Wednesday, May 11, 2011

പത്താം ക്ലാസില്‍ ഇനി പുതിയ പുസ്തകം

മാറുന്നത് 22 പാഠപുസ്തകങ്ങള്‍

ഈ വര്‍ഷം പത്താം ക്ലാസിലെത്തുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് പുതിയ പാഠപുസ്തകങ്ങള്‍. ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം എന്നിവയിലായി പത്താം ക്ലാസില്‍ 22 പാഠപുസ്തകങ്ങള്‍ക്കാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് സി ഇ ആര്‍ ടി), കേരളം രൂപം നല്‍കിയിരിക്കുന്നത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് കേരള പാഠ്യ പദ്ധതി ചട്ടക്കൂട് എന്നിവയുടെ ചുവടുപിടിച്ച് ആശയഗ്രഹണത്തിനും യുക്തിചിന്തയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സമീപനമാണ് പുതിയ പാഠപുസ്തകങ്ങളുടെ രചനയില്‍ കൈക്കൊണ്ടിരിക്കുന്നത്.

സാമൂഹിക ജ്ഞാനനിര്‍മിതി, വിമര്‍ശനാത്മക ബോധനം തുടങ്ങിയ സമീപനങ്ങള്‍ ഈ പാഠപുസ്തകങ്ങളുടെ രചനയ്ക്ക് അടിത്തറയായി സ്വീകരിച്ചിരിക്കുന്നു. കുട്ടി സ്വയം വായിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും സഹായകമായ രീതിയിലാണ് എല്ലാ പാഠപുസ്തകങ്ങളുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. തുടര്‍ പ്രവര്‍ത്തനങ്ങളും ചരിത്രപരമായ അറിവുകളും പാഠഭാഗങ്ങളുടെ വിശദീകരണത്തോടൊപ്പം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത് കുട്ടികള്‍ക്ക് പഠനത്തില്‍ താല്‍പര്യം ജനിപ്പിക്കുന്നതിനും അവരെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതിനും പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. ഐ സി ടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതി ഏതാണ്ട് എല്ലാ അധ്യായങ്ങളിലും സ്വീകരിച്ചിട്ടുണ്ട്.

പുതുക്കിയ പാഠ്യപദ്ധതിക്കനുസൃതമായ തുടര്‍പരിശീലനങ്ങളും അധ്യാപകര്‍ക്ക് എസ് സി ഇ ആര്‍ ടി നല്‍കി വരുന്നുണ്ട്. ഇത് സംബന്ധിച്ച വിശദീകരണങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. മലയാളം മാധ്യമത്തില്‍ നിന്നും ഇംഗ്ലീഷ് മാധ്യമത്തിലേക്ക് പഠനം മാറുന്ന കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിനായി പുസ്തകങ്ങളുടെ അവസാനഭാഗത്ത് പരമാവധി പദസൂചിക നല്‍കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. വ്യത്യസ്ത സിലബസുകളില്‍ പത്താം ക്ലാസ് പഠനം കഴിഞ്ഞ് ഉപരിപഠനാര്‍ഥം മത്സരിക്കുന്ന വിദ്യാര്‍ഥികളുമായി തുല്യത പുലര്‍ത്തുന്നതിന് പുതുക്കിയ പാഠപുസ്തകങ്ങളിലെ ഈ സമീപനം ഏറെ സഹായകമാകുമെന്ന് അധികൃതര്‍ പറഞ്ഞു.

