Saturday, February 11, 2012

ചെങ്കടലില്‍ അലയടിച്ച് സ്ത്രീപ്രവാഹം

ചെങ്കടലില്‍ അലകളായി സ്ത്രീശക്തിയുടെ പ്രവാഹം. പോരാട്ടമുഖങ്ങളിലേക്കെന്നപോലെ അവര്‍ ചെങ്കൊടികളുമായി ഒഴുകിയെത്തിയപ്പോള്‍ പൊതുസമ്മേളന നഗരിയും നഗരവീഥികളും നിറഞ്ഞു. പാടത്തും പറമ്പിലും അടുക്കളകളിലും അരങ്ങിലും ഫാക്ടറികളിലും ഓഫീസുകളിലും അധ്വാനത്തിന്റെ വിയര്‍പ്പുമുത്തുകള്‍ ചിതറിച്ചവര്‍ മുഴുവന്‍ ജനതയുടെയും വിമോചനത്തിനായി പോരാടുന്ന ജനകീയപ്രസ്ഥാനത്തിന്റെ കൊടിക്കീഴില്‍ അണിനിരന്നെത്തിയപ്പോള്‍ അനന്തപുരി പുതുചരിത്രമെഴുതി. തലസ്ഥാനനഗരി സമീപകാലത്തൊന്നും ദര്‍ശിക്കാത്ത സ്ത്രീമുന്നേറ്റത്തിനാണ് സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ പൊതുസമ്മേളനം സാക്ഷ്യംവഹിച്ചത്. ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്ത്രീശാക്തീകരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി നടത്തിയ പോരാട്ടങ്ങളുടെയും സാക്ഷ്യപത്രമായി സമ്മേളനത്തിലെ അഭൂതപൂര്‍വമായ സ്ത്രീപങ്കാളിത്തം.

വ്യാഴാഴ്ച വൈകിട്ടുമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും അവശത കണക്കാക്കാതെ പ്രായമായ സ്ത്രീകളും വിദ്യാര്‍ഥിനികളും യുവതികളും അനന്തപുരിയിലേക്ക് എത്തിത്തുടങ്ങി. ജില്ലയുടെ കിഴക്കന്‍മേഖലയില്‍നിന്ന് ആദിവാസിസ്ത്രീകളും തലസ്ഥാന നഗരിയിലേക്ക് ആവേശപൂര്‍വം ഒഴുകിയെത്തി. പൊതുസമ്മേളന നഗരിയായ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഇ ബാലാനന്ദന്‍ നഗറില്‍ മഴയും വെയിലും കൂസാതെ രാവിലെ മുതല്‍ അവര്‍ ഇടംപിടിച്ചു. പൊതുസമ്മേളനത്തിനുമുന്നോടിയായി നടന്ന റെഡ് വളന്റിയര്‍ മാര്‍ച്ചിലും പ്രകടനത്തിലും പെണ്‍മയുടെ സംഘശക്തി ദര്‍ശിച്ചു. നാളത്തെ ലോകം പടുത്തുയര്‍ത്താന്‍ തങ്ങളുടെ അജയ്യമായ പോരാട്ടവീറും വാഗ്ദാനം ചെയ്താണ് അവര്‍ മാര്‍ച്ചുചെയ്തത്. ഇടിമുഴങ്ങുന്ന ശബ്ദത്തില്‍ ഇങ്ക്വിലാബ് വിളിച്ചു മുന്നേറിയ സ്ത്രീശക്തി കണ്ട് വഴിയോരങ്ങളില്‍ കാഴ്ചക്കാരായിനിന്ന സ്ത്രീകളും ആവേശത്തോടെ പ്രകടനത്തില്‍ അണിചേര്‍ന്നു.

