Friday, September 21, 2012

ജനശ്രീക്ക് 14.36 കോടി നല്‍കരുത് : പിണറായി


കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജനശ്രീ മിഷന് 14.36 കോടി രൂപ അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

നാളിതുവരെ സംസ്ഥാനം പുലര്‍ത്തിവന്ന സാമ്പത്തിക നടപടിക്രമങ്ങളും ധനകാര്യ ചട്ടങ്ങളും കീഴ്വഴക്കവും ലംഘിച്ചാണ് ജനശ്രീക്ക് 14.36 കോടിരൂപ അനുവദിച്ച് കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് നഗ്നമായ അഴിമതിയാണ്. സങ്കുചിത രാഷ്ട്രീയം തലയ്ക്കുപിടിച്ചാല്‍ ഒരു സര്‍ക്കാര്‍ എത്രത്തോളം വഴിതെറ്റുമെന്നതിന് തെളിവാണ് സ്വജനപക്ഷപാതത്തോടെയുള്ള ഈ നടപടി. ജനശ്രീ മിഷന് ഇത്ര വലിയ തുക എന്തു മാനദണ്ഡത്തിലാണ് അനുവദിച്ചതെന്ന് വിശദീകരിക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കു്ണ്ട്.

കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ അപ്രസക്തമാക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുക എന്ന ദുഷ്ടലാക്ക് ഈ നടപടിക്കു പിന്നിലുണ്ട്. കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ പുതിയ പദ്ധതികളുടെ പേരിലാണ് ക്രമവിരുദ്ധമായി തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന "രാഷ്ട്രീയ കൃഷി വികാസ് യോജ"യിലൂടെ ലഭിക്കുന്ന ഫണ്ടാണ് വകമാറ്റിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി കാര്‍ഷികമേഖലയിലെ പുരോഗതിയെ ലാക്കാക്കിയുള്ളതാണ്. അല്ലാതെ കോണ്‍ഗ്രസിന്റെ പോഷക സംഘടനയെ വളര്‍ത്തുക എന്ന രാഷ്ട്രീയ പദ്ധതിയല്ല. ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളെയാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രാഥമിക ഘട്ടത്തില്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍, അതെല്ലാം അവഗണിച്ചാണ് കാര്‍ഷികമേഖലയുമായി പുലബന്ധമില്ലാത്ത ജനശ്രീ മിഷന് കേന്ദ്രപദ്ധതിയുടെ പണം ക്രമവിരുദ്ധമായി അനുവദിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ ചെയര്‍മാനായ സംഘടന നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 14.36 കോടി രൂപ അനുവദിക്കാനുള്ള തീരുമാനത്തില്‍ തെളിയുന്നത് ഭരണത്തിന്റെ സുതാര്യതയില്ലായ്മയാണ്. മാധ്യമങ്ങളിലൂടെയോ ഓണ്‍ലൈനിലൂടെയോ സന്നദ്ധസംഘടനകളുടെ അപേക്ഷകള്‍പോലും തേടാതെ രഹസ്യമായി മുഖ്യമന്ത്രിയുടെ പാര്‍ടിയുടെ സംഘടനയ്ക്ക് വന്‍ തുക അനുവദിച്ചത് അത്ഭുതകരമാണ്. സംസ്ഥാനത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഔദ്യോഗിക ഏജന്‍സിയായ കുടുംബശ്രീ മിഷന്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നതിനിടയിലാണ് ജനശ്രീക്ക് വഴിവിട്ട സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ജനാധിപത്യവിരുദ്ധവും അഴിമതി നിറഞ്ഞതുമായ ഈ തീരുമാനം ഒരു കാരണവശാലും നടപ്പാക്കാന്‍ പാടില്ല. തെറ്റായ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി ജനാധിപത്യ കേരളം മുന്നോട്ടുവരുമെന്ന് പിണറായി വിജയന്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. .

deshabhimani 220912

1 comment:

  1. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജനശ്രീ മിഷന് 14.36 കോടി രൂപ അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

    ReplyDelete