Friday, February 10, 2012
ഉപജാപത്തിലൂടെ സര്‍ക്കാരിനെ മറിച്ചിടില്ല: പിണറായി
അജയ്യമായ ജനകീയാടിത്തറയുടെ കരുത്തുമായി നാടിന്റെ സിരാപടലങ്ങളില്‍ ചുവപ്പിന്റെ അവസാനിക്കാത്ത പ്രവാഹം. നവകേരളം സൃഷ്ടിച്ച, കേരളീയര്‍ക്ക് അതിന്റേതായ ഇടവും തന്റേടവും നല്‍കിയ പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തിനായി തലസ്ഥാന ജില്ലയൊട്ടുക്ക് ഇ ബാലാനന്ദന്‍ നഗറിലേക്ക് (ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം) ഒഴുകുകയാണ്. നിരന്തരപോരാട്ടങ്ങളില്‍നിന്ന് ഉരുവംകൊണ്ട കരുത്തിന്റെ നിലയ്ക്കാത്ത പ്രവാഹം. ഈ പ്രസ്ഥാനവും ചോരച്ചെങ്കൊടിയും അജയ്യമാണെന്ന് ജനലക്ഷങ്ങളുടെ പ്രഖ്യാപനം. അസാധാരണം ഈ പ്രവാഹം. അഭൂതപൂര്‍വം ഈ ആവേശം. കത്തിജ്വലിക്കുന്ന മധ്യാഹ്ന സൂര്യന്റെ താഴെ അണപൊട്ടിയ നദിപോലെ ജനസഞ്ചയത്തിന്റെ കുത്തൊഴുക്ക്. പാറുന്ന ചെങ്കൊടിക്കൂട്ടത്തിനൊപ്പം ജനങ്ങള്‍ ഒരേ മനസ്സോടെ.
വെള്ളിയാഴ്ച രാവിലെതന്നെ നഗരത്തിലേക്ക് ജനങ്ങള്‍ എത്താന്‍ തുടങ്ങിയിരുന്നു. സംഘബോധത്തിന്റെയും അച്ചടക്കത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഗാഥയുമായി ചെമ്പടയും രക്തപതാകയും വിപ്ലവഗാനങ്ങളും ബ്യൂഗിള്‍നാദവും വാദ്യമേളങ്ങളും ഇരമ്പിയാര്‍ക്കുന്ന മുദ്രാവാക്യങ്ങളും ആവേശമായി കത്തിപ്പടര്‍ന്നു. അനന്തപുരിക്ക് അരുണശോഭയേകി ചെമ്പടയുടെ മാര്‍ച്ചോടെയാണ് മഹാപ്രവാഹത്തിന് തുടക്കമായത്. ആയുര്‍വേദ കോളേജ് ജങ്ഷന്‍ , വെള്ളയമ്പലം മാനവീയംവീഥി എന്നിവടങ്ങളില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ചാല, വഞ്ചിയൂര്‍ , വിളപ്പില്‍ , നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല, കാട്ടാക്കട, വെള്ളറട ഏരിയകളില്‍നിന്നുള്ള സേനയുടെ മാര്‍ച്ച് ആയുര്‍വേദകോളേജ് ജങ്ഷനില്‍നിന്ന് ആരംഭിച്ചു. മാഞ്ഞാലിക്കുളം മൈതാനം കേന്ദ്രീകരിച്ച വളന്റിയര്‍മാര്‍ ബാബാ ടൂറിസ്റ്റ് ഹോമിനു മുന്നിലൂടെ ആയുര്‍വേദ കേളേജിലെത്തി. ഇവിടെനിന്ന് മാര്‍ച്ച് ചെയ്ത് മെയിന്‍ റോഡുവഴി ഇ എം എസ് പാര്‍ക്കിനടത്തുള്ള കവാടംവഴി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുയായിരുന്നു. പേരൂര്‍ക്കട, പാളയം, കഴക്കൂട്ടം, ആറ്റിങ്ങല്‍ , വര്‍ക്കല, കിളിമാനൂര്‍ , വെഞ്ഞാറമൂട്, വിതുര, നെടുമങ്ങാട് എന്നിവടങ്ങളില്‍നിന്നുള്ള പ്ലറ്റൂണുകളുടെ മാര്‍ച്ച് വെള്ളയമ്പലത്തുനിന്ന് ആരംഭിച്ചു. മാനവീയംവീഥി കേന്ദ്രീകരിച്ച് മ്യൂസിയം, രാമരായര്‍ ലാമ്പ്, വാര്‍ മെമ്മോറിയല്‍പാര്‍ക്ക് ചുറ്റി ഇ എം എസ് പാര്‍ക്കിനു സമീപമുള്ള കവാടംവഴി സമ്മേളന നഗരിയില്‍ പ്രവേശിച്ചു.
