Thursday, March 6, 2014

"പെട്ടിക്കട ബാങ്കിങ്ങി"നെ ചെറുക്കും: ബെഫി

രാജ്യത്തെ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ക്കുന്ന "പെട്ടിക്കട ബാങ്കിങ്" സംവിധാനം തുടങ്ങാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) കേരള ഘടകം ആവശ്യപ്പെട്ടു.

"ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്റെ" മറവില്‍ രാജ്യത്താകമാനമുള്ള പൊതുമേഖലാ ബാങ്കുകള്‍ കിയോസ്ക് മോഡല്‍ അഥവാ പെട്ടിക്കട മാതൃകയിലുള്ള അത്യന്താധുനിക ബാങ്കിങ്ങിന് തയ്യാറെടുക്കുകയാണ്. കേരളത്തില്‍ കനറാ ബാങ്കും തുടര്‍ന്ന് കേരള ഗ്രാമീണ്‍ ബാങ്കും 148 കേന്ദ്രങ്ങളില്‍ ഇത്തരം സ്വകാര്യ സംവിധാനങ്ങളെ ബാങ്കിടപാടുകള്‍ നടത്താന്‍ ചുമതലപ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ പുരോഗമിക്കുന്നു. ദേശീയതലത്തില്‍ യൂണിയന്‍ ബാങ്ക് അടക്കമുള്ള മറ്റു പൊതുമേഖലാ ബാങ്കുകളും സമാന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞു.

ഇന്ത്യാ റേറ്റിങ് ആന്റ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ കണ്ടെത്തല്‍പ്രകാരം ഇന്ത്യയിലെ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 78 ശതമാനവും വായ്പയുടെ 76 ശതമാനവും ഇന്നും പൊതുമേഖലാ ബാങ്കുകളാണ് കൈകാര്യംചെയ്യുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ ഒരു ജീവനക്കാരന്‍ ശരാശരി 7.72 കോടി രൂപയുടെ നിക്ഷേപം കൈകാര്യം ചെയ്യുമ്പോള്‍ നവ സ്വകാര്യബാങ്കുകളില്‍ ഇത് കേവലം 5.72 കോടി മാത്രമാണെന്ന് പഠനം വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പെട്ടിക്കട ബാങ്കിങ് വ്യാപകമാക്കി ശാഖാരഹിത ബാങ്കിങ് എന്ന പുതിയ സംസ്കാരത്തിന് തുടക്കമിടുന്നത്. പൊതുമേഖലാ ബാങ്കുകളുടെ ആധിപത്യത്തിനു കാരണമായ വിശ്വാസ്യത തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണുള്ളത്. ജനകീയ പ്രതിരോധമുയര്‍ത്തി ഈ ജനവിരുദ്ധ മാതൃകയെ ചെറുത്തുതോല്‍പ്പിക്കാന്‍ ബെഫി പ്രതിജ്ഞാബദ്ധമാണ്. അര്‍ഥപൂര്‍ണമായ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന് കൂടുതല്‍ ശാഖകളും ജീവനക്കാരുമാണ് ആവശ്യം. ആധുനിക സാങ്കേതികവിദ്യാ സംവിധാനങ്ങളുടെ വില്‍പ്പനക്കാരെ മാത്രം സഹായിക്കുന്ന ബിസിനസ് കറസ്പോണ്ടന്റ് മാതൃകയില്‍നിന്ന് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും പിന്തിരിയണമെന്ന് ബെഫി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment