Saturday, February 11, 2012

ചുവപ്പിന്റെ തലസ്ഥാനം

ചെങ്കടല്‍

കാലത്തിന്റെ ഉണര്‍ത്തുപാട്ടുമായി ചുവടുവച്ച മഹാപ്രവാഹം അനന്തപുരിയെ ചെങ്കടലാക്കി. ചുവന്നു തുടുത്ത നഗരവീഥികള്‍ രക്തനക്ഷത്രശോഭയില്‍ ജ്വലിച്ചു. തൊഴിലാളിവര്‍ഗ്ഗത്തിന്റെ അജയ്യത വിളംബരം ചെയ്ത് ജനസാഗരം ഇരമ്പിയാര്‍ത്തു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റാലി തലസ്ഥാന നഗരിയില്‍ ജനമുന്നേറ്റത്തിന്റെ പുതിയ ചരിത്രമെഴുതി. വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തും ഐക്യവും വിളിച്ചോതിയ ജനലക്ഷങ്ങളുടെ റാലിയും ചുവപ്പ്സേനാ മാര്‍ച്ചും നഗരവീഥികളെ ത്രസിപ്പിക്കുകയായിരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ ചുവടുവച്ച ചെമ്പടയും ചെങ്കൊടികളുമായി സമര്‍പ്പിത മനസ്സോടെ ഒഴുകി നീങ്ങിയ ജനലക്ഷങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ തിരുവനന്തപുരത്ത് ആദ്യമായി വേദിയൊരുങ്ങിയ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം അവിസ്മരണീയമായി. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സംഗമിച്ചശേഷമാണ് പൊതുസമ്മേളന നഗരിയായ സ. ഇ ബാലാനന്ദന്‍ നഗറി(ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം)ലേക്ക് ചുവപ്പ് സേനയും പ്രകടനവും നീങ്ങിയത്.

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐ എം എന്ന് വിളിച്ചോതിയ മഹാസംഗമത്തിനാണ് തലസ്ഥാനം സാക്ഷിയായത്. ചരിത്രത്തിന്റെ കുളമ്പടി മുഴങ്ങിയ നഗരവീഥികള്‍ അക്ഷരാര്‍ഥത്തില്‍ ചെങ്കടലായി. സമാപന പൊതുസമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ആവേശത്തേരിലേറി ഒഴുകി നീങ്ങിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നഗരം വീര്‍പ്പുമുട്ടി. മാഞ്ഞാലിക്കുളം ഗ്രൗണ്ടില്‍നിന്നും വെള്ളയമ്പലം മാനവീയം വീഥിയില്‍നിന്നുമാണ് ചുവപ്പ്സേന മാര്‍ച്ച് തുടങ്ങിയത്. അഞ്ചു കേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ച പൊതുപ്രകടനം കിലോമീറ്ററുകള്‍ താണ്ടിയാണ് പൊതുസമ്മേളന നഗരിയിലെത്തിയത്. രക്തസാക്ഷികളുടെ വീരസ്മരണ തുടിച്ചുനിന്ന നഗരവീഥികളിലൂടെ ആയിരക്കണക്കിന് ചുവപ്പുസേനാംഗങ്ങള്‍ മാര്‍ച്ചുചെയ്തു. മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിനിധി സമ്മേളന നഗരിയായ എ കെ ജി ഹാളില്‍നിന്ന് പാര്‍ടി നേതാക്കളും പ്രതിനിധികളും സ്റ്റേഡിയത്തിലേക്ക് പ്രകടനമായി എത്തി. ചുവപ്പ്സേന സ്റ്റേഡിയത്തില്‍ അണിനിരന്നതോടെ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തുറന്ന ജീപ്പില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ജില്ലാ വളന്റിയര്‍ ക്യാപ്റ്റന്‍ കെ എസ് സുനില്‍കുമാര്‍ ഇരുവരെയും അനുഗമിച്ചു. വെള്ളിയാഴ്ച ഉച്ചമുതല്‍ തുടങ്ങിയ മഴയെ തെല്ലും കൂസാതെയാണ് ചുവപ്പ് വളന്റിയര്‍മാര്‍ മാര്‍ച്ച് ചെയ്ത് എത്തിയത്. അതിന് മുമ്പുതന്നെ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ ജനങ്ങള്‍ നിറഞ്ഞിരുന്നു. പ്രശസ്ത ഗായകന്‍ ആമച്ചല്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘം വിപ്ലവഗാനങ്ങള്‍ പാടി ജനാവലിയെ സ്വാഗതംചെയ്തു. സര്‍വകലാശാല പ്രതിഭകളുടെ നാടന്‍ വൃന്ദവാദ്യം ഇമ്പമേകി. പൊതുസമ്മേളനം ആരംഭിച്ചപ്പോഴും നഗരത്തിന്റെ വിവിധ കോണുകളില്‍നിന്ന് ആരംഭിച്ച ജനപ്രവാഹം നിലച്ചിരുന്നില്ല. സ്റ്റേഡിയം ലക്ഷ്യമാക്കി നീങ്ങിയ ജനങ്ങളിലേറെ പേര്‍ക്കും അകത്ത് പ്രവേശിക്കാനായില്ല.

പൊതുസമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. പിണറായി വിജയന്‍ അധ്യക്ഷനായി. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍കൂടിയായ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകരും വളന്റിയര്‍മാരുമാണ് പ്രകടനത്തിലും മാര്‍ച്ചിലും അണിനിരന്നത്. ഒരു ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടു ലക്ഷം പേരാണ് പ്രകടനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതെങ്കിലും മൂന്നുലക്ഷത്തോളം പേര്‍ പങ്കെടുത്തു. കേരളീയവേഷം ധരിച്ച് നീങ്ങിയ സ്ത്രീകളും നാടന്‍ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും റാലിക്ക് ശോഭ പകര്‍ന്നു. തലസ്ഥാന നഗരിയുടെ പഴമയും പെരുമയും വിളിച്ചോതുന്ന കിഴക്കേകോട്ടയുടെ ചാരുതയോടെ പുനരാവിഷ്കരിച്ച പൊതുസമ്മേളന വേദി ദൃശ്യവിസ്മയം പകര്‍ന്നു. പൊതുസമ്മേളനത്തിനുശേഷം കലാഭവന്‍ മണിയും സംഘവും മെഗാഷോ "മണികിലുക്കം" അവതരിപ്പിച്ചു.
(കെ ശ്രീകണ്ഠന്‍)

ചുവപ്പിന്റെ തലസ്ഥാനം

വര്‍ഗബോധത്തിന്റെ സംഘഗാഥ പാടി ചെമ്പടയുടെ മാര്‍ച്ച്. ചെങ്കൊടിയുടെയും ചെന്തോരണങ്ങളുടെയും വര്‍ണത്തില്‍ മുങ്ങിയ നഗരവീഥികളില്‍ കാക്കിയും ചുവപ്പുമണിഞ്ഞ കാല്‍ലക്ഷം വളന്റിയര്‍മാര്‍ , പിന്നില്‍ ജനലക്ഷങ്ങള്‍ ...അലകടലായി ഒഴുകി ആവേശം ചെങ്കടല്‍ സൃഷ്ടിച്ച മുഹൂര്‍ത്തത്തില്‍ തിരുവനന്തപുരം പ്രഖ്യാപിച്ചു- ഇത് ചുവപ്പിന്റെ തലസ്ഥാനം. രാജാക്കന്മാരുടെയും മാടമ്പിമാരുടെയും കുതിരപ്പട മാര്‍ച്ച് ചെയ്തിരുന്ന അനന്തപുരിയുടെ വീഥികളില്‍ വെള്ളിയാഴ്ച ജനകീയപട്ടാളം ബ്യൂഗിള്‍ മുഴക്കി. അച്ചടക്കത്തോടെ ചുവടുവച്ചു. ജനവിരുദ്ധശക്തികള്‍ക്കെതിരെ നീതിബോധത്തിന്റെ ചെങ്കൊടിയേന്തി സമരോത്സുകമായ പുതിയലോകത്തിന്റെ പിറവിക്കായി പൊരുതുന്നവര്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ചെങ്കോട്ടതീര്‍ത്തു കാല്‍ലക്ഷം ചുവപ്പുവളന്റിയര്‍മാര്‍ .

