Friday, February 17, 2012

ജന്മിത്വത്തിനെതിരെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി...

പേരാമ്പ്ര: പഴയ കുറുമ്പ്രനാട് താലൂക്കില്‍ പെണ്‍കരുത്തിന്റെ പ്രതീകമാണ് മേഞ്ഞാണ്യത്തെ നമ്പിത്തോത്ത് മാധവിയമ്മ. ജന്മിയുടെയും ഗുണ്ടകളുടെയും കടന്നാക്രമണത്തിനിരയായിട്ടും കുടിയൊഴിപ്പിക്കലിനെ ചെറുക്കാന്‍ കരുത്തുകാട്ടിയവര്‍ . ചെങ്കൊടിയേന്തിയ കമ്യൂണിസ്റ്റ് പോരാളികള്‍ തന്നോടൊപ്പമുണ്ടെന്ന ധൈര്യമായിരുന്നു അവര്‍ക്ക്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ മറവില്‍ കോണ്‍ഗ്രസുകാരും പൊലീസും അഴിഞ്ഞാടുന്ന കാലം. ഭരണാധികാരികളുടെ പിന്‍ബലത്തില്‍ ജന്മി തമ്പുരാക്കന്മാരും അടങ്ങിയിരുന്നില്ല. നിസ്സാര കാരണങ്ങള്‍ നിരത്തി പാവപ്പെട്ട കുടുംബങ്ങളെ സ്വന്തം ഭൂമിയില്‍നിന്ന് ആട്ടിയോടിക്കാനും കുടിയൊഴിപ്പിച്ച് ഭൂമി സ്വന്തമാക്കാനുമുള്ള കുടില തന്ത്രങ്ങള്‍ ജന്മിമാരുടെ അന്തഃപുരങ്ങളില്‍ ശക്തിയായി.
മേഞ്ഞാണ്യം ദേശത്തെ പ്രമാണിയായ ജന്മി വിക്രംകണ്ടി രാമക്കുറുപ്പ് പാവങ്ങളെ ദ്രോഹിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ആളായിരുന്നു. നമ്പിത്തോത്ത് രയരപ്പന്‍നായരും മരുമകള്‍ മാധവിയമ്മയും താമസിക്കുന്ന 50 സെന്റ് പുരിയിടത്തിന്റെ അവകാശം ചുളുവില്‍ വിക്രംകണ്ടി രാമക്കുറുപ്പ് കൈക്കലാക്കി. പിന്നീട് മാധവിയമ്മയെയും കുടുംബത്തെയും കുടിയിറക്കാനും ഇദ്ദേഹം ഗൂഢാലോചന നടത്തി. രണ്ടുവര്‍ഷത്തെ പാട്ടതുക (20 രൂപ) കുടിശ്ശികയായതോടെ ഭൂമി ഒഴിപ്പിച്ചെടുക്കാന്‍ കേസ് കൊടുത്തു. 1948ല്‍ കോടതി വിധി ജന്മിക്കനുകൂലമായിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു കര്‍ഷകസംഘം. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ട കാലമാണ്. മാധവിയമ്മയെ കുടിയൊഴിപ്പിക്കുന്നത് ചെറുക്കണമെന്നും അവര്‍ക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് നേതൃത്വം തീരുമാനിച്ചു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ആമീനും ശിപായിയും നമ്പിത്തോത്ത് വീട്ടിലെത്തി. കുടിയൊഴിപ്പിക്കല്‍ ചെറുക്കുമെന്ന് പ്രഖ്യാപിച്ച് സ്ഥലത്തെത്തിയ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞു. ഒടുവില്‍ പൊലീസെത്തി കോടതി ഉത്തരവ് നടപ്പാക്കിയെങ്കിലും വീടൊഴിഞ്ഞുപോകാന്‍ മാധവിയമ്മയും കുടുംബവും തയ്യാറായില്ല. പ്രകോപിതരായ പൊലീസുകാര്‍ ചട്ടിയും കലവുമുള്‍പ്പെടെ സകല വീട്ടുസാധനങ്ങളും ഓലപ്പുരയും തല്ലിത്തകര്‍ത്തശേഷം പ്രദേശത്താകെ ഭീകരത സൃഷ്ടിച്ചു.

