തൃശൂര്‍ : ദേശീയപാതയിലെ അന്യായ ടോള്‍നിരക്ക് പിന്‍വലിക്കണമെന്നും ടോള്‍ കമ്പനിയെ സഹായിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. പതിനേഴുമുതല്‍ തുടര്‍ച്ചയായ പ്രക്ഷോഭപരിപാടി പാര്‍ടിയുടെയും വര്‍ഗബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ നടക്കും. 21ന് വൈകിട്ട് അഞ്ചിന് ആമ്പല്ലൂരില്‍നിന്ന് ആയിരക്കണക്കിനു പേരെ അണിനിരത്തി ടോള്‍ പ്ലാസയിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും.
പാല്യേക്കരയിലെ ടോള്‍പ്ലാസയില്‍ മുന്നറിയിപ്പില്ലാതെയാണ് ഫെബ്രുവരി ഒമ്പതുമുതല്‍ പിരിവ് ആരംഭിച്ചത്. യുഡിഎഫ് സര്‍ക്കാരും ടോള്‍ കമ്പനിയുമായുള്ള ഗൂഢാലോചനയുടെ ഫലമായാണ് ഇത്ര തിടുക്കത്തില്‍ പിരിവ് ആരംഭിച്ചതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു. പണി പൂര്‍ത്തിയായശേഷമേ ടോള്‍ ആരംഭിക്കൂ എന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കയാണ്. സര്‍വീസ് റോഡ്, സ്ട്രീറ്റ് ലൈറ്റ്, ബസ്ബേ, സിഗ്നല്‍ , അടിപ്പാത, ജങ്ഷന്‍ ക്രമീകരണം എന്നിവയൊന്നും പൂര്‍ത്തിയായിട്ടില്ല. സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടിരിക്കയാണ്. ജനകീയതാല്‍പ്പര്യം കണക്കിലെടുത്തേ ടോള്‍പിരിവ് ആരംഭിക്കൂ എന്ന ഉറപ്പില്‍ രണ്ടുതവണ നിര്‍ത്തിവയ്പിച്ച പിരിവ് പൊലീസിനെ വിന്യസിച്ച് ദ്രുതഗതിയില്‍ ആരംഭിച്ചത് ടോള്‍ കമ്പനിക്ക് കൊള്ളലാഭമുണ്ടാക്കാനും ഭരണാധികാരികള്‍ക്ക് കൈക്കൂലി വാങ്ങാനുമാണ്. സര്‍ക്കാരിന്റെ ജനദ്രോഹനിലപാട് തിരുത്തുംവരെ അതിശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കും.
21നു നടക്കുന്ന ബഹുജനമാര്‍ച്ചിനുശേഷവും തദ്ദേശവാസികളെ അണിനിരത്തി തുടര്‍സമരപരിപാടി സംഘടിപ്പിക്കും. ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിക്കെതിരെ നടക്കുന്ന സമരത്തില്‍ എല്ലാ ജനാധിപത്യവിശ്വാസികളും മനുഷ്യസ്നേഹികളും അണിനിരക്കണമെന്ന് മൊയ്തീന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani 150212
No comments:
Post a Comment