ബഹുജനസ്വാധീനവും കരുത്തും വെല്ലുവിളിക്കാനാകാത്ത സംഘടനാശേഷിയുമുള്ള സിപിഐ എമ്മിന്റെ സമ്മേളനം ജനകീയ ഉത്സവമാണെന്ന് തെളിയിച്ചു ഈ സായാഹ്നം. അച്ചടക്കം താളമാക്കി പ്രത്യയശാസ്ത്രദാര്‍ഢ്യത്തില്‍ ചുവടുറപ്പിച്ച് ബാന്റ്വാദ്യത്തിന്റെ അകമ്പടിയില്‍ വളന്റിയര്‍മാര്‍ മുന്നേറി. യുവതികളും യുവാക്കളും അണിനിരന്ന ചുവപ്പിന്റെ മഹാപ്രവാഹത്തില്‍ അനന്തപുരി ചുവന്നപുരിയായി. മാര്‍ച്ചിന്റെ തുടക്കം വൈകിട്ട് മൂന്നിനായിരുന്നു. മൂന്നിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചുവപ്പന്‍മുന്നേറ്റത്തിന്റെ കാഹളം മുഴങ്ങിയത്. അധ്വാനിക്കുന്നവന്റെ ലോകം അകലെയല്ല എന്ന് അലയടിച്ചാര്‍ത്തുവിളിച്ച ജനലക്ഷങ്ങള്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തിന്റെ കോട്ടതീര്‍ത്ത് ചുവപ്പുവളന്റിയര്‍മാര്‍ അണിനിരന്നു. ജനനിബിഡമായ വീഥികള്‍ അവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.

18 ഏരിയകളില്‍നിന്ന് ഇരുപത്തയ്യായിരം വളന്റിയര്‍മാരാണ് മാര്‍ച്ച് ചെയ്തത്. ഇവരില്‍ അയ്യായിരം വനിതകള്‍ . മാസങ്ങളുടെ പരിശീലനത്തിലൂടെ സുശിക്ഷിതമായി പട്ടാളച്ചിട്ടയോടെ ചുവടുവയ്പ്. 156 വനിതാ പ്ലറ്റൂണുകളടക്കം 500 പ്ലറ്റൂണുകളിലായി കാല്‍ലക്ഷം പേര്‍ . കാക്കി പാന്റ്സും ചുവപ്പ് ഷര്‍ട്ടും കാക്കി തൊപ്പിയും ബ്രൗണ്‍ ക്യാന്‍വാസും അണിഞ്ഞ് പുരുഷന്മാരും വെള്ള പാന്റ്സും ചുവപ്പ് ചുരിദാറും വെള്ള ഷാളും മെറൂണ്‍ തൊപ്പിയും വെള്ള ക്യാന്‍വാസുമണിഞ്ഞ് വനിതകളും. പടപ്പാട്ടുകളും ബാന്റ്വാദ്യവും ത്രസിപ്പിച്ച അന്തരീക്ഷത്തിലാണ് ഇരമ്പിയാര്‍ത്ത് ചെമ്പട നീങ്ങിയത്. ആയുര്‍വേദകോളേജ് ജങ്ഷന്‍ , വെള്ളയമ്പലം എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു മാര്‍ച്ച്. ചാല, വഞ്ചിയൂര്‍ , വിളപ്പില്‍ , നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല, കാട്ടാക്കട, വെള്ളറട ഏരിയകളിലെ സേന ആയുര്‍വേദകോളേജ് ജങ്ഷനില്‍നിന്ന് മാര്‍ച്ച് ചെയ്ത് പൊതുസമ്മേളന നഗരിയായ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങി.

