Thursday, May 19, 2011

ആദാമിന്റെ മകന്‍ അബു മികച്ച ചിത്രം; സലിംകുമാര്‍ മികച്ച നടന്‍

ന്യൂഡല്‍ഹി: മികച്ച ചിത്രവും മികച്ച നടനും അടക്കം മലയാളത്തിലെ ആദാമിന്റെ മകന്‍ അബു നാല് ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. സലിം അഹമ്മദാണ് സംവിധായകനും നിര്‍മാതാവും. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണിത്. മികച്ച നടനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയതാരം സലിംകുമര്‍ നേടി. തമിഴിലെ ധനുഷും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. അവാര്‍ഡ് പങ്കിടുകയല്ലെന്നും രണ്ടു പേര്‍ക്കും അവാര്‍ഡ് നല്‍കുകയാണെന്നും ജൂറി പറഞ്ഞു. നേരത്തെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയം സലിംകുമാറിന് ദേശീയ പ്രശസ്തി നേടിക്കൊടുത്തിരുന്നു. ആടുകുളത്തിലെ അഭിനയത്തിനാണ് ധനുഷ് അവാര്‍ഡ് നേടിയത്.

ആദാമിന്റെ മകന്‍ അബുവിലെ ഛായാഗ്രഹണത്തിന് മധുഅമ്പാട്ടും പശ്ചാത്തല സംഗീതത്തിന് ഐസക് തോമസ് കൊട്ടുകാപ്പള്ളിയും അവാര്‍ഡു നേടി. മലയാളത്തിലെ മികച്ച ചിത്രം ഡോ. ബിജുവിന്റെ വീട്ടിലേക്കുള്ള വഴിയാണ്. മികച്ച സഹനടി സുകുമാരിയാണ്. നമ്മനാട് എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിമാരായി തമിഴിലെ ശരണ്യപൊന്‍വണ്ണനും മറാട്ടിനടി മിഥാലിയും തെരഞ്ഞെടുക്കപ്പെട്ടു ദേശീയോദ്ഗ്രഥന ചിത്രമായി ഗൗതം ഘോഷ് സംവിധാനം ചെയ്ത മാനേര്‍ മാനുഷ് നേടി. നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ സ്നേഹല്‍ ആര്‍ നായരുടെ ദ ജെം അര്‍ഹമായി. ഹസന്‍കുമാര്‍ സംവിധാനം ചെയ്ത കന്നഡചിത്രം ബെഡജീവ മികച്ച പരിസ്ഥിതിചിത്രമായി. സിനിമാ നിരൂപണത്തിന് മലയാളിയായ ജോഷി ജോസഫിന് പുരസ്കാരം ലഭിച്ചു.

കുട്ടികളുടെ ചിത്രമായി കന്നഡയിലെ ഗേജഗാലു അര്‍ഹമായി. മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമക്ക് മറാഠിയിലെ ചാമ്പ്യന്‍ അര്‍ഹമായി. ആഖ്യാനത്തിന് വെല്‍ക്കം റ്റു ഔവര്‍വേള്‍ഡ് എന്ന ചിത്രത്തിന്റെ നിരഞ്ജന്‍ ഭട്ടാചാര്യക്കാണ്. ദ ജെമിന്റെ എഡിറ്റര്‍ ടിനിമിത്രക്കും അവാര്‍ഡുണ്ട്. എന്തിരനിലെ കലാസംവിധാനത്തിന് സാബു സിറിള്‍ അവാര്‍ഡ് നേടി.മികച്ച അന്വേഷണാത്മകചിത്രത്തിന് മനോജ് ആര്‍ നായര്‍ സംവിധാനം ചെയ്ത പെസ്റ്ററിങ്ങ് ജേര്‍ണി അര്‍ഹമായി.ഒറ്റയാള്‍ എന്ന ഡോക്യുമെന്ററിക്ക് ഷൈനിജേക്കബിന് പ്രത്യേകപുരസ്കാരമുണ്ട്.വീട്ടിലേക്കുള്ള വഴി മികച്ച മലയാളചിത്രമായി.പശ്ചാത്തലസംഗീതത്തിന് ഐസക്തോമസ് കൊട്ടുകാപ്പള്ളിക്കാണ് അവാര്‍ഡ്.

നന്മയുള്ള കഥാപാത്രം: സലിംകുമാര്‍


കൊച്ചി: മലയാളത്തിലായാലും മറ്റു ഭാഷകളിലായാലും മുഖ്യ ധാരാ സിനിമകള്‍ മുസ്ലിമിനെ ഭീകരനായും തീവ്രവാദിയായും മാത്രം ചിത്രീകരിക്കുന്ന ഇക്കാലത്ത് നന്മ മാത്രം കാണുന്ന ഒരു കഥാപാത്രത്തെയാണ് ആദാമിന്റെ മകന്‍ അബുവില്‍ താന്‍ അവതരിപ്പിക്കുന്നതെന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സലിംകുമാര്‍ പ്രതികരിച്ചു. അതാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകതയും. അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. സംവിധായകന്‍ സലിം അഹമ്മദിനും ഛായാഗ്രാഹകന്‍ മധു അമ്പാട്ടിനും സലിംകുമാര്‍ നന്ദി പറഞ്ഞു. തനിക്കുവേണ്ടി ജീവിച്ച ഉമ്മയ്ക്കും തനിക്കുവേണ്ടി ജീവിക്കുന്ന ഭാര്യക്കുമായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം തുടര്‍ന്നു.

deshabhimani news

1 comment:

  1. മികച്ച ചിത്രവും മികച്ച നടനും അടക്കം മലയാളത്തിലെ ആദാമിന്റെ മകന്‍ അബു നാല് ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. സലിം അഹമ്മദാണ് സംവിധായകനും നിര്‍മാതാവും. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണിത്. മികച്ച നടനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയതാരം സലിംകുമര്‍ നേടി. തമിഴിലെ ധനുഷും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. അവാര്‍ഡ് പങ്കിടുകയല്ലെന്നും രണ്ടു പേര്‍ക്കും അവാര്‍ഡ് നല്‍കുകയാണെന്നും ജൂറി പറഞ്ഞു. നേരത്തെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയം സലിംകുമാറിന് ദേശീയ പ്രശസ്തി നേടിക്കൊടുത്തിരുന്നു. ആടുകുളത്തിലെ അഭിനയത്തിനാണ് ധനുഷ് അവാര്‍ഡ് നേടിയത്.

    ReplyDelete