Thursday, May 19, 2011

ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ വികൃതമുഖം

കര്‍ണാടകത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ അയച്ച ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ചയും തീരുമാനമെടുത്തില്ല. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം വിഷയം ചര്‍ച്ചചെയ്യുമെന്നാണ് സൂചന. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 121 എംഎല്‍എമാരുമായി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ കാണുകയും ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് യെദ്യൂരപ്പയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയുംചെയ്ത കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തില്‍ കര്‍ണാടക രാഷ്ട്രീയത്തിന്റെ സമീപഭാവി എന്താകുമെന്ന് പ്രവചിക്കാനാവില്ലതന്നെ.

കര്‍ണാടകത്തില്‍ ഗവര്‍ണറെ അനുകൂലിച്ചും എതിര്‍ത്തും പ്രകടനങ്ങള്‍ നടക്കുന്നു. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമെതിരെ രൂക്ഷവിമര്‍ശവുമായി ഗവര്‍ണര്‍ രംഗത്തുവരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവയ്ക്കാന്‍ ആലോചിക്കുന്നു. ബന്ദും റോഡ് ഉപരോധവും ഗവര്‍ണറുടെ കോലം കത്തിക്കലുമൊക്കെയായി സംസ്ഥാനം പ്രശ്നകലുഷമാണ്. ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലെത്തിയെന്ന് അഹങ്കരിക്കുന്ന ബിജെപി ക്ഷണിച്ചുവരുത്തിയ നടപടിതന്നെയാണ് രാഷ്ട്രപതി ഭരണത്തിനുള്ള ഗവര്‍ണറുടെ രണ്ടാമത്തെ ശുപാര്‍ശ. കുതിരക്കച്ചവടവും കുതികാല്‍വെട്ടും പതിവാക്കിയ ബിജെപി പാര്‍ലമെന്ററി ജനാധിപത്യത്തെ കാറ്റില്‍പ്പറത്തിയാണ് അധികാരത്തില്‍ തുടരുന്നത്. രാഷ്ട്രീയ സദാചാരവും ധാര്‍മികതയും കര്‍ണാടകത്തില്‍നിന്ന് നാടുകടത്തപ്പെട്ട വാക്കുകളാണ്. മൂന്നുവര്‍ഷംമാത്രം പിന്നിടുന്ന ബിജെപി സര്‍ക്കാരിനിത് നാലാമത്തെ പ്രതിസന്ധിയാണ്. 2009 നവംബര്‍ മുതല്‍ തുടങ്ങിയ വിമതനീക്കം പാരമ്യത്തില്‍ എത്തിയപ്പോഴാണ് അഞ്ച് സ്വതന്ത്രര്‍ അടക്കം 16 എംഎല്‍എമാര്‍ യെദ്യൂരപ്പയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. അഴിമതി നടത്തിയും പ്രകൃതിസമ്പത്ത് കൊള്ളയടിച്ചും കീശ വീര്‍പ്പിക്കാനുള്ള നീക്കവും അതുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയതെന്ന് നിസംശയം പറയാം.

സര്‍ക്കാര്‍ഭൂമി ബന്ധുക്കള്‍ക്കും മക്കള്‍ക്കും വീതംവച്ചും വന്‍തോതില്‍ ഭൂസമ്പത്ത് സ്വന്തമാക്കിയുമാണ് ബിജെപിയുടെ "വ്യത്യസ്ത" ഭരണം മുന്നേറുന്നത്. സ്വജനപക്ഷപാതവും കോടികളുടെ അഴിമതിയും നടത്തിയ യെദ്യൂരപ്പയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും നേതൃമാറ്റം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിമതര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുന്നത്. നിലനില്‍പ്പിനായി വിശ്വാസവോട്ട് തേടേണ്ടിവന്ന യെദ്യൂരപ്പ ഒക്ടോബര്‍ 10ന് തലേന്നാള്‍ അഞ്ച് സ്വതന്ത്രര്‍ അടക്കം 16 സ്വന്തം എംഎല്‍എമാരെ അയോഗ്യരാക്കി. സ്പീക്കറുടെ ഓഫീസ് ഇതിനുവേണ്ട ഒത്താശചെയ്തു. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ കോടതിയെ സമീപിച്ചു. അഞ്ചു മാസത്തെ വാദം കേള്‍ക്കലിനുശേഷം ഹൈക്കോടതി സ്പീക്കറുടെ നടപടി ശരിവച്ചു. സുപ്രീംകോടതിവരെ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 16 പേരുടെ അംഗത്വം പുനഃസ്ഥാപിച്ചു. സ്പീക്കര്‍ ഭരണഘടനാതത്വങ്ങള്‍ ലംഘിച്ചതായും ഏറെ ധൃതിപ്പെട്ടാണ് അയോഗ്യരാക്കാനുള്ള നീക്കം കൈക്കൊണ്ടതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിലായി നടന്ന വിശ്വാസ വോട്ടെടുപ്പ് പ്രഹസനമാണെന്നും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബര്‍ 12ന് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളുകയായിരുന്നു. പതിനാറ് എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയതോടെ യെദ്യൂരപ്പ മന്ത്രിസഭ കൂടുതല്‍ ന്യൂനപക്ഷമായി. അയോഗ്യരാക്കിയ എംഎല്‍എമാരുടെ അംഗത്വം പുനഃസ്ഥാപിച്ച് സുപ്രീംകോടതി ഉത്തരവ് വന്നതോടെ വിമത എംഎല്‍എമാര്‍ വീണ്ടും ബിജെപി പാളയത്തിലേക്കു തന്നെ ചേക്കേറി. മന്ത്രിസ്ഥാനം വാഗ്ദാനംചെയ്താണ് ഇവരെ തിരികെ ബിജെപിയില്‍ എത്തിച്ചത്. കേന്ദ്രനേതാക്കളുടെ "അക്ഷീണയത്നവും" ഇതിനു പിന്നിലുണ്ട്. പിന്നീട് ബംഗളൂരുവിലെത്തിയ വിമതര്‍ യെദ്യൂരപ്പയില്‍ പൂര്‍ണ വിശ്വാസമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കി. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ കര്‍ണാടകത്തിലെ സര്‍ക്കാരിനെ മരവിപ്പിച്ച് രാഷ്ട്രപതിഭരണം വേണമെന്ന് ശുപാര്‍ശചെയ്തത്.