മാഞ്ഞാലിക്കുളം മൈതാനത്ത് കേന്ദ്രീകരിച്ച വളന്റിയര്‍മാര്‍ ബാബാ ടൂറിസ്റ്റ് ഹോമിന് മുന്നിലൂടെ ആയുര്‍വേദ കോളേജിലെത്തി മെയിന്‍ റോഡ് വഴി ഇ എം എസ് പാര്‍ക്കിനടുത്തുള്ള കവാടം വഴി ആദ്യപാതി സ്റ്റേഡിയത്തില്‍ പ്രവേശിച്ചതോടെ പൊതുസമ്മേളനനഗരി ചുവന്നപുഴയായി. പേരൂര്‍ക്കട, പാളയം, കഴക്കൂട്ടം, ആറ്റിങ്ങല്‍ , വര്‍ക്കല, കിളിമാനൂര്‍ , വെഞ്ഞാറമൂട്, വിതുര, നെടുമങ്ങാട് എന്നിവിടങ്ങളില്‍നിന്നുള്ള സേനാ മാര്‍ച്ച് വെള്ളയമ്പലത്തുനിന്നാണ് തുടങ്ങിയത്. മാനവീയം വീഥിയില്‍ കേന്ദ്രീകരിച്ച് മ്യൂസിയം, രാമരായര്‍ വിളക്ക്, യുദ്ധസ്മാരകപാര്‍ക്ക് ചുറ്റി ഇ എം എസ് പാര്‍ക്കിന് സമീപമുള്ള കവാടം വഴി സമ്മേളന നഗരിയില്‍ ചെമ്പട പൂര്‍ണമായി എത്തിയതോടെ സ്റ്റേഡിയം ചുവന്ന സാഗരമായി.

മൂന്ന് മണിക്ക് ആരംഭിച്ച വളന്റിയര്‍ മാര്‍ച്ചിന്റെ ആദ്യ പ്ലറ്റൂണ്‍ സ്റ്റേഡിയത്തിലെത്തിയത് നാലേകാലിന്. അവസാനമായി വിതുര ഏരിയയിലെ വളന്റിയര്‍മാരെത്തുമ്പോള്‍ രണ്ട്മണിക്കൂര്‍ കഴിഞ്ഞിരുന്നു. അസ്തമനസൂര്യന്റെ വര്‍ണരാജിക്ക് പ്രഭചൊരിഞ്ഞ് ബാലാനന്ദന്‍ നഗറില്‍ ചുവപ്പിന്റെ പൊന്‍തിളക്കം. പരേഡ് നിരീക്ഷിച്ച് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുറന്ന ജീപ്പില്‍ നീങ്ങിയ നേതാക്കളെ ജില്ലാ വളന്റിയര്‍ ക്യാപ്റ്റന്‍ കെ എസ് സുനില്‍കുമാര്‍ അനുഗമിച്ചു.
(പി വി ജീജോ)

