ഇളവ് ലഭിച്ചത് ഇന്ത്യയുടെ നിര്‍ബന്ധത്തില്‍
എല്ലാ വിളകള്‍ക്കും എന്‍ഡോസള്‍ഫാന്‍ അനിവാര്യം എന്ന ഇന്ത്യന്‍ നിലപാടാണ്, സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്റെ നിരോധനത്തിന് ഇളവുലഭിക്കാന്‍ കാരണമായതെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് സമവായ ചര്‍ച്ചയും ബദല്‍ നിര്‍ദേശങ്ങളും കണ്‍വന്‍ഷനില്‍ പുരോഗമിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതിനിധിസംഘം കീടനാശിനി ലോബിയുടെ താല്‍പ്പര്യത്തിനായി കൃത്യമായി പ്രവര്‍ത്തിച്ചു. വോട്ടെടുപ്പിലൂടെ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ പ്രതിസന്ധിയാകുമെന്ന് തിരിച്ചറിഞ്ഞ ഇന്ത്യ, നിരോധനം വേണ്ടെന്ന തങ്ങളുടെ നിലപാട് ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങളുടെ നിലപാടായി അവതരിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ , ഖത്തര്‍ , ബഹ്റൈന്‍ , ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ ഈ നിലപാടിനെ നിഷ്കരുണം തള്ളിക്കളഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് ഇന്ത്യയുടെ കാര്‍ഷിക മേഖലയെ തകര്‍ക്കും എന്നാണ് ഇന്ത്യ കണ്‍വന്‍ഷനില്‍ പ്രചരിപ്പിച്ചത്. ഇന്ത്യന്‍ സംഘത്തലവന്‍ പരിസ്ഥിതിവകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് ഗൗബ എന്‍ഡോസള്‍ഫാന്‍ നിര്‍മാണ കമ്പനിയായ എക്സലിന്റെ പ്രതിനിധികളുമായി പരസ്യചര്‍ച്ച നടത്തിയാണ് കണ്‍വന്‍ഷനിലെത്തിയത്. ആഗോളവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനുവേണ്ടി രാജ്യങ്ങള്‍ മുറവിളി കൂട്ടിയപ്പോള്‍ ഈ കീടനാശിനി സൃഷ്ടിച്ച ദുരിതങ്ങളെയും ദുരിതബാധിതരെയും കണ്ണീര്‍ക്കടലുകളെയും എല്ലാം ഇന്ത്യ അവഗണിച്ചു. സര്‍ക്കാര്‍ ചെലവില്‍ ജനീവയില്‍ എത്തിയവര്‍ മാരക കീടനാശിനി ഉല്‍പ്പാദിപ്പിച്ച് രാജ്യത്ത് വിതരണവും കയറ്റുമതിയും ചെയ്ത് കോടികള്‍ കൊള്ളലാഭം ഉണ്ടാക്കുന്ന കുത്തകക്കമ്പനികള്‍ക്കു വേണ്ടി ഘോരഘോരം വാദിച്ചു. നിരോധനം മൂലം കീടനാശിനി ഉല്‍പ്പാദകരുടെ ജീവിതം പ്രതിസന്ധിയിലാകുന്നതിനെക്കുറിച്ച് ഉല്‍കണ്ഠരായ ഇന്ത്യന്‍ പ്രതിനിധികള്‍ , എന്‍ഡോസള്‍ഫാനു ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ കൃഷിചെയ്ത് പൊന്നുവിളയിച്ച ആന്ധ്രയുടെ വിജയഗാഥ മറച്ചുവച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ 29 രാജ്യങ്ങള്‍ പങ്കെടുത്ത പേര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊള്യൂറ്റന്റ് (പോപ്)റിവ്യു കമ്മിറ്റിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍നിന്ന് ഇന്ത്യയോടൊപ്പം ബ്രസീല്‍ , അര്‍ജന്റീന, ഉറുഗ്വേ, ചൈന എന്നീ രാജ്യങ്ങള്‍ വിട്ടുനിന്നിരുന്നു. അവര്‍പോലും ഈ കണ്‍വന്‍ഷനില്‍ സമവായത്തിലൂടെ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ അനുകൂലിച്ചപ്പോള്‍ ഇന്ത്യയും ഗത്യന്തരമില്ലാതെ നിലപാടില്‍നിന്ന് പിന്തിരിയുകയായിരുന്നു. അഞ്ചുവര്‍ഷത്തിനകം എന്‍ഡോസള്‍ഫാന്‍ നിരോധനം പൂര്‍ണമാക്കാനുള്ള