ചുവടുവച്ചത് ചരിത്രത്തിലേക്ക്; വിജയിച്ചത് ചിട്ടയായ സംഘാടനം

സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ സമാപനദിനം ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്തതിനു പിന്നിലെ ശക്തി അഞ്ചുമാസംമുമ്പ് തുടങ്ങിയ ചിട്ടയായ സംഘാടനം. ചുവപ്പു ഷര്‍ട്ടും കാക്കി പാന്റ്സും തൊപ്പിയും ഷൂസും അണിഞ്ഞ പുരുഷ വളന്റിയര്‍മാരും തൂവെള്ളയും ചുവപ്പും ചേര്‍ന്ന ചുരിദാറും മെറൂണ്‍ തൊപ്പിയും ഷൂസും അണിഞ്ഞ വനിതാ വളന്റിയര്‍മാരും ചുവടുവച്ചത് ചരിത്രത്തിലേക്കാണ്. ഇത്രയും ബൃഹത്തും അച്ചടക്കപൂര്‍ണവുമായ പരേഡിന് നഗരം ഇതുവരെ സാക്ഷ്യംവഹിച്ചിട്ടില്ല. പൊതുസമ്മേളനത്തിനുമുമ്പ് ചുവപ്പുസേനാ പരേഡും റാലിയും തുടങ്ങാനിരിക്കെ തന്നെ കനത്ത മഴ പെയ്തെങ്കിലും പരേഡ് തുടങ്ങുമ്പോഴേക്കും കാര്‍മുകിലുകള്‍ വഴിമാറി.

അഞ്ചുമാസം നീണ്ട വിശ്രമരഹിത പരിശീലനത്തിനുശേഷമാണ് ചെങ്കുപ്പായമണിഞ്ഞ സേനാംഗങ്ങള്‍ പരേഡിന് ഇറങ്ങിയത്. സൈനിക പരേഡിനോട് കിടപിടിക്കുന്ന തരത്തില്‍ മുന്നേറിയ സേനയെ റോഡിന് ഇരുവശത്തുമായി തടിച്ചുകൂടിയ പതിനായിരങ്ങള്‍ അത്ഭുതത്തോടെ വീക്ഷിച്ചു. കടുകിട വ്യത്യാസമില്ലാതെ ഒരു മെയ്യും മനസ്സുമായി ചുവടുതെറ്റാതെയാണ് ചുവപ്പുസേന അടിവച്ചത്. പൂക്കാവടി, തെയ്യം, തിറ, വ്യത്യസ്ത വിഷയങ്ങളിലുള്ള നിശ്ചലദൃശ്യങ്ങളെല്ലാം അനന്തപുരിക്ക് പുതുകാഴ്ചയേകി. പഞ്ചവാദ്യം, ചെണ്ടമേളം, ബാന്റ് വാദ്യം തുടങ്ങിയ സംഘങ്ങള്‍ താളപ്രപഞ്ചംതീര്‍ത്ത് ഒന്നിനുപിറകെ ഒന്നായി പൊതുസമ്മേളനനഗരിയിലേക്ക് ചുവടുതെറ്റാതെ നടന്നടുത്തു. റാലിയില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ക്ക് സ്റ്റേഡിയത്തിന്റെ പരിസരത്തേക്ക് അടുക്കാനായില്ല.

റാലിയുടെ മുന്‍നിരയില്‍ നല്ലപെരുമാളിന്റെ ബാനര്‍

മൂന്നു ബാനറുകളിലായിരുന്നു രാഷ്ട്രീയകേരളത്തിന്റെ കണ്ണുകള്‍ വെള്ളിയാഴ്ച വൈകിട്ട് ആദ്യം ഉടക്കിയത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍റാലിയുടെ മുന്നില്‍ കണ്ട മനോഹരമായ ബാനറുകള്‍ . ഇവയ്ക്ക് ബ്രഷ് ചലിപ്പിച്ചത് നല്ലപെരുമാള്‍ . മേലത്തുമേലെയിലെ സിപിഐ എമ്മിന്റെ കലാകാരനായ ബ്രാഞ്ച് സെക്രട്ടറി. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയിരുന്നു ബാനറുകളുടെ അവസാന മിനുക്കുപണി. ചുവപ്പ് കൊടികള്‍ കാറ്റിലാടുന്ന നാട്ടിടവഴിയിലെ മതിലില്‍ തൂക്കിയ ബാനറിന് നിറം ചാലിക്കുമ്പോള്‍ പെരുമാളിന്റെ മുഖത്ത് പിരിമുറുക്കം കണ്ടു.

