജലം, വൈദ്യുതി, ആരോഗ്യം എന്നിവ ഉറപ്പാക്കും. ഇതിനായി ബജറ്റില്‍ തുക വകയിരുത്തും. പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണ ഒഴിവുകള്‍ സമയബന്ധിതമായി നികത്തും. പട്ടികവര്‍ഗ വിഭാഗക്കാരുടെ സംവരണവും സ്വകാര്യമേഖലയിലേക്ക് വ്യാപിപ്പിക്കും. ആദിവാസികളുടെ ഭൂവിനിയോഗ അവകാശം സംരക്ഷിക്കും. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരികെ പിടിച്ച് കൈമാറും. വനാവകാശനിയമം പൂര്‍ണതോതില്‍ നടപ്പാക്കും. 1980 എന്ന സമയപരിധി നിശ്ചയിച്ച് മറ്റ് പരമ്പരാഗത വനവാസികളെയും നിയമത്തിന്റെ പരിധിയിലാക്കും. ചെറുകിട വനോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കാന്‍ ദേശീയകമീഷന്‍ സ്ഥാപിക്കും. വനോല്‍പ്പന്നങ്ങള്‍ സംഭരിക്കും. ഭക്ഷ്യസുരക്ഷാ നിയമത്തില്‍ എല്ലാ വിഭാഗം ആദിവാസികളെയും ഉള്‍പ്പെടുത്തും. ആദിവാസി മേഖലകളില്‍ കുടിവെള്ളം, ശുചിത്വസംവിധാനങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, സ്കൂളുകള്‍, ഹോസ്റ്റലുകള്‍ എന്നിവ ഉറപ്പാക്കും. കേസുകളില്‍ ഉള്‍പ്പെട്ട് ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ ആദിവാസികളെ അടിയന്തരമായി വിട്ടയക്കും. ആദിവാസി ഭാഷകളുടെയും ലിപികളുടെയും അംഗീകാരവും സംരക്ഷണവും വികാസവും ഉറപ്പാക്കും.

മുസ്ലിം ന്യൂനപക്ഷത്തിന് ഉപപദ്ധതി

സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ആദിവാസി ഉപപദ്ധതിക്കു സമാനമായി മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കായി ഉപപദ്ധതി കൊണ്ടുവരുമെന്ന് സിപിഐ എം പ്രകടനപത്രിക. ന്യൂനപക്ഷ കമീഷനെ കൂടുതല്‍ അധികാരങ്ങളുള്ള നിയമപരമായ സമിതിയാക്കും. അധ്യക്ഷന്റെയും അംഗങ്ങളുടെയും പദവി മെച്ചപ്പെടുത്തും. മുസ്ലിം ജനസംഖ്യ കൂടുതലുള്ള ജില്ലകളില്‍ തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പ്രത്യേക സംരംഭങ്ങള്‍ തുടങ്ങും. രംഗനാഥ് കമീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കും. ഒബിസി വിഭാഗത്തില്‍ വരുന്ന മുസ്ലിങ്ങളെ അടിയന്തര നടപടിയെന്ന നിലയില്‍ ഒപിസി ക്വോട്ടയില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനാടിസ്ഥാനത്തില്‍ കൃത്യമായ വിഹിതത്തോടെയാകും ഈ നടപടി. ബാങ്കുകളുടെ മുന്‍ഗണനാ വായ്പയില്‍ 15 ശതമാനം മുസ്ലിങ്ങള്‍ക്കായി മാറ്റിവയ്ക്കും. സ്വയംതൊഴിലെടുക്കുന്ന മുസ്ലിം യുവാക്കള്‍ക്ക് സബ്സിഡി വായ്പ ഉറപ്പാക്കും. മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കും. സ്കോളര്‍ഷിപ്പും ഹോസ്റ്റല്‍ സൗകര്യവും വര്‍ധിപ്പിക്കും. സ്കൂളുകളില്‍ ഉര്‍ദുപഠനം പ്രോത്സാഹിപ്പിക്കും. ഉര്‍ദുവില്‍ നിലവാരമുള്ള പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ഉറുദു അധ്യാപക ഒഴിവുകള്‍ നികത്തും. തീവ്രവാദ കേസുകളില്‍ കുടുങ്ങുകയും പിന്നീട് വിട്ടയക്കുകയും ചെയ്യുന്ന മുസ്ലിങ്ങള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. ഇവരെ വ്യാജകേസുകളില്‍ ഉള്‍പ്പെടുത്തുകയും പീഡനങ്ങള്‍ക്ക് ഇരയാക്കുകയുംചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ഉറപ്പാക്കും. ഇത്തരം കേസുകളില്‍ വിചാരണ വേഗത്തിലാക്കുന്നതിന് അതിവേഗ കോടതി സ്ഥാപിക്കും.