നടപടികള്‍ എത്രമാത്രം പുരോഗമിക്കുന്നു എന്നാണ് ഇനിയറിയാനുള്ളത്. അക്കാര്യം ആത്മാര്‍ഥതയോടെ ചെയ്തില്ലെങ്കില്‍ ഇന്ത്യ വീണ്ടും ലോകരാഷ്ട്രങ്ങള്‍ക്കുള്ളില്‍ ഒറ്റപ്പെടും. അതേസമയം, കീടനാശിനി നിരോധനം ഘട്ടംഘട്ടമായി മാത്രമെ നടപ്പാക്കാനാവൂവെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ പ്രൊഫ. എം കെ പ്രസാദ് പറഞ്ഞു. ഒരു കീടനാശിനി നിരോധിക്കുമ്പോള്‍ അതിനുപകരം ഉപയോഗിക്കാന്‍ കഴിയുന്ന ബദല്‍ , ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ അടച്ചുപൂട്ടുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം, തൊഴില്‍നഷ്ടം, തൊഴിലാളികളുടെ പുനരധിവാസം എന്നിവ കൂടി പരിഗണിക്കണം. അതിനുവേണ്ടിയാണ് നിരോധനത്തിന് 11വര്‍ഷം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
(ടി എന്‍ സീന)
എന്‍ഡോസള്‍ഫാന്‍ നിരോധം: കേന്ദ്രനിലപാട് നിര്‍ണായകമാവും
ന്യൂഡല്‍ഹി: സ്റ്റോക്ഹോം കണ്‍വന്‍ഷന്‍ ആഗോളനിരോധം ഏര്‍പ്പെടുത്തിയെങ്കിലും എന്‍ഡോസള്‍ഫാനെ രാജ്യത്തുനിന്ന് പുറത്താക്കുന്നതില്‍ നിര്‍ണായകമാവുക കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ . ആര്‍ജവമുള്ള സര്‍ക്കാരാണെങ്കില്‍ നിരോധം നടപ്പാക്കാന്‍ അഞ്ചുവര്‍ഷംവരെ കാത്തിരിക്കേണ്ട. അതിനുളള നടപടി ഉടന്‍ ആരംഭിക്കാം. എന്നാല്‍ , ഇളവുകള്‍ ചോദിച്ചുവാങ്ങിയ സര്‍ക്കാരില്‍നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിക്കാനാകില്ല. ശരദ് പവാര്‍ അടക്കമുള്ള മന്ത്രിമാര്‍ എന്‍ഡോസള്‍ഫാനുവേണ്ടി ചരടുവലി തുടരുമ്പോള്‍ ജനീവയിലെ തീരുമാനം ഡല്‍ഹിയില്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയേറെ.
സ്റ്റോക്ഹോം കണ്‍വന്‍ഷന്റെ നിരോധ തീരുമാനം പ്രായോഗികമാകണമെങ്കില്‍ അതത് രാജ്യങ്ങളുടെ പാര്‍ലമെന്റ് അംഗീകരിക്കണം. അഞ്ചുവര്‍ഷത്തേക്ക് 23 വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ തുടര്‍ന്നും ഉപയോഗിക്കാനുള്ള ഇളവ് ഇന്ത്യ നേടിയെടുത്തിട്ടുണ്ട്. ഈ കാലയളവിനിടെ പാര്‍ലമെന്റ് നിരോധതീരുമാനം അംഗീകരിക്കുകയും എന്‍ഡോസള്‍ഫാന് ബദല്‍മാര്‍ഗം വികസിപ്പിക്കുകയും വേണം. ഇതിന് കേന്ദ്രസര്‍ക്കാര്‍ സമയബന്ധിതമായ നടപടിയെടുത്തില്ലെങ്കില്‍ തീരുമാനം കടലാസിലൊതുങ്ങും. നിരോധത്തിനുള്ള ബില്‍ ഉടന്‍തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നും കണ്ടറിയണം. നിരോധം തടയാനുള്ള നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണ് ഇളവുകള്‍ നേടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജനീവയില്‍ ശ്രമിച്ചത്. ഈ ഇളവുകള്‍ ഫലത്തില്‍ കീടനാശിനിലോബിക്ക് നേട്ടമാകുകയാണ് ചെയ്യുകയെന്ന വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. കേന്ദ്രമന്ത്രിമാര്‍തന്നെ എന്‍ഡോസള്‍ഫാന്‍ ലോബിയുടെ വക്താക്കളായി രംഗത്തുള്ള സാഹചര്യം ഈ ആശങ്ക ബലപ്പെടുത്തുന്നു. രാജ്യവ്യാപകമായ നിരോധനം പ്രായോഗികമല്ലെന്ന കേന്ദ്രനിലപാട് ന്യായീകരിക്കാന്‍ നിരോധം നീട്ടിക്കൊണ്ടുപോകാനും സാധ്യതയുണ്ട്.