മഹാപ്രവാഹം

മാര്‍ക്സിസം അജയ്യമെന്നു പ്രഖ്യാപിച്ച് അനന്തപുരിയില്‍ തൊഴിലാളിവര്‍ഗത്തിന്റെ മഹാപ്രവാഹം. സംഘശക്തിയുടെ ഉണര്‍ത്തുപാട്ടുമായി ചുവടുവച്ച സമരഭടന്മാര്‍ തലസ്ഥാന നഗരിക്ക് പകര്‍ന്നത് വിപ്ലവചൈതന്യം. സമരകേരളത്തിന്റെ മുന്നണിപ്പോരാളികളുടെ പ്രകടനം രാഷ്ട്രീയകേരളത്തിന്റെ കുതിപ്പിനുള്ള ആവേശവും ഇന്ധനവും പകരുന്നതായിരുന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ , അവശത മറന്നെത്തിയ തലമുതിര്‍ന്നവര്‍ , പാറിപ്പറക്കുന്ന ബലൂണുമായി കുട്ടികള്‍ , ആബാലവൃദ്ധം ഒഴുകിയെത്തിയപ്പോള്‍ സമ്മേളന നഗര്‍ വീര്‍പ്പുമുട്ടി. മഴയെയും കൂസാതെ ജില്ലയാകെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലേക്ക് അലയടിച്ചെത്തി. തങ്ങള്‍ നെഞ്ചേറ്റിയ പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തിനായി അഞ്ചുമാസമായി നാട്ടിടങ്ങളിലും നഗരങ്ങളിലും കൈമെയ് മറന്ന് അധ്വാനിച്ചവര്‍ വെള്ളിയാഴ്ച കുടുംബസമേതം അനന്തപുരിയിലേക്ക് ഒഴുകിയെത്തി.
എല്ലാ കണ്ണുകളും എല്ലാ കാതുകളും എല്ലാ ചുവടുകളും സ. ഇ ബാലാനന്ദന്‍ നഗറിലേക്കായിരുന്നു. കീഴടക്കാനാകാത്ത കരുത്തുമായി നാടിന്റെ സിരാപടലങ്ങളില്‍ ചുവപ്പിന്റെ അവസാനിക്കാത്ത ജനപ്രവാഹം. അസാധാരണമായിരുന്നു ആ പ്രവാഹം. അഭൂതപൂര്‍വമായ ആവേശത്തില്‍ അണപൊട്ടിയ നദിപോലെ ജനസഞ്ചയത്തിന്റെ കുത്തൊഴുക്ക്. കേരളം ഹൃദയത്തിലേറ്റുന്ന പ്രസ്ഥാനവും ചോരച്ചെങ്കൊടിയും അജയ്യമാണെന്ന് ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചു. സംഘബോധത്തിന്റെയും അച്ചടക്കത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഗാഥയുമായി ചെമ്പടയും, രക്തപതാകയും വിപ്ലവഗാനങ്ങളും ബ്യൂഗിള്‍നാദവും വാദ്യമേളങ്ങളും ഇരമ്പിയാര്‍ക്കുന്ന മുദ്രാവാക്യങ്ങളും ആവേശമായി കത്തിപ്പടര്‍ന്നു. അനന്തപുരിക്ക് അരുണശോഭയേകി ചെമ്പടയുടെ മാര്‍ച്ചോടെയാണ് മഹാപ്രവാഹത്തിന് തുടക്കമായത്. ആയുര്‍വേദ കോളേജ് ജങ്ഷന്‍ , വെള്ളയമ്പലം മാനവീയം വീഥി എന്നിവിടങ്ങളില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മഴ തടസ്സവുമായി എത്തിയെങ്കിലും ആവേശത്തെ തകര്‍ക്കാനായില്ല. വൈകിട്ട് മൂന്നോടെ സ്റ്റേഡിയത്തിന്റെ ഗ്യാലറികള്‍ നിറഞ്ഞു. അപ്പോഴും റാലി ആരംഭിച്ചിരുന്നില്ല. മൂന്നരയോടെ മാര്‍ച്ചുകള്‍ ആരംഭിച്ചു. രണ്ടുമണിക്കൂര്‍കൊണ്ടാണ് മാര്‍ച്ച് പൂര്‍ത്തിയായത്. 3.45ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സമ്മേളന പ്രതിനിധികളുടെ പ്രകടനം എ കെ ജി ഹാളില്‍നിന്ന് സ്റ്റേഡിയത്തിലെത്തി.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍ , ഇ പി ജയരാജന്‍ , എം എ ബേബി, പി കെ ഗുരുദാസന്‍ , പാലോളി മുഹമ്മദുകുട്ടി, പി കരുണാകരന്‍ , പി കെ ശ്രീമതി, എം സി ജോസഫൈന്‍ , വൈക്കം വിശ്വന്‍ , ടി എം തോമസ് ഐസക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമ്മേളനവേദിയിലേക്കെത്തിയ ദേശീയനേതാക്കളെ കരഘോഷത്തോടെയാണ് ആയിരങ്ങള്‍ വരവേറ്റത്. ചാക്ക, സംഗീത കോളേജ് ജങ്ഷന്‍ , വെള്ളയമ്പലം, ഓവര്‍ബ്രിഡ്ജ്, കുറവന്‍കോണം എന്നിവിടങ്ങളില്‍നിന്നുള്ള പ്രകടനങ്ങളുടെ മുന്‍നിരയും സ്റ്റേഡിയത്തിലെത്തി. അകത്തേക്ക് കടക്കാന്‍ കഴിയാതെ സ്റ്റേഡിയത്തിനുചുറ്റുമുള്ള റോഡുകളില്‍ നിലയുറപ്പിച്ചാണ് പതിനായിരങ്ങള്‍ നേതാക്കളുടെ പ്രസംഗം കേട്ടത്. പൊതുസമ്മേളനം അവസാനിക്കുമ്പോഴും ജനപ്രവാഹം തുടര്‍ന്നു. കേരളീയവേഷം ധരിച്ചെത്തിയ പതിനായിരക്കണക്കിന് വനിതകള്‍ പ്രകടനത്തിന്റെ പ്രത്യേകതയായി. ചെങ്കൊടികളും പ്ലക്കാര്‍ഡുകളും വീഥികളിലും സ്റ്റേഡിയത്തിലും ചുവപ്പിന്റെ മാസ്മരികലോകം സൃഷ്ടിച്ചു. പഞ്ചവാദ്യവും ചെണ്ടമേളവും തെയ്യവും തിറയും നിശ്ചലദൃശ്യങ്ങളും കാഴ്ചയുടെ വസന്തമൊരുക്കി. നിരത്തിലെല്ലാം ആവേശഭരിതരായി നീങ്ങുന്ന നേതാക്കളും പ്രവര്‍ത്തകരും. എങ്ങും മുഴങ്ങിയത് ഇങ്ക്വിലാബ് സിന്ദാബാദ്. തലസ്ഥാനത്തിന്റെ മണ്ണും മനസ്സും മാനവും ചുവപ്പില്‍ പൂത്തുനിന്നു.
(ജി രാജേഷ്കുമാര്‍)

