Wednesday, May 18, 2011

അഴിമതി അന്വേഷണം ഒച്ചിന്റെ വേഗത്തില്‍

2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ സുപ്രീംകോടതിയിലെ ജഡ്ജിമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങുന്ന ബെഞ്ച് വീണ്ടും നീരസം പ്രകടിപ്പിച്ചിരിക്കുന്നു. ഒന്നും രണ്ടും തവണയല്ല, പലതവണ ആദായനികുതിവകുപ്പിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സുപ്രീംകോടതി കുറ്റപ്പെടുത്താനിടയായത് കേന്ദ്രസര്‍ക്കാരിന് ഭൂഷണമല്ല. നിയന്ത്രണം സുപ്രീംകോടതി ഏറ്റെടുത്തിട്ടില്ലായിരുന്നെങ്കില്‍ കേസന്വേഷണത്തിന്റെ ഗതിയെന്താകുമായിരുന്നു എന്ന ഗൗരവമായ ചോദ്യമാണ് കോടതി ചോദിച്ചത്.

നികുതിവെട്ടിപ്പിന്റെ വിവരം 2008ല്‍ ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതാണെന്നതിന് വ്യക്തമായ തെളിവുണ്ടായിട്ടും അന്വേഷണം ആരംഭിക്കാന്‍ അനാവശ്യമായ കാലതാമസം നേരിട്ടു. കടലിലെ തിമിംഗലത്തെ കണ്ണില്‍പ്പെടാതിരിക്കുകയും വെള്ളത്തിലെ ഏറ്റവും ചെറിയ മത്സ്യമായ പരലിനെ പിടികൂടുകയും ചെയ്യുന്ന ആദായനികുതിവകുപ്പിനെയാണ് കോടതി വിമര്‍ശിച്ചത്. മെയ് അഞ്ചിന് കേസ് വാദത്തിന് വന്നപ്പോള്‍ കോടതി ആദായനികുതിവകുപ്പിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. അന്വേഷണറിപ്പോര്‍ട്ട് മെയ് 31നുമുമ്പ് സമര്‍പ്പിക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതീവഗുരുതരമായ നിരവധി അഴിമതി ആരോപണം അടുത്തകാലത്ത് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ , പതിവുപോലെ അന്വേഷണം പുരോഗമിക്കുന്നില്ല. മുമ്പും ഹവാലപോലുള്ള കോളിളക്കം സൃഷ്ടിച്ച അഴിമതി ആരോപണങ്ങളുടെ ഗതിയെന്തായി എന്ന് നമുക്ക് അറിയാവുന്നതാണ്. ബൊഫോഴ്സ് അഴിമതി ആരോപണം സംബന്ധിച്ച അന്വേഷണം ദശാബ്ദങ്ങള്‍ നീണ്ടുപോയി. അവസാനം ആരോപണവിധേയനായ ഇറ്റലിക്കാരന്‍ ക്വട്ടറോച്ചി രക്ഷപ്പെടുകയും ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, ഐപിഎല്‍ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളും കാലക്രമത്തില്‍ മറവിയുടെ പട്ടികയില്‍പ്പെട്ട് ബഹുജനശ്രദ്ധയില്‍നിന്ന് മാഞ്ഞുപോകാന്‍ ഇടവരുന്നതാണ് അനുഭവം. 2ജി സ്പെക്ട്രം അഴിമതിക്കും ഈ ഗതി വരാതിരിക്കാന്‍ സുപ്രീംകോടതിയുടെ നിരന്തരമായ ഇടപെടല്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കാം. ഇതൊക്കെ മറവിയുടെ പട്ടികയില്‍പ്പെടാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നേ മതിയാകൂ.

deshabhimani editorial 180511

1 comment:

  1. 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ സുപ്രീംകോടതിയിലെ ജഡ്ജിമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങുന്ന ബെഞ്ച് വീണ്ടും നീരസം പ്രകടിപ്പിച്ചിരിക്കുന്നു. ഒന്നും രണ്ടും തവണയല്ല, പലതവണ ആദായനികുതിവകുപ്പിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സുപ്രീംകോടതി കുറ്റപ്പെടുത്താനിടയായത് കേന്ദ്രസര്‍ക്കാരിന് ഭൂഷണമല്ല. നിയന്ത്രണം സുപ്രീംകോടതി ഏറ്റെടുത്തിട്ടില്ലായിരുന്നെങ്കില്‍ കേസന്വേഷണത്തിന്റെ ഗതിയെന്താകുമായിരുന്നു എന്ന ഗൗരവമായ ചോദ്യമാണ് കോടതി ചോദിച്ചത്.

    ReplyDelete