Saturday, September 22, 2012

റിലയന്‍സ് തുടങ്ങി; മറ്റ് മൊബൈല്‍ കമ്പനികളും നിരക്ക് കൂട്ടും


ഡീസല്‍ വിലവര്‍ധന മൊബൈല്‍ഫോണ്‍ വരിക്കാര്‍ക്കും ഇരുട്ടടിയായി. റിലയന്‍സ് ഫോണ്‍ നിരക്ക് സെക്കന്‍ഡിന് 1.2 പൈസയില്‍നിന്ന് 1.5 പൈസയായി ഉയര്‍ത്തിയതിനുപിന്നാലെ മറ്റു കമ്പനികളും നിരക്ക് കൂട്ടാന്‍ നീക്കം തുടങ്ങി. ബിഹാര്‍, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് ടെലികോം സര്‍ക്കിളിലാണ് റിലയന്‍സ് 25 ശതമാനം നിരക്കുവര്‍ധന വരുത്തിയത്. ഒരുമാസത്തിനകം രാജ്യവ്യാപകമായി റിലയന്‍സ് കോള്‍ നിരക്ക് ഉയര്‍ത്തും. മൊബൈല്‍ ടവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വന്‍തോതില്‍ ഡീസല്‍ ആവശ്യമാണെന്ന വാദവുമായാണ് കമ്പനികള്‍ നിരക്കുയര്‍ത്തുന്നത്. റിലയന്‍സിന്റെ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ പുതിയ നിരക്കിനുകീഴിലാകും. നിലവിലുള്ള പ്ലാന്‍ അവസാനിക്കുന്നതോടെ പഴയ വരിക്കാരും ഉയര്‍ന്ന താരിഫിലേക്ക് മാറും.

ഉയര്‍ന്ന ചെലവും വിപണിയില്‍ മത്സരം കുറഞ്ഞതുമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഗുര്‍ദീപ് സിങ് പറഞ്ഞു. 2ജി അഴിമതിയുമായി ബന്ധപ്പെട്ട് ചില കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടത് വിപണിയിലെ മത്സരം കുറച്ചു. ഉപയോക്താക്കളെ പിഴിയാന്‍ റിലയന്‍സ്, ഭാരതി എയര്‍ടെല്‍ അടക്കമുള്ള സ്വകാര്യ ഭീമന്മാര്‍ ഇതും അവസരമായെടുത്തു. അടുത്ത വര്‍ധന പരിഗണിക്കുന്നതായും റിലയന്‍സ് അധികൃതര്‍ അറിയിച്ചു. നിരക്കുവര്‍ധന പ്രഖ്യാപിച്ചതിനുപിന്നാലെ റിലയന്‍സിന്റെ ഓഹരിമൂല്യം ഉയര്‍ന്നു. റിലയന്‍സിന്റെ രീതി എയര്‍ടെല്ലും ഐഡിയയും പിന്തുടരുമെന്ന പ്രചാരണം ശക്തമായതോടെ ഇവയുടെയും ഓഹരിമൂല്യം ഉയര്‍ന്നു.ഐഡിയ മധ്യപ്രദേശില്‍ 15 മുതല്‍ 20 ശതമാനംവരെ നിരക്ക് ഉയര്‍ത്തിയതായും കോള്‍ സമയപരിധി കുറച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞവര്‍ഷം മധ്യത്തില്‍ എല്ലാ പ്രധാന കമ്പനികളും കോള്‍ നിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയില്‍ 3.5 ലക്ഷം ടെലികോം ടവറുകളാണുള്ളത്. ടവറുകളുടെ വൈദ്യുതാവശ്യത്തില്‍ 60 ശതമാനവും ഡീസലിനെയാണ് ആശ്രയിക്കുന്നത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 200 കോടി ലിറ്റര്‍ ഡീസലാണ് ടെലികോം കമ്പനികള്‍ ഒരുവര്‍ഷം ഉപയോഗിക്കുന്നത്.
(പി വി അഭിജിത്)

1 comment:

  1. ഡീസല്‍ വിലവര്‍ധന മൊബൈല്‍ഫോണ്‍ വരിക്കാര്‍ക്കും ഇരുട്ടടിയായി. റിലയന്‍സ് ഫോണ്‍ നിരക്ക് സെക്കന്‍ഡിന് 1.2 പൈസയില്‍നിന്ന് 1.5 പൈസയായി ഉയര്‍ത്തിയതിനുപിന്നാലെ മറ്റു കമ്പനികളും നിരക്ക് കൂട്ടാന്‍ നീക്കം തുടങ്ങി. ബിഹാര്‍, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് ടെലികോം സര്‍ക്കിളിലാണ് റിലയന്‍സ് 25 ശതമാനം നിരക്കുവര്‍ധന വരുത്തിയത്. ഒരുമാസത്തിനകം രാജ്യവ്യാപകമായി റിലയന്‍സ് കോള്‍ നിരക്ക് ഉയര്‍ത്തും. മൊബൈല്‍ ടവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വന്‍തോതില്‍ ഡീസല്‍ ആവശ്യമാണെന്ന വാദവുമായാണ് കമ്പനികള്‍ നിരക്കുയര്‍ത്തുന്നത്. റിലയന്‍സിന്റെ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ പുതിയ നിരക്കിനുകീഴിലാകും. നിലവിലുള്ള പ്ലാന്‍ അവസാനിക്കുന്നതോടെ പഴയ വരിക്കാരും ഉയര്‍ന്ന താരിഫിലേക്ക് മാറും.

    ReplyDelete