വീട് തകര്‍ത്ത അതേ സ്ഥലത്ത് തന്നെ മാധവിയമ്മയെ കുടില്‍കെട്ടി താമസിപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്ക് കമ്യൂണിസ്റ്റ്-കര്‍ഷകസംഘം പ്രവര്‍ത്തകര്‍ രൂപംനല്‍കി. അതീവ രഹസ്യമായി വീട് നിര്‍മാണത്തിനുള്ള സാധനസാമഗ്രികളെല്ലാം സമീപ സ്ഥലങ്ങളില്‍ തയ്യാറാക്കാനാരംഭിച്ചു. അര്‍ധരാത്രി കഴിഞ്ഞതോടെ പെട്രോമാക്സുമായെത്തിയ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. നേരം പുലര്‍ന്നതോടെ, കുടിയൊഴിപ്പിക്കപ്പെട്ട മാധവിയമ്മയെ കുടില്‍കെട്ടി പുനരധിവസിപ്പിച്ചെന്ന വാര്‍ത്ത നാട്ടിലാകമാനം പരന്നു. വിവരമറിഞ്ഞ ജന്മി രാമക്കുറുപ്പ് കോപാക്രാന്തനായി പൊലീസ്സ്റ്റേഷനിലേക്കും കോടതിയിലേക്കും ഓടി. "ഒരു തവണ ഒഴിപ്പിച്ചയാളെ രണ്ടാംവട്ടം ഒഴിപ്പിക്കാന്‍ നിയമതടസ്സമുണ്ടെന്ന" ഉപദേശമാണ് ലഭിച്ചത്. ഇതോടെ അക്രമത്തിനായി ഇദ്ദേഹം ഒരുങ്ങിയിറങ്ങി. നടുവണ്ണൂരിലുള്ള ഭാര്യാസഹോദരന്‍ കുഞ്ഞിക്കണ്ണന്‍നായരുടെ അനുചരവൃന്ദത്തില്‍പ്പെട്ട ഇരുപതോളം പേരടങ്ങുന്ന ഗുണ്ടാപ്പടയെ സംഘടിപ്പിച്ച് നീട്ടിപ്പിടിച്ച നാടന്‍തോക്കുമായി ജന്മിമാടമ്പി, മാധവിയമ്മയുടെ വീട്ടിലെത്തി. അഴിഞ്ഞാടിയ ഗുണ്ടകള്‍ കമ്യൂണിസ്റ്റുകാര്‍ നിര്‍മിച്ച കുടില്‍ പൊളിച്ചു തീകൊളുത്തി. കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തെറിഞ്ഞു. ചെറുത്തുനിന്ന മാധവിയമ്മയെ അക്രമികള്‍ ഉലക്കകൊണ്ടടിച്ചുവീഴ്ത്തി.

വിവരം, കാട്ടുതീകണക്കെ പരന്നു. പല ഭാഗത്തുനിന്നും കര്‍ഷകസംഘം പ്രവര്‍ത്തകര്‍ ഓടിയെത്തി. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ മാധവിയമ്മയെ ചാക്കുകൊണ്ടുണ്ടാക്കിയ താല്‍ക്കാലിക മഞ്ചലില്‍ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജന്മിയുടെ പൈശാചികാക്രമണത്തിനെതിരായി മുദ്രാവാക്യം വിളിച്ചു ജാഥയായാണ് പ്രവര്‍ത്തകര്‍ മാധവിയമ്മയെ ആശുപത്രിയിലെത്തിച്ചത്. അക്രമത്തിനെതിരെ ശക്തമായ ജനവികാരമുണര്‍ത്താനും ഇതുമൂലം കഴിഞ്ഞു. മേഞ്ഞാണ്യത്തും സമീപപ്രദേശങ്ങളിലും ക്രമേണ അടിയാളരും പാവങ്ങളുമൊന്നടങ്കം ജന്മിത്വത്തിനെതിരെ അണിനിരന്നു. ഇത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചക്ക് ഏറെ സഹായകരമായി. കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിയാര്‍ജിച്ചതോടെ വിക്രംകണ്ടിയെപ്പോലുള്ള ജന്മിമാടമ്പി വര്‍ഗവും പത്തിമടക്കി. മരണംവരെ നമ്പിത്തോത്ത് മാധവിയമ്മ പ്രവര്‍ത്തകരുടെ ഊര്‍ജവും ആവേശവുമായി. 2006ല്‍ 85-ാം വയസില്‍ കൂത്താളിയിലാണ് ഇവര്‍ അന്തരിച്ചത്. മക്കളായ ലക്ഷ്മിയമ്മയും കുഞ്ഞിരാമന്‍നായരും കൂത്താളിയിലെ പടിഞ്ഞാറെ പറമ്പിലാണ് ഇപ്പോള്‍ താമസം. ഇവരും കുടുംബങ്ങളുമെല്ലാം സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമാണ്.
(ഇ ബാലകൃഷ്ണന്‍)

deshabhimani 140212

1 comment:

  1. പഴയ കുറുമ്പ്രനാട് താലൂക്കില്‍ പെണ്‍കരുത്തിന്റെ പ്രതീകമാണ് മേഞ്ഞാണ്യത്തെ നമ്പിത്തോത്ത് മാധവിയമ്മ. ജന്മിയുടെയും ഗുണ്ടകളുടെയും കടന്നാക്രമണത്തിനിരയായിട്ടും കുടിയൊഴിപ്പിക്കലിനെ ചെറുക്കാന്‍ കരുത്തുകാട്ടിയവര്‍ . ചെങ്കൊടിയേന്തിയ കമ്യൂണിസ്റ്റ് പോരാളികള്‍ തന്നോടൊപ്പമുണ്ടെന്ന ധൈര്യമായിരുന്നു അവര്‍ക്ക്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ മറവില്‍ കോണ്‍ഗ്രസുകാരും പൊലീസും അഴിഞ്ഞാടുന്ന കാലം. ഭരണാധികാരികളുടെ പിന്‍ബലത്തില്‍ ജന്മി തമ്പുരാക്കന്മാരും അടങ്ങിയിരുന്നില്ല. നിസ്സാര കാരണങ്ങള്‍ നിരത്തി പാവപ്പെട്ട കുടുംബങ്ങളെ സ്വന്തം ഭൂമിയില്‍നിന്ന് ആട്ടിയോടിക്കാനും കുടിയൊഴിപ്പിച്ച് ഭൂമി സ്വന്തമാക്കാനുമുള്ള കുടില തന്ത്രങ്ങള്‍ ജന്മിമാരുടെ അന്തഃപുരങ്ങളില്‍ ശക്തിയായി.

    ReplyDelete