എല്ലാ കവലകള്‍ക്കും എല്ലാ ഗ്രാമവഴികള്‍ക്കും ചുവപ്പുനിറമായിരുന്നു വെള്ളിയാഴ്ച. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് നടക്കുന്ന പടുകൂറ്റന്‍റാലിയുടെ കണ്ണിയാകാന്‍ ജില്ലയിലെ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും നേരത്തെ ഉണര്‍ന്നു. ചെങ്കൊടികള്‍ മുമ്പേ സജ്ജീകരിച്ചുവച്ചിരുന്നു. എങ്ങും കമാനങ്ങളും തോരണങ്ങളും. കാറ്റില്‍ ഇളകിപ്പറക്കുന്ന ചെങ്കൊടികള്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലേക്ക് വഴികാണിച്ചു. എല്ലാ വഴികളും എല്ലാ കണ്ണുകളും അവിടേക്ക് നീണ്ടു. കൊത്തിയെടുത്ത അരിവാള്‍ ചുറ്റികയുടെ മാതൃക വാഹനത്തില്‍ പ്രതിഷ്ഠിക്കുന്ന തിരക്കിലായിരുന്നു കവടിയാര്‍ പൈപ്പുലൈനിനടുത്ത് ആര്‍ട്ടിസ്റ്റ് ഷിബുവും സംഘവും. ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളിലും തൊഴിലാളികേന്ദ്രങ്ങളിലും ചുവപ്പുകാഴ്ചകള്‍മാത്രം. ചെങ്കൊടികള്‍ ഉയര്‍ന്നുപാറാത്ത പൂര്‍വഗാമികളുടെ വിപ്ലവസ്മരണ തുടിക്കാത്ത ഒറ്റഗ്രാമവും ജില്ലയില്‍ ഇല്ലായിരുന്നു. തിരുവനന്തപുരത്തെത്തിയ മറ്റു ജില്ലക്കാര്‍ ഉത്സവപ്രതീതിയില്‍ പങ്കുചേരാന്‍ മത്സരിച്ചു. ചുവപ്പും വെള്ളയും തൊപ്പികളുള്ള ശിരസ്സുകള്‍ തോരണങ്ങളാല്‍ പന്തലിട്ട വഴികളില്‍ രാവിലെതന്നെ തിങ്ങിനിറഞ്ഞു.

