Tuesday, May 17, 2011

വിമാന ഇന്ധനത്തിന് പെട്രോളിനേക്കാള്‍ കുറഞ്ഞ വില

കഴിഞ്ഞ ദിവസത്തെ വര്‍ധനയോടെ രാജ്യത്ത് പെട്രോളിനേക്കാള്‍ കുറഞ്ഞ വില വ്യോമ ഇന്ധനത്തിന്. അഞ്ചു രൂപ വര്‍ധിപ്പിച്ചതോടെ രാജ്യതലസ്ഥാനത്ത് 63.37 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. മറ്റിടങ്ങളില്‍ ഇത് 67 രൂപ വരെയെത്തും. എന്നാല്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന് (എ ടി എഫ്) 60.56 രൂപയാണ് ഡല്‍ഹിയിലെ വില.

പെട്രോള്‍ വില കുത്തനെ ഉയര്‍ത്തിയതിനു പിറ്റേന്ന് വിമാന ഇന്ധനത്തിന്റെ വിലയില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ കുറവു വരുത്തിയിരുന്നു. 2.9 ശതമാനത്തിന്റെ കുറവാണ് എവിയേഷന്‍ ടര്‍ബന്‍ ഫ്യുവലില്‍ വരുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുറഞ്ഞ സാഹചര്യത്തിലാണ് എ ടി എഫ് വില കുറയ്ക്കുന്നതെന്ന് കമ്പനികള്‍ അറിയിച്ചു.
കിലോലിറ്ററില്‍ 1766 രൂപയുടെ കുറവാണ് വ്യോമ ഇന്ധനത്തില്‍ വരുത്തിയിട്ടുള്ളത്. ഇതനുസരിച്ച് 58,794 രൂപയാണ് ഒരു കിലോലിറ്റര്‍ വ്യോമ ഇന്ധനത്തിന് ഡല്‍ഹിയിലെ വില. പുതിയ വില കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

അതേസമയം ഇന്ധന വില കുറച്ചതിലൂടെ ടിക്കറ്റ് നിരക്കില്‍ കുറവു വരുത്തുമോയെന്ന കാര്യത്തില്‍ വിമാന കമ്പനികള്‍ വ്യക്തത നല്‍കിയിട്ടില്ല.

പെട്രോളിനെ അപേക്ഷിച്ച് കുറഞ്ഞ നികുതിയാണ് സര്‍ക്കാര്‍ എ ടി എഫിന് ഈടാക്കുന്നത്. ഏഴര ശതമാനം കസ്റ്റംസ് തീരുവയാണ് പെട്രോളിനു നല്‍കേണ്ടിവരുന്നത്. എ ടി എഫിന് കസ്റ്റംസ് തീരുവയില്ല. ഒരു ലിറ്റര്‍ പെട്രോളിന് എട്ടു രൂപ എക്‌സൈസ് തീരുവ നല്‍കേണ്ടിവരുമ്പോള്‍ എ ടി എഫിന് അതും ഇല്ല.

ജനയുഗം 170511

1 comment:

  1. കഴിഞ്ഞ ദിവസത്തെ വര്‍ധനയോടെ രാജ്യത്ത് പെട്രോളിനേക്കാള്‍ കുറഞ്ഞ വില വ്യോമ ഇന്ധനത്തിന്. അഞ്ചു രൂപ വര്‍ധിപ്പിച്ചതോടെ രാജ്യതലസ്ഥാനത്ത് 63.37 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. മറ്റിടങ്ങളില്‍ ഇത് 67 രൂപ വരെയെത്തും. എന്നാല്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന് (എ ടി എഫ്) 60.56 രൂപയാണ് ഡല്‍ഹിയിലെ വില.

    ReplyDelete