Saturday, February 18, 2012

കടലിലെ കൊലപാതകം: പ്രധാനമന്ത്രി ഇടപെടണം

കുടുംബം പോറ്റാനായി കടലില്‍ പോയ രണ്ടു പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഇന്നലെ പുറം കടലില്‍ വെടിയേറ്റു മരിച്ചത്. നീണ്ടകര തുറമുഖത്തുനിന്നും മത്സ്യബന്ധനത്തിനു പുറപ്പെട്ട 11 തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ തിരിച്ചു തീരത്ത് എത്തിയപ്പോള്‍ ഉണ്ടായ ദുഃഖവും രോഷവും വാക്കുകള്‍ക്കു വിവരിക്കാന്‍ കഴിയില്ല. ആലപ്പുഴയ്ക്കടുത്ത് തീരത്തു നിന്നും 14 നോട്ടിക്കല്‍ മൈല്‍ അകലത്തിലാണ് ഓര്‍ക്കാപ്പുറത്തു പാഞ്ഞുവന്ന വെടിയുണ്ടയേറ്റ് ആ പാവങ്ങള്‍ അന്ത്യശ്വാസം വലിച്ചത്. 'എന്റിക്കാ ലെക്‌സി' എന്നു പേരായ ഇറ്റാലിയന്‍ കപ്പലിലുള്ളവരാണ് മത്സ്യബന്ധന ബോട്ടിനുനേരെ വെടിയുതിര്‍ത്തത്. കടല്‍ക്കൊള്ളക്കാരെ വെടിവെച്ചുവെന്ന പച്ചക്കള്ളം തട്ടിവിട്ടുകൊണ്ട് ഈ കുറ്റകൃത്യത്തില്‍ നിന്ന് തലയൂരാനാണ് ഇറ്റാലിയന്‍ അധികൃതരുടെ ശ്രമം. അത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. യാതൊരു തെറ്റും ചെയ്യാത്ത രണ്ടു പാവപ്പെട്ട തൊഴിലാളികളെ വെടിവെച്ചുകൊന്ന കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. കേന്ദ്ര ഗവണ്‍മെന്റ് ഈ പ്രശ്‌നത്തില്‍ കൂടുതല്‍ വ്യക്തവും കര്‍ക്കശവുമായ നിലപാട് സ്വീകരിച്ചേ മതിയാകൂ.
വെടിവെയ്പ്പിനുശേഷം ഇറ്റാലിയന്‍ അധികൃതര്‍ കൈക്കൊണ്ട ഓരോ നടപടിയും അവരുടെ വക്രബുദ്ധിയുടെ തെളിവുകളാണ്. കപ്പലിലെ ക്യാപ്റ്റനും ഇറ്റാലിയന്‍ അംബാസഡറുമെല്ലാം കെട്ടിച്ചമച്ച ഒരു കള്ളക്കഥയാണു പ്രചരിപ്പിക്കുന്നത്. ഇന്ത്യക്കാരെ വെടിവെച്ചുകൊന്ന കേസിലെ പ്രതികള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്കു വഴങ്ങില്ലെന്ന മട്ടിലാണ് അവരുടെ നീക്കം. അത് അനുവദിച്ചു കൊടുത്താല്‍ ദേശീയ അന്തര്‍ദേശീയ നിയമ വ്യവസ്ഥകള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ലാതാകും.

ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ 'ഏജന്‍സിയാ ജ്യോര്‍ണലിസ്റ്റിക്ക' ലോകത്തോടു പറഞ്ഞത് ഈ ക്രൂരമായ കൊലപാതകത്തെക്കുറിച്ച് ഇറ്റാലിയന്‍ അധികൃതര്‍ കെട്ടിച്ചമച്ച കള്ളങ്ങള്‍ തന്നെയായിരുന്നു. സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ നടത്തിയ ആക്രമണത്തെ തങ്ങള്‍ ചെറുത്തുതോല്‍പ്പിച്ചു എന്നതാണ് അവരുടെ ഭാഷ്യം! തെക്കേ ഇന്ത്യന്‍ തീരത്തുനിന്നും 30 കിലോമീറ്റര്‍ പടിഞ്ഞാറ് ഇറ്റാലിയന്‍ കപ്പലിനെ തേടി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വന്നുപോലും! കപ്പലിലുണ്ടായിരുന്ന മാര്‍ക്കോ ബറ്റാലിയനില്‍പെട്ട തോക്കുധാരികള്‍ അവരെ വെടിവെച്ച് തിരിച്ചോടിച്ചു എന്ന കഥ ഇറ്റലിയില്‍ പറഞ്ഞാല്‍ ആരെങ്കിലും വെട്ടി വിഴുങ്ങിയേക്കും. നിഷ്ഠൂരമായ ഇരട്ടകൊലപാതകത്തെ മഹത്വവല്‍ക്കരിച്ച് തടിതപ്പാന്‍വേണ്ടി ഇങ്ങനെ ഒരു കഥ മെനയുന്ന ദുഃസാമര്‍ഥ്യം എന്തായാലും ഇറ്റലിയുടെ ഗതകാല പൈതൃകത്തിന്റേതല്ല. സാമ്പത്തിക കൊള്ളകളും രാഷ്ട്രീയ അഴിമതികളും മാഫിയാതേര്‍ വാഴ്ചകളും മുഖമുദ്രയായി തീര്‍ന്ന അഭിനവ ഇറ്റലിയുടെ മുഖമുദ്രയാകാം അത്.

സോമാലിയ എന്നോ കടല്‍ക്കൊള്ള എന്നോ ചിന്തിക്കപോലും ചെയ്തിട്ടില്ലാത്തവരാണ് വെടിയേറ്റു മരിച്ച ഇന്ത്യന്‍ തൊഴിലാളികള്‍. കുടുംബത്തില്‍ തീ പുകയാന്‍ വേണ്ടി മീന്‍ പിടിക്കാന്‍ പോയവരാണവര്‍. അകലെകൂടി സഞ്ചരിച്ച ഇറ്റാലിയന്‍ കപ്പല്‍ കടന്നുപോകാനായി തങ്ങളുടെ ചെറിയ മീന്‍ പിടുത്ത ബോട്ട് നിര്‍ത്തി ഇട്ടിരിക്കുകയായിരുന്നു ആ പാവങ്ങള്‍. അവര്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചിട്ടില്ല. അവര്‍ ഇറ്റാലിയന്‍ കപ്പലിലേയ്ക്ക് കൈ ചൂണ്ടുകപോലും ചെയ്തിട്ടില്ല. തങ്ങളുടെ വീരസ്യം കാണിക്കാന്‍ വേണ്ടിയോ ആത്മഭയം കൊണ്ടോ ഇറ്റാലിയന്‍ നാവിക യുദ്ധവീരന്മാര്‍ വെടിവെച്ചുകൊന്നത് ആ പാവങ്ങളെയാണ്. ഇത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി നിയമങ്ങളേയും കപ്പല്‍ ഗതാഗത നിയമങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള കണ്ണില്‍ ചോരയില്ലാത്ത കൊലപാതകമാണ്. വെടിയുതിര്‍ത്തവര്‍ ഇറ്റാലിയന്‍ നാവിക സേനാംഗങ്ങളാണെന്നുള്ളത് ഈ കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഈ ക്രിമിനല്‍ കേസ് കൈകാര്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്കു വഴങ്ങില്ലെന്ന ഇറ്റാലിയന്‍ നിലപാട് അത്ഭുതമുളവാക്കുന്നു. കേരളാ പോലീസിനു വഴങ്ങാതെ കപ്പല്‍ ഗതാഗത മന്ത്രാലയത്തിനു മാത്രമേ തങ്ങള്‍ വിധേയരാകുന്നുള്ളു എന്ന ഇറ്റാലിയന്‍ വാദം 'അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നെയും മുറുമുറുക്കുന്ന ജീവിയെ'ക്കുറിച്ചുള്ള പഴഞ്ചൊല്ലിനെ ഓര്‍മിപ്പിക്കുന്നു.