നേരത്തെ കൈക്കൊണ്ട അതേ നിലപാടില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണ് എച്ച് ആര്‍ ഭരദ്വാജ് ചെയ്തത്. എന്നാല്‍ , തങ്ങള്‍ക്ക് 121 പേരുടെ പിന്തുണയുണ്ടെന്നും അതുകൊണ്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ ജനാധിപത്യവിരുദ്ധമാണെന്നാണ് ബിജെപി ഇപ്പോള്‍ പറയുന്നത്. വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ വിമത എംഎല്‍എമാര്‍ ത്രിശങ്കുവിലാകും. 11 പേര്‍ സാങ്കേതികമായി ബിജെപി എംഎല്‍എമാരാണ്. വിശ്വാസ വോട്ടെടുപ്പില്‍ വിപ്പ് ലംഘിച്ച് ഈ 11 പേരും വോട്ട് ചെയ്താല്‍ അയോഗ്യരാക്കപ്പെടുകയാകും ഫലം. ആറ് വര്‍ഷത്തേക്ക് മത്സരിക്കാനുമാകില്ല.

ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ പുറംതിരിഞ്ഞുനില്‍ക്കുന്നത് രാഷ്ട്രീയത്തിലൂടെ കോടികള്‍ കൊയ്യാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും തിരിച്ചറിഞ്ഞാണ് വിമതര്‍ നാണംകെട്ട് വീണ്ടും യെദ്യൂരപ്പയെ പിന്തുണച്ചത്. ഒരിക്കല്‍ മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്നു പറയുക; മാസങ്ങള്‍ കഴിയുമ്പോള്‍ അതേയാളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കുക- അധികാരക്കൊതിയും പദവി നഷ്ടപ്പെടുമെന്ന ബോധവുമാണ് വിമതരെ ഇതിലേക്ക് നയിച്ചതെന്ന് വ്യക്തം. നോമിനേറ്റ് ചെയ്യപ്പെട്ട ഒരു അംഗമടക്കം 225 പേരാണ് കര്‍ണാടക നിയമസഭയിലുള്ളത്. ഇതില്‍ ഒരു ജെഡിഎസ് അംഗം അടുത്തിടെ രാജിവച്ചിരുന്നു. നേരത്തെ സ്പീക്കറടക്കം 106 അംഗങ്ങളായിരുന്നു ബിജെപിക്കൊപ്പം. ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് കൂടി നേടിയതോടെ ഇത് 109 ആയി ഉയര്‍ന്നു. കോലാറില്‍നിന്നുള്ള സ്വതന്ത്ര അംഗം വരത്തൂര്‍ പ്രകാശിന്റെ പിന്തുണ കൂടിയാകുമ്പോള്‍ ബിജെപിക്ക് മൊത്തം 110 പേരുടെ പിന്തുണയാണുള്ളത്. കോണ്‍ഗ്രസിന് 71ഉം ജെഡിഎസിന് 26ഉം എംഎല്‍എമാരാണുള്ളത്. ഭൂസമ്പത്തും പൊതുമുതലും കൊള്ളയടിക്കുന്നതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ നടത്തിയ അഴിമതിയുടെ പങ്കുപറ്റുന്നതു സംബന്ധിച്ച തര്‍ക്കമാണ് പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കിയത്. അധികാരം നിലനിര്‍ത്താനും പണം സമ്പാദിക്കാനും കുറെ എംഎല്‍എമാര്‍ കച്ചവടച്ചരക്കാകുന്നതിന്റെ ദുരോഗ്യമാണ് കര്‍ണാടകം വിളിച്ചുപറയുന്നത്. ഭരണരാഷ്ട്രീയത്തിന്റെ കച്ചവടവല്‍ക്കരണവും മാഫിയാവല്‍ക്കരണവും ഒരു സംസ്ഥാനത്തെ എത്രമാത്രം അധഃപതിപ്പിക്കുമെന്ന് കര്‍ണാടകത്തിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖമാണവിടെ തെളിയുന്നത്.

deshabhimani editorial 190511

1 comment:

  1. കര്‍ണാടകത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ അയച്ച ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ചയും തീരുമാനമെടുത്തില്ല. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം വിഷയം ചര്‍ച്ചചെയ്യുമെന്നാണ് സൂചന. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 121 എംഎല്‍എമാരുമായി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ കാണുകയും ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് യെദ്യൂരപ്പയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയുംചെയ്ത കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തില്‍ കര്‍ണാടക രാഷ്ട്രീയത്തിന്റെ സമീപഭാവി എന്താകുമെന്ന് പ്രവചിക്കാനാവില്ലതന്നെ.

    ReplyDelete