Wednesday, May 18, 2011

സീറ്റ് കുറഞ്ഞതില്‍ ഉമ്മന്‍ചാണ്ടിക്കും ഉത്തരവാദിത്തം: ചെന്നിത്തല

പാര്‍ടിയിലെ വിഭാഗീയത ഒഴിവാക്കാന്‍ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ നിന്ന് താന്‍ പിന്മാറിയതെന്ന് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവന്നാലും സങ്കടമില്ലെന്നു പറഞ്ഞ ചെന്നിത്തല, കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞതില്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്ന് സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തില്‍ തുറന്നടിച്ചു. കഴിഞ്ഞ ഏഴു വര്‍ഷവും ഉമ്മന്‍ചാണ്ടി അറിയാതെ ഒരു തീരുമാനവും എടുത്തിട്ടില്ല. സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ എല്ലാ കാര്യത്തിലും തനിക്കും ഉമ്മന്‍ചാണ്ടിക്കും ഒരേ ഉത്തരവാദിത്തമാണുള്ളത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് ചെന്നിത്തലയുടെ കടുത്ത ഭാഷയിലുള്ള പ്രതികരണം.

നേതൃസ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ശക്തമായ തര്‍ക്കമുണ്ടായിരുന്നെന്ന് ചെന്നിത്തല സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ല. അത് എംഎല്‍എമാരും ഹൈക്കമാന്‍ഡും തീരുമാനിക്കേണ്ട കാര്യമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയാകാനാണോ മത്സരിക്കുന്നതെന്ന ചോദ്യത്തോട് നേരത്തെ പ്രതികരിക്കാതിരുന്നത്. മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന് താന്‍ പറഞ്ഞപ്പോള്‍ അത് നിയമസഭാകക്ഷിയും ഹൈക്കമാന്‍ഡും നിശ്ചയിക്കേണ്ട കാര്യമാണെന്ന് വയലാര്‍ രവി പ്രതികരിച്ചു. അതുകൊണ്ടുകൂടിയാണ് പിന്നീട് താന്‍ ഒന്നും പറയാതിരുന്നത്. 40 വര്‍ഷം നീണ്ട ഗ്രൂപ്പുവഴക്ക് ഒഴിവാക്കാന്‍ താന്‍ സ്വയം എടുത്ത തീരുമാനമാണ് പിന്മാറ്റമെന്ന് ചെന്നിത്തല പറഞ്ഞു. താനും ഉറച്ചുനിന്നിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന വന്‍ വിപത്തും തകര്‍ച്ചയും മുന്നില്‍ കണ്ടാണ് പിന്മാറിയത്. ഇത് ത്യാഗമാണോയെന്ന് സമൂഹം വിലയിരുത്തട്ടെ. മന്ത്രിയാകാന്‍ ആരുടെയും പിറകെ പോയിട്ടില്ല.

നായര്‍സമുദായത്തില്‍ ജനിച്ചതുകൊണ്ട് തന്നെ ബ്രാന്‍ഡ് ചെയ്യാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. അതില്‍ വേദനയുണ്ട്. തികഞ്ഞ മതേതരവാദിയാണ് താന്‍ . നിരന്തരം തനിക്കെതിരെ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയാണ്. ഇതിനു പിന്നില്‍ പാര്‍ടിക്കാരാണോ എന്ന് പരിശോധിക്കും. ആരും തന്നെ ചെറുതായി കാണാന്‍ ശ്രമിക്കേണ്ട. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായിരുന്നു താന്‍ . മമത ബാനര്‍ജി അടക്കം പലരെയും നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത് താനാണെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

deshabhimani 180511

2 comments:

  1. പാര്‍ടിയിലെ വിഭാഗീയത ഒഴിവാക്കാന്‍ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ നിന്ന് താന്‍ പിന്മാറിയതെന്ന് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവന്നാലും സങ്കടമില്ലെന്നു പറഞ്ഞ ചെന്നിത്തല, കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞതില്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്ന് സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തില്‍ തുറന്നടിച്ചു. കഴിഞ്ഞ ഏഴു വര്‍ഷവും ഉമ്മന്‍ചാണ്ടി അറിയാതെ ഒരു തീരുമാനവും എടുത്തിട്ടില്ല. സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ എല്ലാ കാര്യത്തിലും തനിക്കും ഉമ്മന്‍ചാണ്ടിക്കും ഒരേ ഉത്തരവാദിത്തമാണുള്ളത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് ചെന്നിത്തലയുടെ കടുത്ത ഭാഷയിലുള്ള പ്രതികരണം

    ReplyDelete
  2. ഇതു ചാനലില്‍ വന്നൂ ?
    ഏതെങ്കിലും വീഡിയോ ലിങ്ക് ഉണ്ടോ ?

    ReplyDelete