Wednesday, February 15, 2012

ബിജെപി പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ച കേസില്‍ ബിജെപിക്കാര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍ : പി വെമ്പല്ലൂര്‍ ശംഖുബസാറില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ കുത്തിക്കൊന്ന കേസില്‍ ബിജെപിക്കാരായ രണ്ട് പേര്‍ അറസ്റ്റില്‍ . സംഘട്ടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി കുടിലിങ്കബസാറില്‍ പുളിപറമ്പില്‍ ശശിയുടെ മകന്‍ രശ്മിത്ത് (മിട്ടു-24), രണ്ടാം പ്രതി പി വെമ്പല്ലൂര്‍ ചള്ളിയില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ ദേവന്‍ (24) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബിജു ഭാസ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം അറസ്റ്റുചെയ്തത്. ചിറ്റാപ്പുറത്ത് ചെറുങ്ങോരന്റെ മകന്‍ മധു (32), കോലന്തറ ഭരതന്റെ മകന്‍ സുധി (34) എന്നിവരാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. രശ്മിത്തിനെ തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ഹൈടെക് ആശുപത്രിയില്‍ നിന്നും ദേവനെ ഇരിങ്ങാലക്കുടയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. രശ്മിത്തിന് മധുവിനോടുണ്ടായ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഏഴിന് ശംഖുബസാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടിയാട്ടത്തിനിടയില്‍ രശ്മിത്തും മധുവും തമ്മില്‍ ഏറ്റുമുട്ടി. സംഘം ചേര്‍ന്ന് എത്തിയ രശ്മിത്തും ദേവനും മധുവിനെയും സുധിയേയും വീണ്ടും നേരിട്ടു. കത്തികൊണ്ട് ആദ്യം സുധിയെ രശ്മിത്ത് കുത്തിവീഴ്ത്തി. ഈ സമയം മധു രശ്മിത്തിന്റെ തലയ്ക്ക് ഇരുമ്പ്വടികൊണ്ട് അടിച്ചു. തലപൊട്ടി രക്തം മുഖമാകെ പരന്നതോടെ മധുവിനെയും സുധിയെയും രശ്മിത്ത് കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുധിയുടെ ദേഹത്ത് എട്ട് കുത്തും മധുവിന് 11കുത്തുമേറ്റു. ഇരുവരുടെയും ഹൃദയത്തിനേറ്റ കുത്താണ് മരണകാരണം. രശ്മിത്ത് സ്ഥിരം ആയുധം കൊണ്ടുനടക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുന്നു. കൊടുങ്ങല്ലൂര്‍ സിഐ വി എസ് നവാസ്, മതിലകം എസ്ഐ പി കെ പത്മരാജന്‍ , എഎസ്ഐ ജഗദീശന്‍ , സിപിഒമാരായ ശിവന്‍ , രാജു, പ്രദീപ്, ഷിബു, ഹബീബ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.

deshabhimani 150212

No comments:

Post a Comment