Friday, February 17, 2012

പരിയാരം സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് മദ്രസയിലും വായനശാലയിലും

കല്‍പ്പറ്റ: ഹൈസ്കൂള്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് എല്‍പി സ്കൂളുകളില്‍ ; പല ക്ലാസ് മുറികളും പ്രവര്‍ത്തിക്കുന്നതാകട്ടെ അടുത്തുള്ള വായനശാലയിലും മദ്രസയിലും. രാഷ്ട്രീയ മാധ്യമിക് ശിക്ഷഅഭിയാന്‍ പദ്ധതി പ്രകാരം അപ്ഗ്രേഡ് ചെയ്യപ്പെട്ട ജില്ലയിലെ സ്കൂളുകളുടെ ദയനീയ സ്ഥിതിയാണിത്. കെട്ടിടം നിര്‍മിക്കാന്‍ ലക്ഷങ്ങള്‍ ബാങ്കില്‍ വെറുതെ കിടക്കുമ്പോഴാണ് പഠനസൗകര്യമില്ലാതെ വിദ്യാര്‍ത്ഥികള്‍ വലയുന്നത്. അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും ഈ സ്കൂളുകളില്‍ ക്ലാസ് മുറികളോ മറ്റ് സൗകര്യങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ല. ജില്ലയില്‍ 12 സ്കൂളുകളാണ് ആര്‍എംഎസ്എ പദ്ധതി പ്രകാരം അപ്ഗ്രേഡ് ചെയ്തത്. കുഞ്ഞോം, വാളവയല്‍ , അതിരാറ്റ്കുന്ന് എന്നിവയാണ് എല്‍പിയില്‍ നിന്ന് യുപിയായും നെല്ലാറച്ചാല്‍ , മാതമംഗലം, കുപ്പാടി, കാപ്പിസെറ്റ്, കോട്ടത്തറ, പരിയാരം, തോല്‍പ്പെട്ടി, പേര്യ, വാളേരി എന്നിവ യുപിയില്‍ നിന്ന് ഹൈസ്കൂളുകളായി ഉയര്‍ത്തി.

2017 ഓടെ രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ഗുണ നിലവാരമുള്ള സെക്കന്‍ഡറി വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഗ്രാമീണമേഖലയിലെ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടിയുടെ താമസസ്ഥലത്തിന്റെ അഞ്ച്കിലോമീറ്റര്‍ പരിധിയില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും മൂന്ന് കിലോമിറ്റര്‍ ചുറ്റളവില്‍ ഹൈസ്കൂളും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്കൂളും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന കാഴ്ചപ്പാടിലാണ് സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്തത്.

കെട്ടിട സൗകര്യമില്ലാത്തതിനാല്‍ നിലവിലുള്ള കെട്ടിടങ്ങളില്‍ തന്നെയാണ് കുട്ടികള്‍ പഠിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറവായ ജില്ലയിലെ വിദൂരഗ്രാമീണമേഖലയിലെ സ്കൂളുകളില്‍ രണ്ടിലധികം ഡിവിഷനുകളുണ്ട്. പത്ത് റൂമുകളോട് കൂടിയ കെട്ടിടവും ലാബും നിര്‍മിക്കാന്‍ 58 ലക്ഷം രൂപ വീതമാണ് ആര്‍എംഎസ്എ പദ്ധതി പ്രകാരം ഒരോ സ്കൂളുകള്‍ക്കും അനുവദിച്ചത്. കെട്ടിടം നിര്‍മിക്കാന്‍ ഈ തുക തികയില്ലെന്നതാണ് സ്കൂളുകളുടെ നിലപാട്. ജില്ല പഞ്ചായത്തുകള്‍ക്കും മറ്റും ഫണ്ട് അനുവദിക്കാന്‍ വകുപ്പുണ്ടെങ്കിലും അത്തരത്തിലൊരു ശ്രമവും നടന്നിട്ടില്ല. എന്നാല്‍ ഈ ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന മാര്‍ഗനിര്‍ദേശം പോലും ജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. പരിയാരം സ്കൂളില്‍ യുപി വിഭാഗത്തില്‍ 420 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 106 കുട്ടികളുമുണ്ട്. യുപി സ്കൂള്‍ സൗകര്യത്തിലാണ് നിലവില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. ഓഫീസ് മുറികളോ, ലാബോ, ലൈബ്രറിയോ ഒന്നും അപ്ഗ്രേഡ് ചെയ്ത സ്കൂളുകള്‍ക്കില്ല. യുപി സ്കൂള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങള്‍ മാത്രമേ അപ്ഗ്രേഡ് ചെയ്ത സ്കൂളുകള്‍ക്കുള്ളു എന്ന് അധ്യാപകരും പറയുന്നു. പത്താം ക്ലാസ് കുട്ടികളുടെ പഠനമാണ് ഇത് മൂലം അവതാളത്തിലായത്.

