Friday, September 21, 2012

ജനദ്രോഹം ന്യായീകരിക്കാന്‍ 100 കോടി ധൂര്‍ത്തടിച്ച് പരസ്യം


ജനവിരുദ്ധനയങ്ങളെ ന്യായീകരിക്കാന്‍ വിപുലമായ പരസ്യപ്രചാരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഡീസല്‍ വിലവര്‍ധന, സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കല്‍, ചില്ലറവിപണിയില്‍ വിദേശനിക്ഷേപം, പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ തുടങ്ങിയ നടപടികളെ ന്യായീകരിച്ച് ദൃശ്യ-പത്ര മാധ്യമങ്ങളില്‍ പരസ്യം നല്‍കാന്‍ 100 കോടി ചെലവിടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദൃശ്യപ്രചാരണ- പരസ്യവിഭാഗം ഡയറക്ടറേറ്റിനാണ് (ഡിഎവിപി) തുക അനുവദിക്കുന്നത്. പണമില്ലെന്നുപറഞ്ഞ് സബ്സിഡി വെട്ടിക്കുറയ്ക്കുന്ന സമയത്താണ് പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ശതകോടി രൂപ ധൂര്‍ത്തടിക്കുന്നത്.

ഡീസല്‍ വിലവര്‍ധനയെ ന്യായീകരിച്ച് എല്ലാ ദേശീയമാധ്യമങ്ങളിലും പെട്രോളിയം മന്ത്രാലയത്തിന്റെ പരസ്യം കഴിഞ്ഞ ദിവസം വന്നിരുന്നു. ചില്ലറവിപണിയിലെ വിദേശനിക്ഷേപത്തെ പിന്തുണച്ച് വ്യാഴാഴ്ച വിവിധ പത്രങ്ങളില്‍ മുഴുപ്പേജ് വര്‍ണപരസ്യം പ്രസിദ്ധീകരിച്ചു. വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റേതായാണ് പരസ്യം വന്നത്. കര്‍ഷകര്‍ക്കും തൊഴിലന്വേഷകര്‍ക്കും വമ്പിച്ച നേട്ടം വിദേശനിക്ഷേപത്തോടെയുണ്ടാകുമെന്ന് പരസ്യത്തില്‍ അവകാശപ്പെടുന്നു. എന്നാല്‍, ചെറുകിട വില്‍പ്പനശാലകള്‍ക്കും അവിടെ തൊഴിലെടുക്കുന്ന നാലുകോടിയോളം ജനങ്ങള്‍ക്കും എന്തുസംഭവിക്കുമെന്നത് പരസ്യത്തില്‍ പരാമര്‍ശിക്കുന്നില്ല. ആഗോള കുത്തകയായ വാള്‍മാര്‍ട്ടിന് ലോകത്തിലെ തങ്ങളുടെ എല്ലാ ശൃംഖലകളിലുമായി 21 ലക്ഷം ജീവനക്കാര്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ മാത്രമായി എങ്ങനെ ഒരു കോടിയിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതിനെ കുറിച്ചും പരസ്യം വിശദീകരിക്കുന്നില്ല. ഡീസല്‍ വിലവര്‍ധനയിലൂടെയും സബ്സിഡി വെട്ടിക്കുറവിലൂടെയും കേന്ദ്രസര്‍ക്കാര്‍ ലാഭിക്കുന്ന കോടിക്കണക്കിന് രൂപയില്‍ ഒരു പങ്കാണ് ഇപ്പോള്‍ പരസ്യധൂര്‍ത്തിന് ചെലവഴിക്കുന്നത്. പരിഷ്കരണനടപടികള്‍ക്കെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് പരസ്യങ്ങളിലൂടെ പ്രതിരോധമെന്ന തന്ത്രത്തിലേക്ക് യുപിഎ സര്‍ക്കാര്‍ മാറിയത്.
(എം പ്രശാന്ത്)

വിദേശനിക്ഷേപം: കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ന്യൂഡല്‍ഹി: സാമ്പത്തിക പരിഷ്കരണത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം പടരുന്നതിനിടെ ചെറുകിട വ്യാപാര മേഖലയില്‍ 51 ശതമാനം നിക്ഷേപം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. വാള്‍മാര്‍ട്ട് അടക്കമുള്ള ബഹുരാഷ്ട്രഭീമന്മാര്‍ക്ക് നിക്ഷേപാനുമതി നല്‍കി വ്യവസായനയ വികസന വകുപ്പാണ് വിജ്ഞാപനമിറക്കിയത്. ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയില്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നതാണ് വിജ്ഞാപനം. കഴിഞ്ഞ 14നാണ് കേന്ദ്രസര്‍ക്കാര്‍ ചെറുകിട വ്യാപാരമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചത്.

deshabhimani 210912

1 comment:


  1. ജനവിരുദ്ധനയങ്ങളെ ന്യായീകരിക്കാന്‍ വിപുലമായ പരസ്യപ്രചാരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഡീസല്‍ വിലവര്‍ധന, സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കല്‍, ചില്ലറവിപണിയില്‍ വിദേശനിക്ഷേപം, പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ തുടങ്ങിയ നടപടികളെ ന്യായീകരിച്ച് ദൃശ്യ-പത്ര മാധ്യമങ്ങളില്‍ പരസ്യം നല്‍കാന്‍ 100 കോടി ചെലവിടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദൃശ്യപ്രചാരണ- പരസ്യവിഭാഗം ഡയറക്ടറേറ്റിനാണ് (ഡിഎവിപി) തുക അനുവദിക്കുന്നത്. പണമില്ലെന്നുപറഞ്ഞ് സബ്സിഡി വെട്ടിക്കുറയ്ക്കുന്ന സമയത്താണ് പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ശതകോടി രൂപ ധൂര്‍ത്തടിക്കുന്നത്.

    ReplyDelete