Sunday, May 1, 2011

പൊലീസ് ഭീകരതയ്ക്ക് ഇരയായി നസബ്നഗര്‍

സാഖ്റി നാട്ടെ (രത്നഗിരി): മഹാരാഷ്ട്രയിലെ സാഖ്റി നാട്ടെ ഗ്രാമത്തിലെ നസബ്നഗര്‍ നല്‍കുന്ന ചിത്രം ഒരു നാടാകെ പൊലീസ് ഭീകരതയ്ക്ക് ഇരയായതിന്റേതാണ്. ജെയ്താപുരില്‍ ആണവനിലയം സ്ഥാപിക്കുന്നതിനെ ചെറുത്ത ഗ്രാമീണര്‍ക്കുനേരെ പൊലീസ് അഴിഞ്ഞാടിയതിന്റെ ദൃശ്യങ്ങളാണ് ഇവിടെയത്രയും.

റോഡിന്റെ ഇരുവശത്തുമുള്ള വീടുകളുടെ ജനാലച്ചില്ലുകള്‍ മുഴുവന്‍ പൊട്ടിച്ചിതറി കിടക്കുന്നു. പല വീടുകളുടെയും വാതിലുകളും തകര്‍ന്നിട്ടുണ്ട്. നസബ് നഗറിലെ ആദ്യവീടായ ഹലീം മന്‍സിലിന്റെ അകത്ത് മുഴുവന്‍ കല്ലുകളാണ്. ജനാലച്ചില്ലുകള്‍ തകര്‍ത്ത് അകത്തുവീണ കല്ലുകള്‍ . രണ്ട് വെടിയുണ്ടയും പൊലീസിന്റെ ലാത്തിയും വീടിനകത്ത് കിടപ്പുണ്ട്. തൊട്ടടുത്ത വീടുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. റോഡിന് അഭിമുഖമായ മുറികളില്‍ മുഴുവന്‍ പൊലീസ് എറിഞ്ഞ കല്ലുകളാണ്. ഹലീം മന്‍സിലില്‍ പൊലീസ് അതിക്രമം നടത്തുമ്പോള്‍ ഷമ്രീന്‍ സോള്‍ക്കര്‍ എന്ന ഇരുപതുകാരിയും 40 ദിവസം മാത്രം പ്രായമായ കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഉമ്മ പുറത്തുപോയിരിക്കയായിരുന്നു. ഭര്‍ത്താവ് മുംബൈയിലും. പൊലീസ് വാഹനത്തില്‍ കല്ലുമായി എത്തി ഏറു തുടങ്ങുമ്പോള്‍ പിഞ്ചുകുഞ്ഞ് പുറത്ത് തൊട്ടിലില്‍ ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് പുറത്തേക്കുവന്ന ഷമ്രീന്‍ കണ്ടത് കല്ലും ലാത്തിയുമായി കുതിച്ചെത്തുന്ന പൊലീസുകാരെയാണ്. കുട്ടിയെ വാരിയെടുത്ത് ബാത്തുറൂമില്‍ പോയി വാതിലടച്ച് വീര്‍പ്പടക്കി നിന്നു. മൂന്നു മണിക്കൂറിനുശേഷമാണ് അവര്‍ പുറത്തുവന്നത്. തൊട്ടടുത്ത വീട്ടിലെ സജ്ജാദ്-സാഹിന ദമ്പതികള്‍ക്ക് പറയാനുള്ളതും മറ്റൊന്നല്ല. ഇരുവരും ആശുപത്രിയില്‍ പോയപ്പോഴാണ് പൊലീസിന്റെ അഴിഞ്ഞാട്ടം. രണ്ടു കുട്ടികള്‍ മാത്രമായിരുന്നു വീട്ടില്‍ . കല്ലേറില്‍ വീടിന്റെ മേല്‍ക്കൂരയും ജനാലച്ചില്ലുകളും വീട്ടുപകരണങ്ങളും തകര്‍ന്നു. ഓരോ വീട്ടുകാര്‍ക്കും പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടും അധികൃതര്‍ വീട് സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.