deshabhimani 110212

1 comment:

  1. കാലത്തിന്റെ ഉണര്‍ത്തുപാട്ടുമായി ചുവടുവച്ച മഹാപ്രവാഹം അനന്തപുരിയെ ചെങ്കടലാക്കി. ചുവന്നു തുടുത്ത നഗരവീഥികള്‍ രക്തനക്ഷത്രശോഭയില്‍ ജ്വലിച്ചു. തൊഴിലാളിവര്‍ഗ്ഗത്തിന്റെ അജയ്യത വിളംബരം ചെയ്ത് ജനസാഗരം ഇരമ്പിയാര്‍ത്തു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റാലി തലസ്ഥാന നഗരിയില്‍ ജനമുന്നേറ്റത്തിന്റെ പുതിയ ചരിത്രമെഴുതി. വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തും ഐക്യവും വിളിച്ചോതിയ ജനലക്ഷങ്ങളുടെ റാലിയും ചുവപ്പ്സേനാ മാര്‍ച്ചും നഗരവീഥികളെ ത്രസിപ്പിക്കുകയായിരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ ചുവടുവച്ച ചെമ്പടയും ചെങ്കൊടികളുമായി സമര്‍പ്പിത മനസ്സോടെ ഒഴുകി നീങ്ങിയ ജനലക്ഷങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ തിരുവനന്തപുരത്ത് ആദ്യമായി വേദിയൊരുങ്ങിയ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം അവിസ്മരണീയമായി. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സംഗമിച്ചശേഷമാണ് പൊതുസമ്മേളന നഗരിയായ സ. ഇ ബാലാനന്ദന്‍ നഗറി(ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം)ലേക്ക് ചുവപ്പ് സേനയും പ്രകടനവും നീങ്ങിയത്.

    ReplyDelete