അഞ്ച് കേന്ദ്രത്തില്‍നിന്നാണ് പ്രകടനം ആരംഭിച്ചത്. വഞ്ചിയൂര്‍ , കഴക്കൂട്ടം, ആറ്റിങ്ങല്‍ , വര്‍ക്കല, കോവളം, കിളിമാനൂര്‍ , വെഞ്ഞാറമൂട് ഏരിയയില്‍നിന്ന് പ്രകടനത്തിന് എത്തിയവര്‍ ചാക്കയിലെത്തി ജാഥയായി ദേശീയപാതയില്‍ കിഴക്കുവശം കേന്ദ്രീകരിച്ച് പേട്ട, ജനറല്‍ ആശുപത്രി വഴി എ കെ ജി ഹാളിനു മുന്നിലൂടെ എംഎല്‍എ ക്വാര്‍ട്ടേഴ്സിനു മുന്നിലുള്ള കവാടത്തിലൂടെ സ്റ്റേഡിയത്തിലെത്തുന്നു. പാളയം, പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, വെള്ളറട, വിളപ്പില്‍ എന്നീ ഏരിയകളില്‍നിന്നുള്ളവര്‍ സംഗീതകോളേജ് ജങ്ഷനില്‍ കേന്ദ്രീകരിച്ച് മോഡല്‍ സ്കൂള്‍ , പനവിള ജങ്ഷന്‍ , ഫ്ളൈഓവര്‍ അണ്ടര്‍പാസ് വഴി എംഎല്‍എ ക്വാര്‍ട്ടേഴ്സിനു മുന്നിലെ കവാടത്തിലൂടെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നു. നെടുമങ്ങാട്, വിതുര ഏരിയകളില്‍നിന്നുള്ളവര്‍ വെള്ളയമ്പലത്ത് കേന്ദ്രീകരിച്ച് റെഡ് വളന്റിയര്‍മാരുടെ പുറകിലായി വന്ന് ഇ എം എസ് സ്മാരകത്തിനു മുന്നിലുള്ള ഗേറ്റിലൂടെയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ചാല, നേമം ഏരിയകളില്‍നിന്നുള്ളവര്‍ ഓവര്‍ബ്രിഡ്ജ് കേന്ദ്രീകരിച്ച് റെഡ് വളന്റിയര്‍ മാര്‍ച്ചിനു പിന്നിലായി പ്രകടനമായി രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍നിന്ന് തിരിഞ്ഞ് എംഎല്‍എ ക്വാര്‍ട്ടേഴ്സിനു മുന്നിലുള്ള കവാടംവഴി സമ്മേളന നഗറിലെത്തുന്നു. പേരൂര്‍ക്കട ഏരിയയില്‍നിന്നുള്ളവര്‍ കുറവന്‍കോണം കേന്ദ്രീകരിച്ച് പിഎംജിവഴി നിയമസഭയ്ക്കു മുന്നിലുള്ള റോഡിലൂടെ ഇ എം എസ് സ്മാരകത്തിനു മുന്നില്‍ പ്രകടനമായി എത്തുന്നു. നിശ്ചിത കേന്ദ്രങ്ങള്‍ക്കുപുറമെ നൂറുകണക്കിനു ചെറുപ്രകടനങ്ങളും സ്റ്റേഡിയത്തിലേക്ക് പ്രവഹിച്ചു.