അഴിമതി, കള്ളപ്പണം തുടങ്ങിയ വിഷയങ്ങളിലെന്നപോലെ കോടതിയുടെ ഇടപെടലും എന്‍ഡോസള്‍ഫാന്‍ നിരോധത്തില്‍ വഴിത്തിരിവാകാമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അഴിമതിക്കേസുകളുടെയല്ലാം അന്വേഷണം അട്ടിമറിക്കാനോ വൈകിപ്പിക്കാനോ ഉള്ള ഉന്നതതല ശ്രമങ്ങളൊക്കെ പരാജയപ്പെടുത്തിയത് കോടതിയുടെ ഇടപെടലും നിര്‍ദേശങ്ങളുമാണ്. എന്‍ഡോസള്‍ഫാന്‍ നിരോധം സംബന്ധിച്ച് ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി നില്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ എത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാകും. നിരോധത്തിനുള്ള പ്രായോഗിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം ആവശ്യപ്പെടാനും കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് പരമാവധി വൈകിപ്പിക്കാനും നീക്കമുണ്ടാകും.
ഈ ദുരനുഭവം ഇനിയൊരു കുഞ്ഞിനും വേണ്ട: താഹിറ
എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ജീവഛവമായ മകന്‍ ബാദിഷയെ നെഞ്ചോടുചേര്‍ത്ത് പള്ളത്തെ ഹമീദിന്റെ ഭാര്യ താഹിറ പറഞ്ഞു. ""ജീവിതം മുഴുവന്‍ വേദനയാണ് എന്‍ഡോസള്‍ഫാന്‍ സമ്മാനിച്ചത്. മകനുണ്ടായ ദുരനുഭവം ഇനിയൊരു കുഞ്ഞിനും ഉണ്ടാവരുത്""""- അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്ത കേന്ദ്ര നിലപാടിനെതിരെ ബാദിഷയെയുമെടുത്ത് താഹിറ ദിവസങ്ങളോളം പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ സമരത്തിനെത്തി.
കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയെ നാണംകെടുത്തി: ഐസക്
കൊച്ചി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രത്തിന് പരിപൂര്‍ണ്ണ സമ്മതമായിരുന്നുവെന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ വാദം അടിസ്ഥാനമില്ലാത്തതാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം പൂര്‍ണ്ണപരാജയമാണ്. നിരോധനത്തിനായി കേന്ദ്രം ഒന്നുംചെയ്തില്ല. പൊതുജനാഭിപ്രായത്തിന് നയരൂപീകരണം സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് എന്‍ഡോസള്‍ഫാന്‍ നിരോധനം. ജനകീയവികാരത്തിനു മുന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിനു കീഴടങ്ങേണ്ടി വന്നു. പീഡിതരുടെ പുനരധിവാസത്തിനായി മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച തുക ഒറ്റഘട്ടമായി കൊടുത്തു തീര്‍ക്കണം. അതിനുവേണ്ടി കേന്ദ്രം കൂടുതല്‍ തുകയനുവദിക്കണം. ഇന്ത്യന്‍ അധികാരികള്‍ എന്‍ഡോസള്‍ഫാനു വേണ്ടി നിലപാടെടുത്തതിനാല്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യക്കാര്‍ക്ക് നാണംകെട്ട് തലകുനിച്ചു നില്‍ക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
deshabhimani 010511
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രത്തിന് പരിപൂര്‍ണ്ണ സമ്മതമായിരുന്നുവെന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ വാദം അടിസ്ഥാനമില്ലാത്തതാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം പൂര്‍ണ്ണപരാജയമാണ്. നിരോധനത്തിനായി കേന്ദ്രം ഒന്നുംചെയ്തില്ല. പൊതുജനാഭിപ്രായത്തിന് നയരൂപീകരണം സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് എന്‍ഡോസള്‍ഫാന്‍ നിരോധനം. ജനകീയവികാരത്തിനു മുന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിനു കീഴടങ്ങേണ്ടി വന്നു. പീഡിതരുടെ പുനരധിവാസത്തിനായി മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച തുക ഒറ്റഘട്ടമായി കൊടുത്തു തീര്‍ക്കണം. അതിനുവേണ്ടി കേന്ദ്രം കൂടുതല്‍ തുകയനുവദിക്കണം. ഇന്ത്യന്‍ അധികാരികള്‍ എന്‍ഡോസള്‍ഫാനു വേണ്ടി നിലപാടെടുത്തതിനാല്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യക്കാര്‍ക്ക് നാണംകെട്ട് തലകുനിച്ചു നില്‍ക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
ReplyDeleteഈ നാണം കെട്ട ഏര്‍പ്പാടുകള്‍ക്കെതിരെ നീതിന്യായ വ്യവസ്ഥയ്ക്ക് ഒന്നും ചെയ്യാനാകില്ലെ?
ReplyDeleteസത്യം.യാതൊരു നാണവുമില്ലാതെ ഉമ്മൻചാണ്ടി കേന്ദ്രം വിജയിച്ചു എന്ന് പറയുന്നത് കേട്ടപ്പോൾ ശരിക്കും നാണക്കേട് തോന്നി.
ReplyDelete