നഗരത്തെ ത്രസിപ്പിച്ച് കുട്ടിപ്പട്ടാളം

ചെമ്പടയുടെ താളത്തില്‍ ചുവടുവയ്ക്കാന്‍ കുരുന്നുകളും. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ്വളന്റിയര്‍ മാര്‍ച്ചിനൊപ്പം ആവേശത്തോടെയാണ് കുട്ടിപ്പട്ടാളം മാര്‍ച്ച് ചെയ്തത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ കുരുന്നുകള്‍ ചെങ്കൊടി പാറിച്ചും ഉറക്കെ മുദ്രാവാക്യം മുഴക്കിയും റാലിയുടെ ഭാഗമായി. ബഹുജനറാലിയില്‍ ഒട്ടുമിക്കപ്പേരും കുഞ്ഞുങ്ങളുമായാണ് എത്തിയത്. കൈക്കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരും കുറവായിരുന്നില്ല. നക്ഷത്രം പതിച്ച തൊപ്പി ധരിച്ചും കൊടിപാറിച്ചും ബലൂണ്‍ പറത്തിയും കുട്ടികള്‍ റാലിയില്‍ നിറഞ്ഞുനിന്നു. വിപ്ലവനായകരുടെയും പ്രശസ്ത വ്യക്തിത്വങ്ങളുടെയും മുഖചിത്രം പതിച്ച പ്ലക്കാര്‍ഡുകളും മഹദ്വചനങ്ങളും ഉയര്‍ത്തി വിവിധ ഏരിയകളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികളെത്തി. സാംസ്കാരിക കേരളത്തിന്റെ നേര്‍ചിത്രം വ്യക്തമാക്കുന്ന വിവിധ കലാരൂപങ്ങളും റാലിയില്‍ നിരന്നു. തെയ്യം, കോല്‍ക്കളി, പുലികളി എന്നിവയും പ്രച്ഛന്നവേഷധാരികളും റാലിയുടെ ശ്രദ്ധാകേന്ദ്രങ്ങളായി. റോളര്‍സ്കേറ്റിങ്ങുമുണ്ടായിരുന്നു. ബാന്റിന്റെയും ചെണ്ടയുടെയും മേളമൊരുക്കാന്‍ പെണ്‍കുട്ടികളുടെ സംഘവുമുണ്ടായി. മുത്തുക്കുടയുമേന്തി മേളത്തിന്റെ അകമ്പടിയോടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് കുരുന്നുകള്‍ റാലിയില്‍ പങ്കെടുത്തത്.

ചെങ്കടലില്‍ തിരയിളക്കി മണികിലുക്കം

ചെങ്കടല്‍ത്തിരകളായി ആര്‍ത്തലച്ചെത്തിയ ജനലക്ഷങ്ങളുടെ മുന്നിലേക്ക് നാടന്‍പാട്ടിന്റെ വലയെറിഞ്ഞ് കലാഭവന്‍ മണി. താളത്തില്‍ ചുവടുവച്ചെത്തിയ ചെമ്പടയ്ക്കു മുന്നില്‍ പാട്ടിന്റെ ചടുലതാളമായി മണിയും സംഘവും ആവേശം വാനോളമുയര്‍ത്തി. മണ്ണിന്റെ മണമുള്ള അടിയാളന്റെ പാട്ടുകള്‍ക്കൊപ്പം ചിരിയുടെ മാലപ്പടക്കവുമായി മണി അണികളുടെ മണിമുത്തായി. നാടന്‍പാട്ടിന്റെ അകമ്പടിയില്‍ നൃത്തം ചവുട്ടിയ മണിക്കൊപ്പം കാണികളും ചേര്‍ന്നു. ബലികുടീരങ്ങളെ എന്ന വിപ്ലവഗാനം ആലപിച്ചാണ് മണികിലുക്കത്തിനു തുടക്കമായത്. പാട്ടിനൊടുവില്‍ ചുവന്ന ഷര്‍ട്ടിട്ട് ചെങ്കൊടിയേന്തി മണി വേദിയിലെത്തിയപ്പോള്‍ സ്റ്റേഡിയത്തില്‍ നിലയ്ക്കാത്ത കരഘോഷം.

ലാല്‍സലാം സഖാക്കളെ എന്നുപറഞ്ഞ് പ്രവര്‍ത്തകരെ അഭിവാദ്യംചെയ്ത മണി സ്റ്റേഡിയത്തിലെ ചുവപ്പുസേനയെ കണ്ടപ്പോള്‍ ഒരുവേള ചാലക്കുടിയിലെ ചെങ്കൊടിയേന്തിയ പഴയ ഓട്ടോഡ്രൈവറായി മാറി. "ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ സന്തോഷിക്കുന്നു. ചെറുപ്പത്തില്‍ ഈ കൊടി പിടിച്ചതിന്റെ ആവേശം നിങ്ങളെ കാണുമ്പോള്‍ ആര്‍ത്തലച്ചെത്തുകയാണ്. എല്ലാ സഖാക്കള്‍ക്കും ചാലക്കുടിയിലെ പഴയ ഓട്ടോഡ്രൈവറുടെ രക്തത്തിന്റെ നിറമുള്ള അഭിവാദ്യങ്ങള്‍". നാടന്‍പാട്ട് കലാകാരനായ വിജയന്‍മാസ്റ്ററുടെ നാടന്‍പാട്ടിന്റെ ശൈലിയിലുള്ള ഗാനവും ശ്രദ്ധേയമായി.