രണ്ട് ഗ്രാമീണരെ അറസ്റ്റുചെയ്തതിനെ ജനങ്ങള്‍ ചോദ്യം ചെയ്തതോടെയാണ് പൊലീസ് നിയന്ത്രണം വിട്ടത്. കല്ലുകള്‍ നിറച്ച ജീപ്പുമായെത്തി വീടാക്രമണം ആരംഭിച്ചത് പ്രത്യേക റിസര്‍വ്ഡ് പൊലീസായിരുന്നു. ഇതേ തുടര്‍ന്ന് ആയിരക്കണക്കിനു ഗ്രാമീണര്‍ നസബ്നഗറില്‍ ഒത്തുകൂടി. സ്ത്രീകളും കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. കണ്ണീര്‍വാതക പ്രയോഗമോ ലാത്തിച്ചാര്‍ജോ ഒന്നുമില്ലാതെ പെട്ടെന്ന് വെടിവയ്പ് തുടങ്ങുകയായിരുന്നു. പൊലീസ് വാനിന് അകത്തിരുന്നായിരുന്നു വെടിവയ്പ്. തബ്രീസ് സായേക്കര്‍ ആശുപത്രിയില്‍ എത്തുംമുമ്പ് മരിച്ചു. മുഷ്താഖ് മുര്‍മര്‍ എന്ന ഇരുപതുകാരന് ചെവിക്കു പിന്നില്‍ വെടിയേറ്റു. പത്തൊമ്പതുകാരനായ ഫിറോസിന് കീഴ്ത്താടിക്കാണ് വെടിയേറ്റത്. രണ്ടു പല്ലുപോയി. വലിയ മുറിവുമായി രത്നഗിരി ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. നിരവധി ഗ്രാമീണര്‍ക്കും പരിക്കേറ്റു. ഇവര്‍ക്ക് ആശ്വാസമെത്തിക്കേണ്ടതിനുപകരം കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്യുകയാണ്. വ്യാഴാഴ്ചയും 40 പേരെ അറസ്റ്റുചെയ്തു. സ്ഥലം എംഎല്‍എ രാജന്‍ സല്‍വി ഇപ്പോഴും ജയിലിലാണ്. വെടിവയ്പിന് ഉത്തരവു നല്‍കിയ സബ് ഡിവിഷണല്‍ ഓഫീസര്‍ അജിത്പവാറിനെ സ്ഥലം മാറ്റണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. താരാപ്പുരില്‍ നിന്ന് ജെയ്താപുരിലേക്ക് പുറപ്പെട്ട യാത്രയില്‍ പങ്കെടുത്തവരെ അറസ്റ്റുചെയ്ത് യാത്ര തടയുകയും ചെയ്തു. മുന്‍ സുപ്രീംകോടതി ജഡ്ജി പി ബി സാവന്ത്, കൊങ്കണ്‍ ബച്ചാവോ സമിതി നേതാവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ വിവേക് മൊണ്ടീറോ എന്നിവര്‍ക്ക് രത്നഗിരിയിലേക്ക് പ്രവേശനം തടഞ്ഞു.
(വി ബി പരമേശ്വരന്‍)

deshabhimani 010511

1 comment:

  1. മഹാരാഷ്ട്രയിലെ സാഖ്റി നാട്ടെ ഗ്രാമത്തിലെ നസബ്നഗര്‍ നല്‍കുന്ന ചിത്രം ഒരു നാടാകെ പൊലീസ് ഭീകരതയ്ക്ക് ഇരയായതിന്റേതാണ്. ജെയ്താപുരില്‍ ആണവനിലയം സ്ഥാപിക്കുന്നതിനെ ചെറുത്ത ഗ്രാമീണര്‍ക്കുനേരെ പൊലീസ് അഴിഞ്ഞാടിയതിന്റെ ദൃശ്യങ്ങളാണ് ഇവിടെയത്രയും.

    ReplyDelete