Friday, September 21, 2012

സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്ന് കോടികള്‍ പിഴിയുന്നു


തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെയും ഗണിതശാസ്ത്രവര്‍ഷത്തിന്റെ ഭാഗമായ "ന്യൂ മാത്സ്" പരിശീലനത്തിന്റെയും പേരില്‍ വിദ്യാര്‍ഥികളില്‍നിന്ന് സര്‍ക്കാര്‍ കോടികള്‍ പിരിക്കുന്നു. ഇതിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസ അവകാശനിയമം ലംഘിച്ചാണെന്ന് ആക്ഷേപമുണ്ട്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെപ്പോലും പിരിവില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. കലോത്സവത്തിനായി അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളില്‍നിന്ന് അഞ്ചു രൂപ വീതമാണ് പിരിക്കുന്നത്. 2011ലെ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളില്‍നിന്ന് പണം പിരിക്കുന്ന് നിയമവിരുദ്ധമാണ്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് സര്‍ക്കാര്‍തന്നെ പണം ശേഖരിക്കുന്നത്. ഒരു ഉപജില്ലയില്‍ ശരാശരി 10,000 കുട്ടികളാണ് അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളിലുള്ളത്. 169 ഉപജില്ലയില്‍നിന്ന് 85 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ പിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കലോത്സവച്ചെലവ് 70 ലക്ഷത്തില്‍ താഴെയാണ്. എന്നിട്ടും പണപ്പിരിവിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

 ഗണിതശാസ്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ഗണിതശാസ്ത്ര അസോസിയേഷനും എന്‍സിആര്‍ടിഇയും ചേര്‍ന്നാണ് "ന്യൂ മാത്സ്" സംഘടിപ്പിക്കുന്നത്. ആറാംതരം വിദ്യാര്‍ഥികളായ അഞ്ചുപേരെ വീതമാണ് സബ്ജില്ലാ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. 30ന് നടക്കുന്ന മത്സരത്തില്‍ സബ്ജില്ലയില്‍നിന്ന് ശരാശരി 100 കുട്ടികള്‍ പങ്കെടുക്കും. ഒരു കുട്ടിയില്‍നിന്ന് 100 രൂപ ഈടാക്കുന്നു. 169 സബ്ജില്ലയില്‍നിന്നായി ഈയിനത്തില്‍ 1.69 കോടി രൂപ പിരിച്ചെടുക്കും. അവസാനഘട്ടത്തില്‍ 14 ജില്ലകളില്‍നിന്ന് 70 വിദ്യാര്‍ഥികളും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന നാലു വിദ്യാര്‍ഥികളുമാണുണ്ടാവുക. അവധിക്കാലത്ത് 15 ദിവസത്തെ ക്യാമ്പും പരിശീലനവും ഇവര്‍ക്കു നല്‍കാനാണ് ഒന്നരക്കോടിയില്‍പ്പരം രൂപയുടെ പിരിവ്.
(കെ ഗിരീഷ്)

deshabhimani 2100912

No comments:

Post a Comment