Saturday, February 18, 2012

നേഴ്സുമാരുടെ സമരം: ചര്‍ച്ച വീണ്ടും പരാജയം

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെയും ഇടുക്കി പൈങ്കുളം എസ്എച്ച് ആശുപത്രിയിലെയും നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. കോലഞ്ചേരിയില്‍ ആശുപത്രിയില്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെയും പൈങ്കുളത്ത് റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണറുടെയും മധ്യസ്ഥതയിലാണ് പരിഹാരശ്രമം നടത്തിയത്. ഇതിനിടെ കോലഞ്ചേരി ആശുപത്രി മാനേജ്മെന്റ് അടച്ചുപൂട്ടി. സമരവേദി മാറ്റുന്നതിനെച്ചൊല്ലി ഇവിടെ പൊലീസുമായി സംഘര്‍ഷവുമുണ്ടായി. തുടര്‍ന്നുണ്ടായ ലാത്തിവീശലില്‍ നേഴ്സിന് പരിക്കേറ്റു.

കോലഞ്ചേരിയില്‍ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ ഫോര്‍മുല സംബന്ധിച്ച് മാനേജ്മെന്റ്, നേഴ്സിങ് സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി വെവ്വേറെ നടത്തിയ ചര്‍ച്ച ധാരണയായില്ല. ലേക്ഷോര്‍ ആശുപത്രിയില്‍ പ്രഖ്യാപിച്ച അതേ നിരക്കില്‍ തങ്ങള്‍ക്കും ശമ്പളം നല്‍കണമെന്നാണ് നേഴ്സുമാര്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാവില്ലെന്ന് മാനേജ്മെന്റ് നിലപാടെടുത്തതോടെ അവര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായി. തുടക്കക്കാര്‍ക്ക് മിനിമം വേതനവും ഒരുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 11,000 രൂപയും തുടര്‍ന്ന് ഓരോ വര്‍ഷവും 500 രൂപ വര്‍ധനയും എന്ന ഫോര്‍മുല}നേഴ്സുമാര്‍ രണ്ടാംഘട്ട ചര്‍ച്ചയില്‍ മുന്നോട്ടുവച്ചു. ഇക്കാര്യം മാനേജ്മെന്റുമായി ചര്‍ച്ചചെയ്യാമെന്ന് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി ചര്‍ച്ച അവസാനിപ്പിച്ചു. രണ്ടുവര്‍ഷംവരെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മിനിമം വേതനത്തില്‍നിന്ന് 1250 രൂപ അധികമായി നല്‍കാമെന്നും അഞ്ചുവര്‍ഷംവരെയുള്ളവര്‍ക്ക് 1500 രൂപയും അതിനുമുകളിലേക്ക് 2000 രൂപയും വര്‍ധിപ്പിക്കാമെന്നും മാനേജ്മെന്റ് നിലപാടെടുത്തു. ഇതോടെ ചര്‍ച്ച പൊളിഞ്ഞു. വരുംദിവസങ്ങളിലും ചര്‍ച്ച തുടരും.

പൈങ്കുളത്തെ സമരം തീര്‍ക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ ഫെയര്‍വേജില്‍ കഴിഞ്ഞദിവസം 2000 രൂപയുടെ വര്‍ധന നല്‍കാമെന്നു പറഞ്ഞ മാനേജ്മെന്റ് 1000 രൂപയേ വര്‍ധിപ്പിക്കാന്‍ കഴിയൂവെന്ന് അറിയിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്ന് നേഴ്സസ് അസോസിയേഷന്‍ വ്യക്തമാക്കിയതോടെ ഇനി ചര്‍ച്ചയ്ക്കില്ലെന്നും മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. ഇതേത്തുടള്‍ന്ന് നിരാഹാരമുള്‍പ്പെടെ ശക്തമായ സമരം ആരംഭിക്കുമെന്ന് ഇന്ത്യന്‍ രജിസ്ട്രേഡ് നേഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് പറഞ്ഞു. സമരക്കാരുടെ പ്രവര്‍ത്തനംമൂലം കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സ താല്‍ക്കാലികമായി മുടങ്ങിയതായി സെക്രട്ടറി ജോയി പി ജേക്കബ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

deshabhimani 180212

1 comment:

  1. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെയും ഇടുക്കി പൈങ്കുളം എസ്എച്ച് ആശുപത്രിയിലെയും നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. കോലഞ്ചേരിയില്‍ ആശുപത്രിയില്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെയും പൈങ്കുളത്ത് റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണറുടെയും മധ്യസ്ഥതയിലാണ് പരിഹാരശ്രമം നടത്തിയത്. ഇതിനിടെ കോലഞ്ചേരി ആശുപത്രി മാനേജ്മെന്റ് അടച്ചുപൂട്ടി. സമരവേദി മാറ്റുന്നതിനെച്ചൊല്ലി ഇവിടെ പൊലീസുമായി സംഘര്‍ഷവുമുണ്ടായി. തുടര്‍ന്നുണ്ടായ ലാത്തിവീശലില്‍ നേഴ്സിന് പരിക്കേറ്റു.

    ReplyDelete