പട്ടിണിരഹിത ഇന്ത്യക്ക് ഭക്ഷ്യാവകാശനിയമം

പട്ടിണിരഹിത ഇന്ത്യ എന്ന ലക്ഷ്യപ്രാപ്തിക്കായിഭക്ഷ്യാവകാശനിയമം കൊണ്ടുവരുമെന്ന് സിപിഐ എം പ്രഖ്യാപിച്ചു. താഴെപറയുന്ന സവിശേഷതകളുള്ളതാകും ഈ നിയമം.

$ എപിഎല്‍- ബിപിഎല്‍ വേര്‍തിരിവ് അവസാനിപ്പിക്കും. സാര്‍വത്രിക പൊതുവിതരണം ശക്തമാക്കും.
$ കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ ഒരു കുടുംബത്തിന് 35 കിലോഗ്രാമോ ഒരു വ്യക്തിക്ക് ഏഴു കിലോഗ്രാം വീതമോ (ഏതാണ് കൂടുതല്‍ അത്) വിതരണംചെയ്യും.
$ സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളെ സഹായിക്കും.
$ പലവ്യഞ്ജനങ്ങള്‍, ഭക്ഷ്യഎണ്ണ, പഞ്ചസാര, മണ്ണെണ്ണ എന്നിവയും പൊതുവിതരണസംവിധാനത്തിലൂടെ വിതരണംചെയ്യും.
$ ഐസിഡിഎസ്- ഉച്ചഭക്ഷണ പദ്ധതികളിലൂടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വിഹിതം വര്‍ധിപ്പിക്കും.
$ കുടിയേറ്റത്തൊഴിലാളികള്‍, അഗതികള്‍, വിധവകള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കും.
$ എഫ്സിഐ ശക്തിപ്പെടുത്തും. സംഭരണശാലകള്‍ നവീകരിക്കും.
$ ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന സംവിധാനത്തെ എതിര്‍ക്കും. സബ്സിഡി നിരക്കില്‍ 12 പാചകവാതക സിലിണ്ടര്‍ നല്‍കും. സബ്സിഡിയെ ആധാറുമായി ബന്ധിപ്പിക്കില്ല.

കസ്തൂരിരംഗന്‍ നിര്‍ദേശം നടപ്പാക്കില്ല

മാധവ് ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം നിര്‍ത്തിവയ്ക്കുമെന്ന് സിപിഐ എം പ്രകടനപത്രിക ഉറപ്പുനല്‍കുന്നു. പകരം വിശാലാടിസ്ഥാനത്തിലുള്ള വിദഗ്ധസമിതി രൂപീകരിക്കും. ജനതയുടെ ജീവിതോപാധിയും പശ്ചിമഘട്ടത്തിലെ ലോലമായ പരിസ്ഥിതിയും സംരക്ഷിക്കുന്ന സമഗ്രപദ്ധതി പുതിയ സമിതി തയ്യാറാക്കും. പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സമാഹരിച്ചും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തിയുമാണ് പദ്ധതി തയ്യാറാക്കുക. പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതിന് സംസ്ഥാനത്തിലും കേന്ദ്രത്തിലുമുള്ള സംവിധാനവും പ്രക്രിയയും കാര്യക്ഷമവും സമയബന്ധിതവും സുതാര്യവും അഴിമതിമുക്തവുമാക്കും. കാര്യക്ഷമമായ നിയന്ത്രണത്തിലൂടെ ഹരിതഗൃഹ വാതകങ്ങളുടെ വികിരണം കുറയ്ക്കും. ഉല്‍പ്പാദന മേഖലകളില്‍ ഊര്‍ജ കാര്യക്ഷമത ഉറപ്പാക്കും. സൗരോര്‍ജം, കാറ്റില്‍നിന്നുള്ള ഊര്‍ജം തുടങ്ങിയ ഊര്‍ജ മേഖലയെ പ്രോത്സാഹിപ്പിക്കും. ഊര്‍ജ അസമത്വം കുറയ്ക്കുന്നതിനായി സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്കുള്ള ഊര്‍ജ ലഭ്യത പ്രോത്സാഹിപ്പിക്കും. പ്രകൃതിദുരന്തവും കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളും കൈകാര്യംചെയ്യുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള ശേഷി വര്‍ധിപ്പിക്കും. പിന്നോക്ക ജനവിഭാഗങ്ങള്‍ക്കായി പരിസ്ഥിതി സൗഹൃദ വികസനതന്ത്രങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കും. കേന്ദ്ര- സംസ്ഥാന നിയന്ത്രണസമിതികളെ ശക്തിപ്പെടുത്തിയും നിയന്ത്രണ സംവിധാനം കാര്യക്ഷമമാക്കിയും നദികള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ മലിനീകരണം തടയും. നദീതടങ്ങളിലെ വിനാശകരമായ നിര്‍മാണപ്രവര്‍ത്തനം തടയാന്‍ നടപടിയുണ്ടാകും.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കും

