Wednesday, May 18, 2011

പാകിസ്ഥാനു കൈമാറിയ കുറ്റവാളി പട്ടികയില്‍ പെട്ടയാള്‍ താനെയില്‍

മുംബൈ/അഗര്‍ത്തല: ഇന്ത്യ പാകിസ്ഥാനു കൈമാറിയ 50 പിടികിട്ടാ കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ മുംബൈയ്ക്കടുത്ത് താനെയില്‍ താമസിക്കുന്നുണ്ടെന്നു കണ്ടെത്തി. മഹാരാഷ്ട്രയിലെ വിവിധ സ്‌ഫോടന കേസുകളില്‍ പ്രതിയായ വസുല്‍ കമര്‍ ഖാനാണ്, പാകിസ്ഥാനു കൈമാറിയ പട്ടികയില്‍ തെറ്റായി കടന്നുകൂടിയത്. രാജ്യത്തിനു നാണക്കേടുണ്ടാക്കിയ പിഴവിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മുളുണ്ട് സ്‌ഫോടനം അടക്കം മഹാരാഷ്ട്രയിലെ നാലു ഭീകരാക്രമണ കേസുകളില്‍ പ്രതിയായ വസുല്‍ കമര്‍ ഏതാനും വര്‍ഷമായി താനെയിലാണ് താമസം. മുളുണ്ട് കേസില്‍ ജാമ്യം കിട്ടിയതിനെത്തുടര്‍ന്ന് താനെയിലെ വീട്ടില്‍ മാതാവിനോടും ഭാര്യയോടും കുട്ടികളോടുമൊപ്പമാണ് താമസമെന്ന് കമര്‍ പറഞ്ഞു. ഒരു വര്‍ഷമായി സാരി ബിസിനസ് നടത്തുകയാണ് കമര്‍.
കമറിന്റെ പേര് പട്ടികയില്‍ കടന്നുകൂടിയതില്‍ പിഴവു പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം അഗര്‍ത്തലയില്‍ പറഞ്ഞു. ഒരേ പേരില്‍ രണ്ടാളുകളാണോ പരാമര്‍ശവിധേയമായിരിക്കുന്നതെന്ന് പരിശോധിക്കണം. അല്ലെങ്കില്‍ ഇത് ഉദ്യോഗസ്ഥ തലത്തില്‍ വന്ന പിഴവായിരിക്കാം. എന്നാല്‍ ഇതൊരു വലിയ പ്രശ്‌നമായി കാണുന്നില്ലെന്ന് ചിദംബരം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യ പാകിസ്ഥാനും കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ 41-ാമനാണ് വസുല്‍ കമര്‍ ഖാന്‍. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം, ലഷ്‌കറെ ത്വയ്യിബ തലവന്‍ ഹാഫിസ് സയ്യിദ്, കൊടുംഭീകരന്‍ സാകിവുര്‍ റഹ്മാന്‍ ലഖ്‌വി തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് പട്ടിക. മഹാരാഷ്ട്ര പൊലീസ്, ദേശീയ അന്വേഷണ ഏജന്‍സി, സി ബി ഐ തുടങ്ങിയവയുമായി കൂടിയാലോചിച്ചാണ് ആഭ്യന്തര മന്ത്രാലയം പട്ടിക തയ്യറാക്കിയത്. 2003ലെ മുളുണ്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്ത ഖാന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് മഹാരാഷ്ട്രാ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനെക്കുറിച്ച് വിശദീകരണം ആരാഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ പറഞ്ഞു.

വര്‍ഷങ്ങളായി താനെയില്‍ താമസിക്കുന്ന തന്റെ പേര് പാകിസ്ഥാനു കൈമാറിയ പട്ടികയില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയതായി ഖാന്‍ പറഞ്ഞു. താന്‍ ഇതുവരെ പാകിസ്ഥാനില്‍ പോയിട്ടില്ലെന്നും ഖാന്‍ അറിയിച്ചു. മുളുണ്ടിലെയോ മറ്റേതെങ്കിലും സ്‌ഫോടനവുമായോ തനിക്കു ബന്ധമില്ലെന്ന് ഖാന്‍ അവകാശപ്പെട്ടു. കേസുകളില്‍ കൃത്യമായി കോടതിയില്‍ ഹാജരാവുന്നുണ്ട്. നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് കരുതുന്നതെന്ന് ഖാന്‍ പറഞ്ഞു.

കേസുകളില്‍ പെട്ട ശേഷം കുറെ നാള്‍ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായിരുന്നു.  മഹാരാഷ്ട്രയില്‍ തിരിച്ചെത്തി ജാമ്യം നേടിയ ശേഷം ധാരാവിയില്‍ ഒരു സാരി ഉല്‍പ്പാദന യൂണിറ്റ് തുടങ്ങി. ഇപ്പോഴത്തെ വാര്‍ത്ത പുറത്തുവന്നതോടെ ജീവിതം വീണ്ടും നരകമായിരിക്കുകയാണെന്ന് ഖാന്‍ പറഞ്ഞു. പന്ത്രണ്ടു വര്‍ഷമായി താനെയിലുള്ള ഖാന്‍ ഇതുവരെ പാകിസ്ഥാനില്‍ പോയിട്ടില്ലെന്ന് ഭാര്യ ആയിഷ പറഞ്ഞു.

മുളുണ്ട് സ്‌ഫോടനത്തിനുപുറമേ വിലെ പാര്‍ലെ സ്‌ഫോടനം, ഘാട്‌കോപ്പര്‍ സ്‌ഫോടനം, മുംബൈ സെന്‍ട്രല്‍ സ്‌ഫോടനം എന്നീ കേസുകളിലും ഖാന്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.

janayugom 180511

1 comment:

  1. ഇന്ത്യ പാകിസ്ഥാനു കൈമാറിയ 50 പിടികിട്ടാ കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ മുംബൈയ്ക്കടുത്ത് താനെയില്‍ താമസിക്കുന്നുണ്ടെന്നു കണ്ടെത്തി. മഹാരാഷ്ട്രയിലെ വിവിധ സ്‌ഫോടന കേസുകളില്‍ പ്രതിയായ വസുല്‍ കമര്‍ ഖാനാണ്, പാകിസ്ഥാനു കൈമാറിയ പട്ടികയില്‍ തെറ്റായി കടന്നുകൂടിയത്. രാജ്യത്തിനു നാണക്കേടുണ്ടാക്കിയ പിഴവിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

    ReplyDelete