Saturday, February 18, 2012

അധ്യാപകരുടെ സംഘശക്തിയില്‍ കോട്ടയം ചുവന്നു

കേരളത്തിലെ സ്കൂള്‍ അധ്യാപകരുടെ സംഘ ശക്തിയില്‍ കോട്ടയം ചുവന്നു. ആവേശകരമായ പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കെഎസ്ടിഎ 21-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനം പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്ത് നിന്നും ആരംഭിച്ച് കോട്ടയം തിരുനക്കര മൈതാനിയിലെ എം കെ പന്ഥെ നഗറില്‍ സമാപിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നീങ്ങിയ പ്രകടനത്തിന്റെ മുന്‍ നിരയില്‍ 21-ാം സംസ്ഥാന സമ്മേളനത്തെ പ്രതിനിധികരിച്ച് ചെങ്കൊടിയേന്തി 21 വനിതാ അധ്യാപകര്‍ അണിനിരന്നു. അതിന് പിന്നില്‍ സംസ്ഥാന ഭാരവാഹികളും സമ്മേളന പ്രതിനിധികളും വിവിധ ജില്ലകളില്‍ നിന്നെത്തിയവരും അണിചേര്‍ന്നു. പൊതുസമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ അധ്യക്ഷനായി. മുന്‍ മന്ത്രി ജി സുധാകരന്‍ , അഡ്വ. കെ സുരേഷ്കുറുപ്പ് എംഎല്‍എ, കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ , സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ വി അനീഷ്ലാല്‍ , വി ആര്‍ ഭാസ്ക്കരന്‍ , വി എന്‍ വാസവന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച്ചയും തുടര്‍ന്നു. അധ്യാപക ലോകം അവാര്‍ഡും കുട്ടികളുടെ ചലച്ചിത്ര അവാര്‍ഡും മുന്‍ മന്ത്രി എം എ ബേബി വിതരണം ചെയ്തു. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് പയ്യന്നൂര്‍ പി പ്രേമചന്ദ്രന്‍ ഏറ്റുവാങ്ങി. വള്ളിക്കുന്ന് സിബി എച്ച്എസ്എസ്, മഞ്ഞപ്ര ജിഎച്ച് എസ്എസ്, ഇളംങ്കുളം കെ വി യുപിഎസ് എന്നിവ ചലച്ചിത്ര അവാര്‍ഡിന് അര്‍ഹരായി. ട്രേഡ് യൂണിയന്‍ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ട്രഷറര്‍ കെ ജി ബാബു, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ആര്‍ ഭാസ്ക്കരന്‍ , വിവിധ സംഘടനാ നേതാക്കളായ പി എച്ച് എം ഇസ്മയില്‍ , കെ ശിവകുമാര്‍ , എസ് രാധാകൃഷ്ണന്‍ , ഡോ. കെ പി സുകുമാരന്‍നായര്‍ , എസ് സുദര്‍ശനപിള്ള, കെ ഹറഫുദീന്‍ , വി ബി മനുകുമാര്‍ , ആര്‍ എസ് സന്തോഷ്, ആര്‍ ഉണ്ണി, കെ ജയദേവന്‍ , പി ആര്‍ പുഷ്പവല്ലി, ഡി വിമല എന്നിവര്‍ സംസാരിച്ചു. റിപ്പോര്‍ട്ടുകളിന്മേലുള്ള പൊതുചര്‍ച്ചയും നടന്നു. പ്രതിനിധി സമ്മേളനം ശനിയാഴ്ച്ചയും തുടരും. കെഎസ്ടിഎ അക്കാദമിക് കൗണ്‍സില്‍ തയ്യാറാക്കിയ "കേരള പാഠ്യപദ്ധതി സംരക്ഷണം" എന്ന പുസ്തകം 12 ന് ഡോ. നൈനാന്‍ കോശി ഡോ. ബി ഇക്ബാലിന് നല്‍കി പ്രകാശനം ചെയ്യും. 2.30ന് യാത്രയയപ്പ് സമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും.

വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കുന്നു: വൈക്കം വിശ്വന്‍

വിദ്യാഭ്യാസമേഖലയെ ലാഭത്തിനുള്ള കച്ചവടച്ചരക്കാക്കി മാറ്റുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസമേഖലയില്‍ രാജ്യത്ത് നടത്തുന്ന ചൂഷണങ്ങള്‍ക്കൊപ്പം വിദേശമൂലധനത്തിന്റെ സ്വാധീനവും കടന്നുവരികയാണ്. സര്‍വകലാശാലകളെപ്പോലും വാണിജ്യവല്‍ക്കരിക്കുന്നു. അധ്യാപകരെ വെട്ടിക്കുറച്ചും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതാക്കിയും പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുകയാണ്. കേരളം പ്രാരംഭകാലത്ത് വിദ്യാഭ്യാസമേഖലയുടെ സഹായത്തോടെ കൈവരിച്ച നേട്ടങ്ങളെയാണ് ഇല്ലാതാക്കുന്നത്. സാമൂഹികമായ ഒട്ടേറെ പരിഷ്കാരങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിക്കാന്‍ വിദ്യാഭ്യാസമേഖലയ്ക്ക് കഴിഞ്ഞ കാലങ്ങളില്‍ സാധിച്ചിരുന്നു. അക്ഷരം പഠിപ്പിക്കുന്നതോടൊപ്പം ജാതിമത ചിന്തകള്‍ക്ക് അതീതമായി ജനസമൂഹത്തെ സാമൂഹ്യബോധത്തിലേക്ക് വളര്‍ത്തിക്കൊണ്ടു വരാന്‍ അധ്യാപകസമൂഹം നിസ്തുലമായ പങ്കാണ് വഹിച്ചിട്ടുള്ളത്.
എന്നാല്‍ , ഇതെല്ലാം തകര്‍ത്ത് കേരളത്തെ പഴയ ഫ്യൂഡല്‍ വ്യവസ്ഥിതിയിലേക്ക് കൊണ്ടുപോകാനാണ് ഒരു വിഭാഗത്തിന്റെ പരിശ്രമം. ഭരണാധികാരികള്‍ സ്വകാര്യതാല്‍പ്പര്യം സംരക്ഷിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായാണ് നിലപാടെടുക്കുന്നത്. കാര്‍ഷികമേഖലയിലെന്ന പോലെ വിദ്യാഭ്യാസ മേഖലയെയും കോര്‍പറേറ്റ്വല്‍ക്കരിക്കുകയാണ്. ഭരണാധികാരിവര്‍ഗം വിദ്യാഭ്യാസത്തെ അവരുടെ നയത്തിനനുസരിച്ച് സൗകര്യപൂര്‍വം മാറ്റിയെഴുതുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസുപോലെയാണ് അവര്‍ക്ക് വിദ്യാഭ്യാസവും. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്-അദ്ദേഹം പറഞ്ഞു.

സ്കൂള്‍ പാഠ്യപദ്ധതിയെക്കുറിച്ച് ഗൗരവ പഠനം വേണം: ബേബി

അക്കാദമിക് സമൂഹം സ്കൂള്‍ പാഠ്യപദ്ധതിയെക്കുറിച്ച് ഗൗരവമുള്ള പഠനവും വിലയിരുത്തലും നടത്തണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തില്‍ അധ്യാപക ലോകം അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍സിഇആര്‍ടി വിദഗ്ദ്ധരായ പ്രഫ. യശ്പാലും ഡയറക്ടറായ കൃഷ്ണകുമാറും കേരളത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പാഠ്യ പദ്ധതി പരിഷ്കാരത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അക്കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാനും വിലയിരുത്താനം നമുക്കായിട്ടില്ല. കുട്ടികളുടെ മനസിന് അമിതഭാരം നല്‍കി എല്ലാംകൂടി കടത്തിവിടുന്ന പാഠ്യരീതി അനുകൂലിക്കാനാകില്ല. ഗുണമേന്മയില്‍ ഊന്നിയുള്ള പരിഷ്കാരങ്ങള്‍ മത്രമാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. പാഠപുസ്തകങ്ങളില്‍ ദൈവനിന്ദയുണ്ടായിരുന്നുവെന്നത് ഒരു വിഭാഗത്തിന്റെ സാങ്കല്‍പിക സൃഷ്ടിമാത്രമാണ്. എല്ലാ മതസ്ഥാപകരും മനുഷ്യ നന്മയാണ് വിഭാവനം ചെയ്തത്.

എന്നാല്‍ ചില നിക്ഷിപ്ത താല്‍പര്യക്കാരും മറ്റ് പ്രചാരകരും മതങ്ങളെയും വിശ്വാസങ്ങളെയും മറ്റ് താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തിട്ടുണ്ട്. മതത്തെയും ദൈവത്തെയും മുന്നില്‍ നിര്‍ത്തി കാര്യം സാധിക്കുന്ന ചിലര്‍ എക്കാലത്തുമുണ്ട്. എന്നാല്‍ പുരോഗമനആശയങ്ങളോട് എക്കാലവും യോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള മത നേതാക്കളെയും കാണാനാകും. വലിയ മെത്രാപോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്, ഡോ. പൗലോസ് മാര്‍ പൗലോസ് എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നവരാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 180212

1 comment:

  1. കേരളത്തിലെ സ്കൂള്‍ അധ്യാപകരുടെ സംഘ ശക്തിയില്‍ കോട്ടയം ചുവന്നു. ആവേശകരമായ പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

    ReplyDelete