ആരോഗ്യത്തിന് ഹാനികരമായ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള വീര്യമുള്ള കീടനാശിനികളുടെ ഉപയോഗം നിരോധിക്കും. കര്‍ഷകത്തൊഴിലാളികളുടെ പ്രതിദിന കുറഞ്ഞ കൂലി 300 രൂപയായി ഉയര്‍ത്താന്‍ ശ്രമിക്കും. മിനിമം വേതനം നിയമപരമായി നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ദിന പരിധി എടുത്തുകളയും. ദളിത്-ആദിവാസി തൊഴിലാളികളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കും. ഏകജാലക സംവിധാനത്തോടെ കര്‍ഷകത്തൊഴിലാളികള്‍ക്ക് സാര്‍വത്രിക സാമൂഹികസുരക്ഷ പദ്ധതി കൊണ്ടുവരും.

വനിതാ സംവരണബില്‍ പാസാക്കും

ലോക്സഭയില്‍ വനിത സംവരണബില്‍ പാസാക്കുമെന്ന് സിപിഐ എം പ്രകടനപത്രിക. പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്ന ബില്‍ രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും യുവജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതാണ് പ്രകടനപത്രിക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയായ അതിക്രമങ്ങളില്‍ ശക്തമായ നടപടി കൈക്കൊള്ളും. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാനുള്ള കാര്യക്ഷമമായ സംവിധാനം നടപ്പാക്കും. വെര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ കരിക്കുലത്തില്‍ മാറ്റം വരുത്തും. പൊതുഇടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കും. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകള്‍ അട്ടിമറിക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്ന പൊലീസുകാര്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് പിഴയീടാക്കും. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കും. ലൈംഗികാതിക്രമത്തിനും ആസിഡ് അക്രമത്തിനും ഇരയാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കും. ഗാര്‍ഹിക-ലൈംഗിക പീഡനങ്ങള്‍ തടയാനുള്ള നിയമം നടപ്പാക്കാന്‍ ബജറ്റില്‍ തുക വകയിരുത്തും. ലിംഗനിര്‍ണയ പരിശോധനയും ഭ്രൂണഹത്യയും നിരോധിക്കാനുള്ള നിയമം(പിസിപിഎന്‍ഡിടി ആക്ട്) കര്‍ശനമായി നടപ്പാക്കും. നിരീക്ഷണ കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തമാക്കും. ദുരഭിമാനഹത്യ തടയാനും ഗാര്‍ഹിക ജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെ സംരക്ഷണത്തിനും നിയമം പാസാക്കും. ജാതിയുടെയും ആചാരത്തിന്റെയും പേരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയും. ജനപ്രതിനിധികള്‍ക്ക് പെരുമാറ്റചട്ടം രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നടപ്പാക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു.

പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ ആധാര്‍ നടപ്പാക്കില്ല

പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാതെ ആധാര്‍ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഐ എം പ്രകടനപത്രികയില്‍ നിലപാട് വ്യക്തമാക്കി. ആധാര്‍ നടപ്പാക്കുംമുമ്പ് സ്വകാര്യതയും വിവരശേഖര സംരക്ഷണവും ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്നും പ്രകടനപത്രിക വാഗ്ദാനംചെയ്യുന്നു. പൗരന്മാര്‍ക്ക് സാമ്പത്തിക, സാമൂഹികസുരക്ഷാ സേവനങ്ങള്‍ ലഭ്യമാകുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ പിന്‍വലിക്കും. ആധാര്‍പദ്ധതിക്കായി ഉപയോഗിക്കുന്ന ബയോമെട്രിക് സംവിധാനത്തെക്കുറിച്ച് പരിശോധിക്കാന്‍ സ്വതന്ത്ര ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും പ്രകടനപത്രിക പറയുന്നു

deshabhimani

No comments:

Post a Comment