Thursday, May 19, 2011

നാണക്കേടുണ്ടാക്കിയ പിഴവ്

ഇന്ത്യ പാകിസ്ഥാനു കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ വര്‍ഷങ്ങളായി താനെയില്‍ താമസിക്കുന്നയാളുടെ പേര് കടന്നുകൂടിയത് രാജ്യത്തിനു തന്നെ അപമാനമുണ്ടാക്കിയ പിഴവായിപ്പോയി. ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയ്യിദ്, സാകിവുര്‍ റഹ്മാന്‍ ലഖ്‌വി തുടങ്ങിയ കൊടുംകുറ്റവാളികളുടെ കൂടെയാണ്, മഹാരാഷ്ട്രയിലെ താനെയില്‍ സാരിക്കച്ചവടം നടത്തുന്ന വസുല്‍ കമര്‍ ഖാന്റെ പേര് കടന്നുകൂടിയത്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനോ അവരെ ഇന്ത്യയ്ക്കു കൈമാറാനോ ഉദ്ദേശിച്ച് പാകിസ്ഥാനു കൈമാറിയ പട്ടികയില്‍ ഇന്ത്യയില്‍ തന്നെ താമസിക്കുന്നയാളുടെ പേര് ഉള്‍പ്പെട്ടത്, ഈ പട്ടിക വലിയ ഗൗരവമൊന്നുമില്ലാത്തതാണെന്ന തോന്നലാണ് ഉണ്ടാക്കുക. ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനില്‍ വച്ച് വധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആ രാജ്യത്തിനു മേല്‍ സമ്മര്‍ദം ശക്തമാക്കുക എന്നതാണ് ഇപ്പോള്‍ ഈ പട്ടിക പുറത്തുവിട്ടതിന്റെ ഉദ്ദേശ്യമെന്നു വ്യക്തം. ആ ഉദ്ദേശ്യത്തെ അപ്പാടെ അട്ടിമറിക്കുന്ന പിഴവായിപ്പോയി പട്ടികയില്‍ തെറ്റായ പേര് കടന്നുകൂടിയത്.

വസുല്‍ കമര്‍ ഖാന്റെ പേര് പട്ടികയില്‍ കടന്നുകൂടിയതില്‍ പിഴവു പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീലും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. സി ബി ഐയുമായും ദേശീയ അന്വേഷണ ഏജന്‍സിയുമായും മഹാരാഷ്ട്രാ പൊലീസുമായും കൂടിയാലോചിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പട്ടിക തയ്യാറാക്കിയത്. ഇതൊരു പക്ഷേ പിഴവാകാം, അല്ലെങ്കില്‍ ഒരേ പേരില്‍ രണ്ടാളുണ്ടാവാം എന്നാണ് ചിദംബരം ഇതേക്കുറിച്ചു പ്രതികരിച്ചത്. എന്നാല്‍ ഖാനെക്കുറിച്ച് വാര്‍ത്ത വന്നതിനു പിറ്റേന്ന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കേണ്ട പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍നിന്ന് സി ബി ഐ ആ പേര് ഒഴിവാക്കിയിട്ടുണ്ട്. അപ്പോള്‍ ഇത് ഒരേ പേരില്‍ രണ്ടാളുകളല്ല, മറിച്ച് പിഴവു തന്നെയാണെന്നു വ്യക്തം. ഗുരുതരമായ ഇത്തരമൊരു പിഴവ് വന്നത് ഏതു ഘട്ടത്തിലാണെന്നും ആരാണ് അതിന് ഉത്തരവാദിയെന്നും കണ്ടെത്തേണ്ടതുണ്ട്. രാജ്യത്തിനു തന്നെ നാണക്കേടുണ്ടാക്കിയ ഈ പിഴവിന് ഉത്തരവാദികളായവരെ മാതൃകാപരമായ ശിക്ഷാനടപടിക്കു വിധേയമാക്കണം.

മഹാരാഷ്ട്രയിലെ ചില സ്‌ഫോടന കേസുകളില്‍ പ്രതിസ്ഥാനത്തുള്ളയാളാണ്, പാകിസ്ഥാനു കൈമാറിയ പട്ടികയില്‍ കടന്നുകൂടിയ വസുല്‍ കമര്‍ ഖാന്‍. വിലെ പാര്‍ലെ, ഘാട്‌കോപ്പര്‍, മുംബൈ സെന്‍ട്രല്‍, മുളുണ്ട് സ്‌ഫോടന കേസുകളില്‍ ഖാന്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. മുളുണ്ട് സ്‌ഫോടന കേസില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ ഖാന്‍ ജാമ്യം ലഭിച്ചതു മുതല്‍ താനെയിലാണ് കുടുംബത്തോടൊത്ത് താമസിക്കുന്നത്. സ്‌ഫോടന കേസുകളില്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കൃത്യമായി കോടതിയില്‍ ഹാജരാവുന്നുണ്ടെന്നുമാണ് ഖാന്‍ പറയുന്നത്. എന്തായാലും ഖാന്‍ കുറ്റവാളിയാണെന്ന് കോടതി വിധിച്ചിട്ടില്ല, അന്വേഷകരില്‍നിന്ന് ഒളിച്ചുനടക്കുകയുമല്ല അയാള്‍. അതുകൊണ്ടുതന്നെ, ഉപജീവനത്തിനായി സാരിക്കച്ചവടം നടത്തുന്ന തന്റെ ജീവിതം സര്‍ക്കാര്‍ താറുമാറാക്കിയെന്ന അയാളുടെ വാക്കുകള്‍ അങ്ങനെയങ്ങു തള്ളിക്കളയാനാവില്ല.

