Tuesday, May 17, 2011

ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട കര്‍ണാടക

തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും എന്നു പറഞ്ഞപോലെയാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ കുറെ നാളായുള്ള സ്ഥിതി. ഒരു വശത്ത് കുതിരക്കച്ചവടം ഉള്‍പ്പെടെയുള്ള എല്ലാവിധ കുതന്ത്രങ്ങളുമായി ബി ജെ പിയും മറുവശത്ത് എങ്ങനെയും സര്‍ക്കാരിനെ മറിച്ചിടുകയെന്ന അജന്‍ഡയുമായി ഗവര്‍ണറും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെയെല്ലാം അപഹസിച്ചുകൊണ്ട് വടംവലി നടത്തിക്കൊണ്ടിരിക്കുകയാണ്. പണക്കൊഴുപ്പിന്റെ ബലത്തില്‍ തെക്കെ ഇന്ത്യയില്‍ ആദ്യമായി ഭരണം പിടിച്ച ബി ജെ പി അധികാരത്തില്‍ വന്ന അന്നു മുതല്‍ നിരന്തരമായ വിമതശല്യം നേരിടുകയും പണക്കൊഴുപ്പിന്റെ ബലത്തില്‍ തന്നെ അതിനെ അതിജീവിച്ചുകൊണ്ടിരിക്കുകയുമാണ്. കോണ്‍ഗ്രസാവട്ടെ, ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കഴിഞ്ഞ ദിവസം രാത്രി ഗവര്‍ണര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത് ഇതിന് ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. ആരോഗ്യകരമായ ജനാധിപത്യ സ്ഥിതി നിലനില്‍ക്കാന്‍ ഈ രണ്ടുകൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ ഭൂഷണമല്ല തന്നെ.

കഴിഞ്ഞ വര്‍ഷം അവസാനം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച എം എല്‍ എമാരെ, സര്‍ക്കാര്‍ വിശ്വാസവോട്ടു തേടുന്നതിനു തൊട്ടുമുമ്പായി അയോഗ്യരാക്കിയ സ്പീക്കര്‍  കെ ജി ബൊപ്പയ്യയുടെ നടപടി റദ്ദാക്കിയ സുപ്രിം കോടതി ഉത്തരവോടെയാണ് കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. 11 സ്വതന്ത്ര എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. സ്വതന്ത്രര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാണോയെന്ന പ്രധാനപ്പെട്ട ഭരണഘടനാ പ്രശ്‌നം ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. കര്‍ണാടക ഹൈക്കോടതി സ്പീക്കറുടെ നടപടി ശരിവയ്ക്കുകയാണുണ്ടായത്. എന്നാല്‍ സ്പീക്കറുടെ നടപടി ഭരണഘടനാപരമല്ലെന്നും അതു സര്‍ക്കാരിന്റെ നിലനില്‍പ്പ് ഉറപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതെന്നുമാണ്, ഇക്കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയില്‍ സുപ്രിം കോടതി ചൂണ്ടിക്കാട്ടിയത്.

വിമത എം എല്‍ എമാര്‍ക്ക് സഭാംഗത്വം തിരിച്ചുകിട്ടിയതോടെ യദ്യൂരപ്പ സര്‍ക്കാര്‍ ന്യൂനപക്ഷമായെന്ന വാദം യുക്തിയുള്ളതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ നാടകീയമായ രാഷ്ട്രീയനീക്കത്തിനൊടുവില്‍ ബി ജെ പി വിമതരില്‍ നല്ലൊരു പങ്കിനെയും  തങ്ങളുടെ പാളയത്തില്‍ തിരിച്ചെത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഭൂരിപക്ഷത്തിന് ഭീഷണിയില്ലെന്നുവേണം അനുമാനിക്കാന്‍. അഥവാ അത്തരമൊരു സംശയമുണ്ടെങ്കില്‍ അത് പുതിയൊരു വിശ്വാസവോട്ടിലൂടെയാണ് ദൂരീകരിക്കേണ്ടത്. ജനാധിപത്യത്തില്‍ അനുവര്‍ത്തിക്കേണ്ട ഭരണഘടനാപരമായ മാര്‍ഗം അതാണ്. അല്ലാതെ മറിച്ചൊരു തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. പണമെറിഞ്ഞ് എം എല്‍ എമാരെ ഒപ്പം നിര്‍ത്തുന്ന ബി ജെ പിയെ എതിര്‍ക്കുമ്പോള്‍ തന്നെ ഗവര്‍ണറുടെ നടപടിയെ അംഗീകരിക്കാനാവാത്തത് അതുകൊണ്ടാണ്.

രാഷ്ട്രീയ കുതിരക്കച്ചവടവും പണാധിപത്യവും അരങ്ങുതകര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഒട്ടേറെ പരിമിതികളുണ്ടെങ്കില്‍ പോലും പുതിയ വിശ്വാസവോട്ട് നടത്തുകയെന്നതാണ് കര്‍ണാടകയില്‍ അവലംബിക്കേണ്ട മാര്‍ഗം. സ്ഥാനത്തും അസ്ഥാനത്തും 356-ാം വകുപ്പ് പ്രയോഗിച്ച് സര്‍ക്കാരുകളെ കുരുതികൊടുക്കുന്ന കോണ്‍ഗ്രസിന്റെ രീതി നമ്മുടെ ഫെഡറല്‍ ഭരണക്രമത്തിനു ഗുണം ചെയ്യില്ല. ചെകുത്താനും കടലിനും ഇടയില്‍പെട്ടുപോയ കര്‍ണാടകയിലെ ജനാധിപത്യ സംവിധാനത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനേ അതുപകരിക്കൂ.

ജനയുഗം മുഖപ്രസംഗം 170511

1 comment:

  1. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും എന്നു പറഞ്ഞപോലെയാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ കുറെ നാളായുള്ള സ്ഥിതി. ഒരു വശത്ത് കുതിരക്കച്ചവടം ഉള്‍പ്പെടെയുള്ള എല്ലാവിധ കുതന്ത്രങ്ങളുമായി ബി ജെ പിയും മറുവശത്ത് എങ്ങനെയും സര്‍ക്കാരിനെ മറിച്ചിടുകയെന്ന അജന്‍ഡയുമായി ഗവര്‍ണറും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെയെല്ലാം അപഹസിച്ചുകൊണ്ട് വടംവലി നടത്തിക്കൊണ്ടിരിക്കുകയാണ്. പണക്കൊഴുപ്പിന്റെ ബലത്തില്‍ തെക്കെ ഇന്ത്യയില്‍ ആദ്യമായി ഭരണം പിടിച്ച ബി ജെ പി അധികാരത്തില്‍ വന്ന അന്നു മുതല്‍ നിരന്തരമായ വിമതശല്യം നേരിടുകയും പണക്കൊഴുപ്പിന്റെ ബലത്തില്‍ തന്നെ അതിനെ അതിജീവിച്ചുകൊണ്ടിരിക്കുകയുമാണ്. കോണ്‍ഗ്രസാവട്ടെ, ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കഴിഞ്ഞ ദിവസം രാത്രി ഗവര്‍ണര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത് ഇതിന് ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. ആരോഗ്യകരമായ ജനാധിപത്യ സ്ഥിതി നിലനില്‍ക്കാന്‍ ഈ രണ്ടുകൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ ഭൂഷണമല്ല തന്നെ.

    ReplyDelete