ഗോവിന്ദ് നാരായണ്‍ ആണ് ഗോവിന്ദ്പുരില്‍ സിപിഐ എം സ്ഥാനാര്‍ഥി. നഗരത്തിലെ തിരക്കേറിയ നാല്‍ക്കവലയായ സരേഷ്ബാഗിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ കാണ്‍പുരിലെ തൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങള്‍ നിരത്തിയാണ് ഗോവിന്ദ് നാരായണ്‍ വോട്ട് ചോദിക്കുന്നത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കാണ്‍പുരിലെ മുന്‍ എംപിയുമായ സുഭാഷിണി അലി യോഗസ്ഥലത്ത് തിങ്ങിനിറഞ്ഞ തൊഴിലാളികളെ അഭിസംബോധനചെയ്തു.
"17 സീറ്റിലേ ഞങ്ങള്‍ മത്സരിക്കുന്നുള്ളൂ. സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് അറിയാം. പക്ഷേ, ഞങ്ങളുടെ ഒരാളെങ്കിലും നിയമസഭയിലെത്തിയാല്‍ അഴിമതിക്കെതിരായി ശബ്ദമുയര്‍ത്താനാകും. അഴിമതിക്കും ജാതി-മത മുതലെടുപ്പിനുമെതിരെ അന്തസ്സോടെ വോട്ട് ചോദിക്കാന്‍ ഇവിടെ മറ്റൊരു സ്ഥാനാര്‍ഥിക്കും യോഗ്യതയില്ല"- സുഭാഷിണി അലി പറഞ്ഞു. "മറ്റു പാര്‍ടികള്‍ പണം വാരിയെറിയുന്ന പ്രചാരണരംഗത്ത് നമുക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാറില്ല. പക്ഷേ, ഇക്കുറി തെരഞ്ഞെടുപ്പു കമീഷന്റെ കര്‍ശനമായ നിയന്ത്രണം പ്രചാരണരംഗത്ത് ഗുണം ചെയ്യുന്നുണ്ട്"- യോഗസ്ഥലത്തുനിന്നു മടങ്ങവെ സുഭാഷിണി അലി പറഞ്ഞു.
ബിഎസ്പിയും എസ്പിയും രംഗത്തുണ്ടെങ്കിലും കോണ്‍ഗ്രസിലെ ശൈലേന്ദ്രദീക്ഷിദും ബിജെപിയിലെ പചൗരിയും തമ്മിലാണ് പ്രധാന മത്സരം. പ്രാദേശിക പാര്‍ടികളുമായി ചേരാതെ തനിച്ച് ശക്തിതെളിയിക്കാനുള്ള ഇടതുപാര്‍ടികളുടെ തീരുമാനം പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം പകര്‍ന്നിട്ടുണ്ട്.
(ദിനേശ്വര്‍മ)
deshabhimani 150212
No comments:
Post a Comment