വേദിയിലെത്തിയ മണി ഞാന്‍ ഏതു പാട്ട് പാടണമെന്ന് ചോദിച്ചപ്പോഴേ സ്റ്റേഡിയത്തില്‍ നിന്ന് മറുപടി ഉച്ചത്തിലെത്തി, ഓടപ്പഴം. പിന്നെ കൂടപ്പുഴയിലെ പെണ്ണിനെക്കുറിച്ചുള്ള ഓടപ്പഴം പോലൊരു പെണ്ണിന് എന്ന മണിയുടെ മാസ്റ്റര്‍പീസ് ഗാനം. പാട്ടിന്റെ ലഹരിയില്‍ മണി സ്റ്റേഡിയത്തിലേക്ക് കൈനീട്ടിയപ്പോള്‍ മണിക്ക് കൈകൊടുക്കാന്‍ സ്റ്റേഡിയത്തില്‍നിന്ന് ആയിരം കൈകള്‍ നീണ്ടു. മണിയുടെ താളത്തിലുള്ള പാട്ടും അതിനിടയിലെ നര്‍മവും സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സ് ഹൃദയത്തിലേറ്റുവാങ്ങി. കലാഭവന്‍ ജിമ്മി, മനാഫ് അലി, മനോജ്, അന്‍വര്‍ , ഡെന്‍സി, വര്‍ഷ തുടങ്ങിയ ഗായകര്‍ക്കൊപ്പം ടെലിവിഷന്‍ , മിമിക്രി താരങ്ങളും അരങ്ങ് കൊഴുപ്പിക്കാന്‍ മണിയോടൊപ്പമെത്തിയിരുന്നു. അമല്‍ നീരദിന്റെ പുതിയ ചിത്രം ബാച്ചിലര്‍ പാര്‍ടിയുടെ മൂന്നാറിലെ സെറ്റില്‍ നിന്നാണ് മണി സമ്മേളനനഗരിയിലേക്ക് പറന്നെത്തിയത്.

1 comment:

  1. ചെങ്കടലില്‍ അലകളായി സ്ത്രീശക്തിയുടെ പ്രവാഹം. പോരാട്ടമുഖങ്ങളിലേക്കെന്നപോലെ അവര്‍ ചെങ്കൊടികളുമായി ഒഴുകിയെത്തിയപ്പോള്‍ പൊതുസമ്മേളന നഗരിയും നഗരവീഥികളും നിറഞ്ഞു. പാടത്തും പറമ്പിലും അടുക്കളകളിലും അരങ്ങിലും ഫാക്ടറികളിലും ഓഫീസുകളിലും അധ്വാനത്തിന്റെ വിയര്‍പ്പുമുത്തുകള്‍ ചിതറിച്ചവര്‍ മുഴുവന്‍ ജനതയുടെയും വിമോചനത്തിനായി പോരാടുന്ന ജനകീയപ്രസ്ഥാനത്തിന്റെ കൊടിക്കീഴില്‍ അണിനിരന്നെത്തിയപ്പോള്‍ അനന്തപുരി പുതുചരിത്രമെഴുതി. തലസ്ഥാനനഗരി സമീപകാലത്തൊന്നും ദര്‍ശിക്കാത്ത സ്ത്രീമുന്നേറ്റത്തിനാണ് സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ പൊതുസമ്മേളനം സാക്ഷ്യംവഹിച്ചത്. ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്ത്രീശാക്തീകരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി നടത്തിയ പോരാട്ടങ്ങളുടെയും സാക്ഷ്യപത്രമായി സമ്മേളനത്തിലെ അഭൂതപൂര്‍വമായ സ്ത്രീപങ്കാളിത്തം.

    ReplyDelete