എല്‍പി യില്‍ നിന്ന് നേരിട്ട് ഹൈസ്കൂളുകളായി അപ്ഗ്രേഡ് ചെയ്ത സ്കൂളുകളില്‍ പഠന സൗകര്യം തീരെ കുറവാണ്. വാളവയല്‍ ഗവണ്‍മെന്റ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കെട്ടിട സൗകര്യമില്ലാത്തതിനാല്‍ അടുത്തുള്ള വായനശാലയിലാണ് പ്രവര്‍ത്തിക്കുന്നത്. കോട്ടത്തറ സ്കൂളിന്റെയും സ്ഥിതി വ്യത്യസ്തമല്ല. സ്കൂളിലെ പല ക്ലാസ് മുറികളും പ്രവര്‍ത്തിക്കുന്നതാകട്ടെ മദ്രസ കെട്ടിടത്തിലും. കാപ്പിസെറ്റ് ഗവ. സ്കൂളില്‍ 600 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. തികച്ചും ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളാണിത്. കുഞ്ഞോം ഗവണ്‍മെന്റ് സ്കൂളിലെ പല ക്ലാസ്മുറികളും പ്രവര്‍ത്തിക്കുന്നതാകട്ടെ സ്കൂളിലെ സ്റ്റേജുകളിലും മറ്റുമാണ്. മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അപ്ഗ്രേഡ് ചെയ്ത സ്കൂളുകളില്‍ പ്രവേശനം നേടിയ നിര്‍ധനരും സാധാരണക്കാരുമായ വിദ്യാര്‍ത്ഥികളാണ് ഇത് മൂലം വഴിയാധാരമാകുന്നത്. പല സ്കൂളുകളിലും ഒരു ക്ലാസിന് നാല് ഡിവിഷനുകള്‍ വരെയുണ്ട്. ഇത്രയും കുട്ടികളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ സ്കൂളുകള്‍ വീര്‍പ്പുമുട്ടുകയാണ്. അടുത്ത വര്‍ഷം കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതോടെ കുട്ടികളെ എവിടെ ഇരുത്തും എന്ന അങ്കലാപ്പിലാണ് സ്കൂള്‍ അധികൃതര്‍ .

deshabhimani 170212

1 comment:

  1. ഹൈസ്കൂള്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് എല്‍പി സ്കൂളുകളില്‍ ; പല ക്ലാസ് മുറികളും പ്രവര്‍ത്തിക്കുന്നതാകട്ടെ അടുത്തുള്ള വായനശാലയിലും മദ്രസയിലും. രാഷ്ട്രീയ മാധ്യമിക് ശിക്ഷഅഭിയാന്‍ പദ്ധതി പ്രകാരം അപ്ഗ്രേഡ് ചെയ്യപ്പെട്ട ജില്ലയിലെ സ്കൂളുകളുടെ ദയനീയ സ്ഥിതിയാണിത്. കെട്ടിടം നിര്‍മിക്കാന്‍ ലക്ഷങ്ങള്‍ ബാങ്കില്‍ വെറുതെ കിടക്കുമ്പോഴാണ് പഠനസൗകര്യമില്ലാതെ വിദ്യാര്‍ത്ഥികള്‍ വലയുന്നത്.

    ReplyDelete