Saturday, February 18, 2012

ഇരട്ടപ്പദവി: സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പി സി ജോര്‍ജിനെ രക്ഷിച്ചു

ചീഫ്വിപ്പ് സ്ഥാനത്തെ ഇരട്ടപദവിയില്‍ നിന്ന് ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പരിഗണിച്ച് പി സി ജോര്‍ജിനെതിരായ നടപടികള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അവസാനിപ്പിച്ചു. ഓര്‍ഡിനന്‍സ് വന്ന സാഹചര്യത്തില്‍ ജോര്‍ജിനെതിരായ പരാതിക്ക് പ്രസക്തി നഷ്ടമായെന്ന് അറിയിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ഒരേ സമയം എംഎല്‍എ എന്ന നിലയിലും ചീഫ്വിപ്പ് എന്ന നിലയിലും പ്രതിഫലം പറ്റിയിരുന്ന പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി സെബാസ്റ്റ്യന്‍ പോളാണ് ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ പിന്നീട് ഈ പരാതി തെരഞ്ഞെടുപ്പ് കമീഷന്റെ തീര്‍പ്പിന് വിടുകയായിരുന്നു.

പരാതിയിലെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന കൂടുതല്‍ രേഖകള്‍ സെബാസ്റ്റ്യന്‍ പോളിനോട് ആവശ്യപ്പെട്ട കമീഷന്‍ പിന്നീട് പി സി ജോര്‍ജിന്റെ വിശദീകരണവും തേടി. ജോര്‍ജ് അയോഗ്യനാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍ ചീഫ്വിപ്പ് പദവിയെ ഇരട്ടപദവിയില്‍നിന്ന് ഒഴിവാക്കി തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു. ചീഫ്വിപ്പ് പദവിയെ ഇരട്ടപദവി നിയമത്തില്‍നിന്ന് ഒഴിവാക്കി കഴിഞ്ഞ നവംബറിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതോടൊപ്പം പ്രതിപക്ഷ നേതൃസ്ഥാനത്തെയും ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. സെബാസ്റ്റ്യന്‍ പോളിന്റെ പരാതി കമീഷന്റെ പരിഗണനയില്‍ ഇരിക്കെയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചത്. പരാതിയില്‍ തീര്‍പ്പുണ്ടാകുന്നതിന് മുമ്പ് ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുന്നത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സെബാസ്റ്റ്യന്‍ പോള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അവഗണിക്കപ്പെട്ടു.

മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന പശ്ചാത്തലത്തില്‍ ജോര്‍ജിനെതിരായ പരാതിയില്‍ നടപടികളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിക്കുകയായിരുന്നു.

deshabhimani 180212

1 comment:

  1. ചീഫ്വിപ്പ് സ്ഥാനത്തെ ഇരട്ടപദവിയില്‍ നിന്ന് ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പരിഗണിച്ച് പി സി ജോര്‍ജിനെതിരായ നടപടികള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അവസാനിപ്പിച്ചു. ഓര്‍ഡിനന്‍സ് വന്ന സാഹചര്യത്തില്‍ ജോര്‍ജിനെതിരായ പരാതിക്ക് പ്രസക്തി നഷ്ടമായെന്ന് അറിയിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ഒരേ സമയം എംഎല്‍എ എന്ന നിലയിലും ചീഫ്വിപ്പ് എന്ന നിലയിലും പ്രതിഫലം പറ്റിയിരുന്ന പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി സെബാസ്റ്റ്യന്‍ പോളാണ് ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ പിന്നീട് ഈ പരാതി തെരഞ്ഞെടുപ്പ് കമീഷന്റെ തീര്‍പ്പിന് വിടുകയായിരുന്നു.

    ReplyDelete