ഇന്ത്യാ ഗവണ്‍മെന്റ് ഈ പ്രശ്‌നം ഗൗരവമായി കാണണം. വെറും പ്രസ്താവനകള്‍കൊണ്ട് ഇറ്റാലിയന്‍ ധാര്‍ഷ്ഠ്യത്തിനെ പിടിച്ചുകെട്ടാമെന്ന് ഗവണ്‍മെന്റ് കരുതരുത്. പ്രകോപനമേതുമില്ലാതെ വെടിവയ്പ് നടത്തിയ ഇറ്റാലിയന്‍ കപ്പലിലെ കുറ്റവാളികള്‍ ആരാണെന്നു വ്യക്തമാക്കപ്പെടണം. അന്വേഷണത്തോട് ഇറ്റാലിയന്‍ അധികൃതര്‍ സഹകരിച്ചാല്‍ മാത്രമേ അതുകഴിയൂ. യഥാര്‍ഥ കുറ്റവാളികള്‍ക്ക് നിമയപ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം പ്രധാനമാണ് നിരാലംബമായി തീര്‍ന്ന രണ്ട് പാവപ്പെട്ട കുടുംബങ്ങളുടെ ഭാവിയും ജീവിതവും. അവര്‍ക്ക് ലഭ്യമാക്കാവുന്ന പരമാവധി നഷ്ടപരിഹാരം ലഭിച്ചേ തീരു. അതിനെല്ലാം തീര്‍ച്ചയും മൂര്‍ച്ചയും ഉണ്ടാകണമെങ്കില്‍ പ്രധാനമന്ത്രി തലത്തില്‍ തന്നെ ഇടപെടലുകളുണ്ടാകണം. കോര്‍പ്പറേറ്റ് കുടുംബങ്ങളിലെ സൗന്ദര്യപ്പിണക്കങ്ങളില്‍പ്പോലും ഇടപെടാന്‍ നേരം കണ്ടെത്തുന്ന പ്രധാനമന്ത്രിയുടെ ഓഫീസിന് കടലില്‍ പൊലിഞ്ഞുപോയ രണ്ട് പാവപ്പെട്ട ഇന്ത്യാക്കാരുടെ കുടുംബങ്ങളെ സഹായിക്കാന്‍ സമയമുണ്ടായേ തീരു.

janayugom editorial 180212

1 comment:

  1. കുടുംബം പോറ്റാനായി കടലില്‍ പോയ രണ്ടു പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഇന്നലെ പുറം കടലില്‍ വെടിയേറ്റു മരിച്ചത്. നീണ്ടകര തുറമുഖത്തുനിന്നും മത്സ്യബന്ധനത്തിനു പുറപ്പെട്ട 11 തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ തിരിച്ചു തീരത്ത് എത്തിയപ്പോള്‍ ഉണ്ടായ ദുഃഖവും രോഷവും വാക്കുകള്‍ക്കു വിവരിക്കാന്‍ കഴിയില്ല. ആലപ്പുഴയ്ക്കടുത്ത് തീരത്തു നിന്നും 14 നോട്ടിക്കല്‍ മൈല്‍ അകലത്തിലാണ് ഓര്‍ക്കാപ്പുറത്തു പാഞ്ഞുവന്ന വെടിയുണ്ടയേറ്റ് ആ പാവങ്ങള്‍ അന്ത്യശ്വാസം വലിച്ചത്. 'എന്റിക്കാ ലെക്‌സി' എന്നു പേരായ ഇറ്റാലിയന്‍ കപ്പലിലുള്ളവരാണ് മത്സ്യബന്ധന ബോട്ടിനുനേരെ വെടിയുതിര്‍ത്തത്. കടല്‍ക്കൊള്ളക്കാരെ വെടിവെച്ചുവെന്ന പച്ചക്കള്ളം തട്ടിവിട്ടുകൊണ്ട് ഈ കുറ്റകൃത്യത്തില്‍ നിന്ന് തലയൂരാനാണ് ഇറ്റാലിയന്‍ അധികൃതരുടെ ശ്രമം. അത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. യാതൊരു തെറ്റും ചെയ്യാത്ത രണ്ടു പാവപ്പെട്ട തൊഴിലാളികളെ വെടിവെച്ചുകൊന്ന കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. കേന്ദ്ര ഗവണ്‍മെന്റ് ഈ പ്രശ്‌നത്തില്‍ കൂടുതല്‍ വ്യക്തവും കര്‍ക്കശവുമായ നിലപാട് സ്വീകരിച്ചേ മതിയാകൂ.

    ReplyDelete