Wednesday, February 15, 2012

ആര്‍എംഎസ് ഓഫീസുകളുടെ എണ്ണം കുറച്ച് തരംതിരിക്കല്‍ കേന്ദ്രമാക്കി

കൊച്ചി: രാജ്യത്തെ 400 റെയില്‍വേ മെയില്‍ സര്‍വീസ് (ആര്‍എംഎസ്) ഓഫീസുകള്‍ 89 തരംതിരിക്കല്‍ കേന്ദ്രങ്ങ(സോര്‍ട്ടിങ് ഹബ്)ളാക്കി തപാല്‍വകുപ്പ് വെട്ടിക്കുറച്ചു. പുതുക്കിയ ഉത്തരവനുസരിച്ച് കേരളത്തില്‍ നിലവിലുള്ള 21 ആര്‍എംഎസ് ഓഫീസുകള്‍ ആറു തരംതിരിക്കല്‍ കേന്ദ്രങ്ങളായി ചുരുങ്ങും. ഉത്തരവ് ബുധനാഴ്ച പ്രാബല്യത്തില്‍ വരും. തപാല്‍ മേഖലയെക്കുറിച്ച് പഠിക്കുന്ന വിദേശ ഏജന്‍സിയായ മെക്കന്‍സി കണ്‍സള്‍ട്ടന്‍സിയുടെ നിര്‍ദേശപ്രകാരമാണ് പരിഷ്കാരം.

ബുധനാഴ്ച മുതല്‍ ഉരുപ്പടികള്‍ രണ്ട് ക്ലാസുകളാക്കി തരംതിരിക്കും. കത്തുകള്‍ , കാര്‍ഡുകള്‍ , രജിസ്റ്റേര്‍ഡ് ഉരുപ്പടികള്‍ എന്നീ ഒന്നാംക്ലാസ് മെയിലുകള്‍ തരംതിരിക്കുന്നത് എല്‍ -വണ്‍ എന്നുപേരിട്ടിരിക്കുന്ന 89 കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും. ബാക്കിയുള്ള ആര്‍എംഎസ് ഓഫീസുകളില്‍ (എല്‍ -ടു) തല്‍ക്കാലം ബുക്ക് പോസ്റ്റ്, പാഴ്സല്‍ , പ്രസിദ്ധീകരണങ്ങള്‍ എന്നിവയുള്‍പ്പെട്ട രണ്ടാംക്ലാസ് മെയിലുകള്‍ കൈകാര്യം ചെയ്യും. ഇവ രണ്ടു വര്‍ഷത്തിനകം ഇല്ലാതാക്കും. എന്നാല്‍ , പ്രധാന മെയില്‍ തരംതിരിക്കല്‍ കേന്ദ്രങ്ങളുടെ എണ്ണം കുറയുന്നതോടെ ഉരുപ്പടികള്‍ വിലാസക്കാര്‍ക്ക് ലഭിക്കുന്നതിന് ഇപ്പോഴുള്ളതിനേക്കാള്‍ 25 ദിവസമെങ്കിലും കാലതാമസം നേരിടും. ഇത് സ്വകാര്യ കൊറിയര്‍ കമ്പനികളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്.

റെയില്‍വേയെ തപാല്‍ ഉരുപ്പടികളുടെ കൈമാറ്റത്തില്‍നിന്ന് ഒഴിവാക്കി പകരം വന്‍തുക നല്‍കി വാടകയ്ക്കെടുക്കുന്ന സ്വകാര്യ വാഹനങ്ങള്‍വഴി ഉരുപ്പടികള്‍ കൊണ്ടുപോകാനാണ് നീക്കം. കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍ , എറണാകുളം, കോട്ടയം, തിരുവല്ല, തിരുവനന്തപുരം എന്നിവ മാത്രമായിരിക്കും എല്‍ -വണ്‍ കേന്ദ്രം. മലബാറില്‍ ഒരു ഹബ് മാത്രം പ്രവര്‍ത്തിക്കുന്നത് ഉരുപ്പടികള്‍ ഒരുമാസത്തിലേറെ വൈകാന്‍ ഇടയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരിഷ്കാരം നടപ്പാക്കുന്നതോടെ കാസര്‍കോടുനിന്ന് കണ്ണൂരിലേക്ക് അയക്കുന്ന ഉരുപ്പടി കോഴിക്കോടുള്ള തരംതിരിക്കല്‍ കേന്ദ്രത്തിലെത്തി അവിടെനിന്നുവേണം കണ്ണൂരിലെത്താന്‍ . ഒരുകോടിയിലേറെ ആളുകള്‍ക്കായുള്ള എറണാകുളം തപാല്‍ ഡിവിഷനുകീഴില്‍ രണ്ടു തരംതിരിക്കല്‍ കേന്ദ്രങ്ങള്‍ മാത്രമാകുന്നതും ഉരുപ്പടി വിതരണത്തെ പ്രതിസന്ധിയിലാക്കും. ജീവനക്കാരുടെ അഭാവംമൂലം അധികജോലിഭാരം നേരിടുന്ന വകുപ്പിന് പരിഷ്കാരം ഇരട്ട ആഘാതമാകും. നിലവിലുള്ള ജീവനക്കാര്‍ക്ക് ആവശ്യത്തിനു പരിശീലനം നല്‍കാതെയാണ് പരിഷ്കാരം നടപ്പാക്കുന്നത്. 2011 ജൂലൈയിലും ഈവര്‍ഷം ജനുവരിയിലും വിവിധ ആവശ്യങ്ങളുന്നയിച്ച് തപാല്‍ സംയുക്തസമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ നടത്തിയ ചര്‍ച്ചയില്‍ ആര്‍എംഎസ് ഓഫീസുകള്‍ വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള പരിഷ്കാരങ്ങള്‍ രണ്ടുവര്‍ഷത്തേക്ക് നടപ്പാക്കില്ലെന്ന് വകുപ്പ് അധികൃതര്‍ സമരസമിതിക്ക് ഉറപ്പു നല്‍കിയിരുന്നു.

deshabhimani 150212

No comments:

Post a Comment