ഭീകരത സംബന്ധിച്ച് ഇന്ത്യയുടെ പക്കലുള്ള രേഖകളും തെളിവുകളും ആധികാരികതയില്ലാത്തതാണെന്ന ബോധ്യമാണ്, ഈ സംഭവത്തിലൂടെ രാജ്യാന്തര സമൂഹത്തിനു മുന്നിലുണ്ടാവുക. ഇന്ത്യ ഇത്തരം കാര്യങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെയല്ല കൈകാര്യം ചെയ്യുന്നതെന്നും ഇതിലൂടെ വിലയിരുത്തപ്പെടും. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതാവില്ല. നയതന്ത്രവും രാജ്യസുരക്ഷയും സംബന്ധിച്ച കാര്യങ്ങള്‍ കുറെക്കൂടി ഗൗരവത്തോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്‌തേ മതിയാവൂ.

janayugom editorial 190511

2 comments:

  1. ഇന്ത്യ പാകിസ്ഥാനു കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ വര്‍ഷങ്ങളായി താനെയില്‍ താമസിക്കുന്നയാളുടെ പേര് കടന്നുകൂടിയത് രാജ്യത്തിനു തന്നെ അപമാനമുണ്ടാക്കിയ പിഴവായിപ്പോയി. ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയ്യിദ്, സാകിവുര്‍ റഹ്മാന്‍ ലഖ്‌വി തുടങ്ങിയ കൊടുംകുറ്റവാളികളുടെ കൂടെയാണ്, മഹാരാഷ്ട്രയിലെ താനെയില്‍ സാരിക്കച്ചവടം നടത്തുന്ന വസുല്‍ കമര്‍ ഖാന്റെ പേര് കടന്നുകൂടിയത്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനോ അവരെ ഇന്ത്യയ്ക്കു കൈമാറാനോ ഉദ്ദേശിച്ച് പാകിസ്ഥാനു കൈമാറിയ പട്ടികയില്‍ ഇന്ത്യയില്‍ തന്നെ താമസിക്കുന്നയാളുടെ പേര് ഉള്‍പ്പെട്ടത്, ഈ പട്ടിക വലിയ ഗൗരവമൊന്നുമില്ലാത്തതാണെന്ന തോന്നലാണ് ഉണ്ടാക്കുക. ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനില്‍ വച്ച് വധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആ രാജ്യത്തിനു മേല്‍ സമ്മര്‍ദം ശക്തമാക്കുക എന്നതാണ് ഇപ്പോള്‍ ഈ പട്ടിക പുറത്തുവിട്ടതിന്റെ ഉദ്ദേശ്യമെന്നു വ്യക്തം. ആ ഉദ്ദേശ്യത്തെ അപ്പാടെ അട്ടിമറിക്കുന്ന പിഴവായിപ്പോയി പട്ടികയില്‍ തെറ്റായ പേര് കടന്നുകൂടിയത്.

    ReplyDelete
  2. ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചവരുടെ പട്ടിക സിബിഐ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന്അപ്രത്യക്ഷമായി. പുതുക്കിയശേഷം പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുമെന്ന് സിബിഐ അറിയിച്ചു. പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നവരെന്ന് ആരോപിച്ച് ഇന്ത്യ കൈമാറിയ ഭീകരരുടെ പട്ടികയിലെ മൂന്നുപേര്‍ ഇന്ത്യയിലുണ്ടെന്ന വിവരം വിവാദമായതിനെ തുടര്‍ന്നാണ് സിബിഐ പട്ടിക മാറ്റിയത്. മുളുണ്ഡ് സ്ഫോടനക്കേസിലെ പ്രതി വസുള്‍ ഖമര്‍ഖാന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം ആദ്യം അബദ്ധത്തില്‍ ചാടിയത്. പാകിസ്ഥാനിലാണെന്ന് ആരോപിച്ച് ഇന്ത്യ തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട വസുള്‍ വര്‍ഷങ്ങളായി മുംബൈയില്‍ താമസിക്കുകയാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. രണ്ടാമതായി അമ്പത്തൊന്നുകാരനായ ഫിറോസ് അബ്ദുള്‍ഖാനെയാണ് മുംബൈയിലെ ജയിലില്‍ കണ്ടെത്തിയത്. 1993ലെ മുംബൈ സ്ഫോടനക്കേസില്‍ നവിമുംബൈയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കൂടുതല്‍ അന്വേഷണത്തിന് ഇയാളെ സിബിഐക്ക് കൈമാറിയിരുന്നു. "94ല്‍ സിബിഐ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിടിയിലായശേഷവും നോട്ടീസ് പിന്‍വലിച്ചിരുന്നില്ല. ദാവൂദ് ഇബ്രാഹിമിന്റെ നിര്‍ദേശപ്രകാരം മുംബൈ സ്ഫോടനത്തിന് സ്ഫോടകവസ്തുക്കള്‍ എത്തിച്ചതിനും വിതരണം ചെയ്തതിനുമാണ് ഇയാളെ അറസ്റ്റുചെയ്തത്. യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് രാജ്കുമാര്‍ മേഘനും ദേശീയ സുരക്ഷാ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ളതായി കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നു. ഇയാള്‍ ഇന്റര്‍പോളിന്റെ തീവ്രവാദ നിരീക്ഷണപ്പട്ടികയിലുള്ള ആളാണ്. സിബിഐ പട്ടികയില്‍ പിഴവ് കണ്ടെത്തിയതിനാല്‍ സിബിഐ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യുകയും മറ്റു രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനത്തോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അന്വേഷണ ഏജന്‍സികളോടും പിടികിട്ടാപ്പുള്ളികളുടെ പട്ടിക മൂന്നു മാസം കൂടുമ്പോള്‍ പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ലിസ്റ്റിലുള്ളവര്‍ അറസ്റ്റിലായാല്‍ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.(deshabhimani 210511)

    ReplyDelete