ഉപജാപത്തിലൂടെ സര്‍ക്കാരിനെ മറിച്ചിടില്ല: പിണറായി
പാര്‍ലമെന്ററി ഉപജാപങ്ങളിലൂടെ യുഡിഎഫ് സര്‍ക്കാിരെ മറിച്ചിടാന്‍ തങ്ങളില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നല്ല കാര്യങ്ങള്‍ ഉപേക്ഷിച്ചാല്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ആ പ്രക്ഷോഭം വളര്‍ന്ന് വലുതാവുന്ന ജനരോഷത്തില്‍ സ്വാഭാവികമായി ഈ സര്‍ക്കാര്‍ നിലംപതിക്കുമെന്ന് പിണറായി പറഞ്ഞു. ഇടതുപക്ഷ ഐക്യം വിപുലപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ഐക്യം ശക്തമാക്കുന്ന നിലപാടുകള്‍ തന്നെയായിരിക്കും സിപിഐ എം സ്വീകരിക്കുകയെന്ന് പിണറായി വ്യക്തമാക്കി. സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് എകകണ്ഠമായാണ് അംഗീകരിച്ചതെന്ന് അദ്ദേഹം തുടര്‍ന്നു. മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നതിനു പകരം കള്ളം പ്രചരിപ്പിക്കുകയാണ്. വിമര്‍ശനവും കള്ളവും ഒന്നാണോ. ഇതു പറയുമ്പോള്‍ ധാര്‍ഷ്ട്യമാണെന്നും മേക്കിട്ട്കയറ്റമാണെന്നുമാണ് പറയുന്നത്. റിപ്പോര്‍ട്ട് അംഗീകരിക്കല്‍ ഒരു തുടര്‍ പ്രക്രിയയാണ്. ചര്‍ച്ചയില്‍ ചില നിര്‍ദേശങ്ങള്‍ വരും. ചിലത് ഒഴിവാക്കാണ്ടേതുണ്ടെന്നുവരും. ചിലത് അത്രയും വേണ്ടതില്ലായിരുന്നുവെന്നു വരും.
റിപ്പോര്‍ട്ടിലൊരു ഭാഗം പിബിക്കു വിട്ടുവെന്നൊക്കെയുള്ള അസംബന്ധങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. മാധ്യമ സിന്‍ഡിക്കേറ്റ് വീണ്ടും വന്നിരിക്കുകയാണെന്ന് പിണറായി പറഞ്ഞു. സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തിയിട്ട് നിങ്ങള്‍ ആരെ മെച്ചപ്പെടുത്താനാണെന്ന് വാര്‍ത്താലേഖകരോട് ചോദിച്ചു. വി എസ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുകയാണെന്ന വാര്‍ത്ത പിണറായി നിഷേധിച്ചു. താന്‍ ഈ സ്ഥാനത്ത് തുടരണമെന്നാണ് സമ്മേളനം തീരുമാനിച്ചതെന്നും സെക്രട്ടറി സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചത് വി എസ് ആണെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
deshabhimani news
Subscribe to:
Post Comments (Atom)
റിപ്പോര്‍ട്ടിലൊരു ഭാഗം പിബിക്കു വിട്ടുവെന്നൊക്കെയുള്ള അസംബന്ധങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. മാധ്യമ സിന്‍ഡിക്കേറ്റ് വീണ്ടും വന്നിരിക്കുകയാണെന്ന് പിണറായി പറഞ്ഞു. സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തിയിട്ട് നിങ്ങള്‍ ആരെ മെച്ചപ്പെടുത്താനാണെന്ന് വാര്‍ത്താലേഖകരോട് ചോദിച്ചു. വി എസ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുകയാണെന്ന വാര്‍ത്ത പിണറായി നിഷേധിച്ചു. താന്‍ ഈ സ്ഥാനത്ത് തുടരണമെന്നാണ് സമ്മേളനം തീരുമാനിച്ചതെന്നും സെക്രട്ടറി സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചത് വി എസ് ആണെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ReplyDelete