ജനയുഗം 110511

പത്താംക്ലാസ് പുസ്തകങ്ങളില്‍ അടിമുടി മാറ്റം

വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠിക്കാന്‍ ഉതകും വിധം ഇക്കൊല്ലം പത്താംക്ലാസ് പുസ്തകത്തില്‍ അടിമുടി മാറ്റം. ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം തുടങ്ങി 22 പാഠപുസ്തകങ്ങള്‍ക്കാണ് മാറ്റം. ആശയഗ്രഹണത്തിനും യുക്തിചിന്തക്കും പ്രാധാന്യം നല്‍കിയാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി(എസ്സിഇആര്‍ടി) പുസ്തകം തയ്യാറാക്കിയത്. മലയാള ഭാഷാപഠനത്തിന് രണ്ടു പാഠപുസ്തകങ്ങളുണ്ട്. വിമര്‍ശന ചിന്തയ്ക്കും അറിവു തേടലിനും പ്രാധാന്യം നല്‍കുന്ന പാഠ്യപദ്ധതിയാണ് ഇവയിലുള്ളത്. സാമൂഹികവും സാംസ്കാരികവുമായ വിശകലനങ്ങള്‍ക്ക് അവസരം നല്‍കുന്നു. സാഹിത്യചരിത്രം, ഭാഷാശാസ്ത്രം, കാവ്യശാസ്ത്രം തുടങ്ങിയവ പഠനാനുഭവങ്ങള്‍ക്ക് ഊന്നല്‍നല്‍കിയാണ് ചിട്ടപ്പെടുത്തിയത്.

ഇംഗ്ലീഷ് പഠന അധ്യാപന രംഗങ്ങളിലെ പരമ്പരാഗത ബലഹീനതകള്‍ തരണം ചെയ്യാനുതകും വിധമാണ് പുതിയ ഇംഗ്ലീഷ് പുസ്തകം തയ്യാറാക്കിയത്. കുട്ടികള്‍ക്ക് വിശ്വസാഹിത്യത്തിലെ പ്രമുഖ കൃതികളുമായി ഇടപഴകുന്നതിന് അവസരമുണ്ട്. ലോകസാഹിത്യത്തിലെ തലമുറകള്‍ തമ്മിലുള്ള അന്തരം, സിനിമ, മാനവികപ്രശ്നങ്ങള്‍ , യുദ്ധം തുടങ്ങിയവ ആസ്പദമാക്കിയ യൂണിറ്റുകളായാണ് പുസ്തകം തയ്യാറാക്കിയത്. ടി എസ് എലിയട്ട്, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്, ഒക്റ്റേവിയോ പാസ്, അകീര കുറസോവ തുടങ്ങിയവരെ കൂടാതെ റസൂല്‍ പൂക്കുട്ടി, അനിതാ ദേശായി, സി എസ് വെങ്കിടേശ്വരന്‍ എന്നിവരുടെ രചനകളും പുസ്തകത്തിലുണ്ട്. പ്രമുഖ ഗണിത ശാസ്ത്രജ്ഞനായ ഡോ. ഇ കൃഷ്ണന്‍ ചെയര്‍മാനും ഡോ. ജെ ലിഡ്സണ്‍രാജ് അക്കാദമിക് കോ- ഓഡിനേറ്ററുമായ 20അംഗ സമിതിയാണ് ഗണിതശാസ്ത്ര പാഠപുസ്തകം തയ്യാറാക്കിയത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, കേരള പാഠ്യപദ്ധതി ചട്ടക്കൂട് എന്നിവയുടെ ചുവടുപിടിച്ച് തയ്യാറാക്കിയ പുസ്തകങ്ങള്‍ ഒന്നു മുതല്‍ പത്തുവരെയുള്ള എന്‍സിഇആര്‍ടി സിലബസിനോടു തുല്യത പുലര്‍ത്തുന്ന രീതിയാണ് തയ്യാറാക്കിയത്.

ദേശാഭിമാനി 110511

1 comment:

  1. ഈ വര്‍ഷം പത്താം ക്ലാസിലെത്തുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് പുതിയ പാഠപുസ്തകങ്ങള്‍. ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം എന്നിവയിലായി പത്താം ക്ലാസില്‍ 22 പാഠപുസ്തകങ്ങള്‍ക്കാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് സി ഇ ആര്‍ ടി), കേരളം രൂപം നല്‍കിയിരിക്കുന്നത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് കേരള പാഠ്യ പദ്ധതി ചട്ടക്കൂട് എന്നിവയുടെ ചുവടുപിടിച്ച് ആശയഗ്രഹണത്തിനും യുക്തിചിന്തയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സമീപനമാണ് പുതിയ പാഠപുസ്തകങ്ങളുടെ രചനയില്‍ കൈക്കൊണ്ടിരിക്കുന്നത്.

    ReplyDelete