Friday, February 17, 2012

കേരളം മറക്കില്ല, ഈ അരുംകൊല

കണ്ണൂര്‍ : രാഷ്ട്രീയ കേരളം ഇന്നും ഞെട്ടലോടെയാണ് അഴീക്കോടന്‍ രാഘവന്റെ മരണം ഓര്‍ക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നത നേതാവും പ്രതിപക്ഷ ഏകോപനസമിതി സംസ്ഥാന കണ്‍വീനറുമായ അദ്ദേഹം തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ്സിറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന നേതാവ്. അസാമാന്യമായ സംഘാടനശേഷിയും അസൂയാവഹമായ നയതന്ത്രജ്ഞതയും പ്രദര്‍ശിപ്പിച്ച അഴീക്കോടന്‍ തൊഴിലാളികളുടെയും കമ്യൂണിസ്റ്റുകാരുടെയും കണ്ണിലുണ്ണിയായിരുന്നു. തൃശൂരില്‍നിന്ന് കണ്ണൂരിലേക്കുള്ള വിലാപയാത്ര കേരളം അതുവരെ കണ്ടതില്‍ ഏറ്റവും വലുതായിരുന്നു. അത് നയിച്ചത് എ കെ ജിയും ഇ എം എസും.

1972 സെപ്തംബര്‍ 23ന് രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയിലാണ് ആ ദാരുണ സംഭവം. തൃശൂരില്‍ തങ്ങി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. എറണാകുളത്ത് ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ അദ്ദേഹം തൃശൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനടുത്ത ചെട്ടിയങ്ങാടിയില്‍ ഇറങ്ങി, ചെമ്പോട്ടില്‍ ലെയിനിലുള്ള താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുന്നതിനിടെ മാരകായുധങ്ങളുമായി വന്നവര്‍ കുത്തിവീഴത്തി. ആഭ്യന്തരമന്ത്രി കെ കരുണാകരന്റെയും വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും കോടാലിക്കൈ ആയ ഇടതുപക്ഷ തീവ്രവാദികളാണ് വിലപ്പെട്ട ആ ജീവന്‍ കവര്‍ന്നെടുത്തതെന്ന് പിന്നീട് വ്യക്തമായി.

സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട എ വി ആര്യന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സിപിഐ എമ്മിനെതിരെ കോണ്‍ഗ്രസ് സഹായത്തോടെ വെല്ലുവിളി ഉയര്‍ത്തുന്ന കാലമായിരുന്നു അത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. മിക്കവാറും ജില്ലകളിലെ ഗസ്റ്റ്ഹൗസ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ബുക്ക് ചെയ്തിരുന്നു. ചെട്ടിയങ്ങാടിയില്‍നിന്ന് വിളിപ്പാടകലെയുള്ള ജില്ലാകമ്മിറ്റി ഓഫീസില്‍ വിവരമെത്തുംമുമ്പ് പത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകം അറിഞ്ഞിരുന്നു.

കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് വെള്ളാനിക്കര തട്ടില്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ ലക്ഷങ്ങളുടെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന കാലം. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറി സി കെ ഗോവിന്ദന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം വി അബൂബക്കറിന് അയച്ച കത്ത് നവാബ് വാരിക എഡിറ്റര്‍ രാജേന്ദ്രന്‍ ചോര്‍ത്തി. എസ്റ്റേറ്റുകാരില്‍ നിന്നും പണം വാങ്ങിവെക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് വാരിക പ്രസിദ്ധീകരിച്ചതോടെ കേരളം ഇളകിമറിഞ്ഞു. സംഘടനാ കോണ്‍ഗ്രസ് പ്രസിഡന്റ് കെ ശങ്കരനാരായണന്‍ (ഇപ്പോഴത്തെ മഹാരാഷ്ട്ര ഗവര്‍ണര്‍) കരുണാകരനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തി. നിയമസഭയിലും ഒച്ചപ്പാട്. കത്തിന്റെ ഒറിജിനല്‍ ആവശ്യപ്പെട്ട് നവാബ് രാജേന്ദ്രനെ പൊലീസ് തല്ലിച്ചതച്ചുവെങ്കിലും കിട്ടിയില്ല. സി കെ ഗോവിന്ദന്‍ നാവാബിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കത്തയച്ചിട്ടില്ലെന്നായിരുന്നു വാദം. നവാബിനുവേണ്ടി ഹാജരായത് അഡ്വ. വീരചന്ദ്രമേനോന്‍ . കത്തിന്റെ ഒറിജിനല്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടപ്പോള്‍ ഹാജരാക്കാമെന്ന് നവാബ് സമ്മതിച്ചു.

അതിനിടെ, തൃശൂരിലെ ഒരു പൊലീസുകാരന്‍ കണ്ണൂരില്‍ അഴീക്കോടന്റെ വീട്ടില്‍ എത്തി താന്‍ വീരചന്ദ്രമേനോന്റെ ജൂനിയറാണെന്നും നവാബ് ഏല്‍പ്പിച്ച കത്ത് നല്‍കണമെന്നും പറഞ്ഞു. അത് പൊലീസാണെന്ന് മനസ്സിലാക്കിയ അഴീക്കോടന്‍ അയാളെ തിരിച്ചയച്ചു. ഈ കേസ് നടക്കവെയാണ് അഴീക്കോടന്‍ കൊല്ലപ്പെടുന്നത്.

"കുഞ്ഞുമോന് ഹരിശ്രീ കുറിക്കുമ്പോള്‍ ഉടുക്കാനുള്ള കസവുമുണ്ടുമായാണ് സഖാവ് അവസാനമായി വീട്ടില്‍ വന്നത്. മുന്നറിയിപ്പില്ലാത്ത വരവ്. ഒരു ദിവസം വീട്ടില്‍ തങ്ങി. മക്കളെ വിളിച്ചിരുത്തി പഠനകാര്യങ്ങള്‍ സംസാരിച്ചു. വായിക്കേണ്ട പുസ്തകങ്ങളെക്കുറിച്ച് രാത്രി മക്കളോട് പറയുന്നതു കേട്ടു"-ഭാര്യ മീനാക്ഷി ടീച്ചര്‍ പറഞ്ഞു. കണ്ണൂര്‍ നഗരത്തിലെ തെക്കിബസാറിലെ തൊഴിലാളി കുടുംബത്തില്‍നിന്നാണ് അഴീക്കോടന്‍ പാര്‍ടി നേതൃനിരയിലെത്തിയത്. പൊതുപ്രവര്‍ത്തനത്തില്‍ കൃഷ്ണപിള്ളയുടെ പ്രിയശിഷ്യന്‍ . 1946-ല്‍ കമ്യൂണിസ്റ്റ് പാര്‍ടി കണ്ണൂര്‍ ടൗണ്‍ കമ്മിറ്റി സെക്രട്ടറി. 1951-ല്‍ മലബാര്‍ കമ്മിറ്റിയിലേക്ക്. 1954-ല്‍ മലബാര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ സെക്രട്ടറിയായി. 1956-ല്‍ പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി. 1948, 50, 62, 64 വര്‍ഷങ്ങളില്‍ ജയില്‍ശിക്ഷ. സിപിഐ എം രൂപീകരണം മുതല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം. സിപിഐ എം വിരുദ്ധ മാധ്യമങ്ങളുടെ ഇരയായിരുന്നു അഴീക്കോടന്‍ . അഴീക്കോടന്റെ സമ്പാദ്യത്തെപ്പറ്റി അവര്‍ കഥകള്‍ എഴുതിപ്പിടിപ്പിച്ചു. മരണശേഷം ഇതേ മാധ്യമങ്ങള്‍ കണ്ണീര്‍ക്കഥകളെഴുതി. മൃതദേഹം സംസ്കരിക്കാനുള്ള മണ്ണുപോലും സ്വന്തമായില്ലാത്ത ഈ നേതാവിന് തൃശൂരിലെ ബാങ്കില്‍ ശേഷിപ്പ് 32 രൂപ മാത്രമെന്ന വാര്‍ത്ത വന്നു. പിന്നീട് പാര്‍ടിയാണ് കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയത്.

പി പി സതീഷ്കുമാര്‍ deshabhimani 160212

1 comment:

  1. രാഷ്ട്രീയ കേരളം ഇന്നും ഞെട്ടലോടെയാണ് അഴീക്കോടന്‍ രാഘവന്റെ മരണം ഓര്‍ക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നത നേതാവും പ്രതിപക്ഷ ഏകോപനസമിതി സംസ്ഥാന കണ്‍വീനറുമായ അദ്ദേഹം തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ്സിറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് ദാരുണമായി കൊല്ലപ്പെട്ടത്.

    ReplyDelete