Friday, September 21, 2012

18 മാസത്തിനുള്ളില്‍ വാള്‍മാര്‍ട്ട് ഇന്ത്യയില്‍

ചില്ലറ വ്യാപാര മേഖലയില്‍ വിദേശ കുത്തകകള്‍ക്ക് കടന്ന് വരാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കിയതിന് പിന്നാലെ ഇന്ത്യയില്‍ വ്യാപാര കേന്ദ്രം ഉടന്‍ തുടങ്ങുമെന്ന പ്രഖ്യാപനവുമായി വാള്‍മാര്‍ട്ട്. 12 മുതല്‍ 18 മാസത്തിനുള്ളില്‍ വാള്‍മാര്‍ട്ടിന് ഇന്ത്യയില്‍ വ്യാപാര കേന്ദ്രം ആരംഭിക്കാന്‍ കഴിയുമെന്നും ഇതിനായി വിവിധ സംസ്ഥാനങ്ങളുടെ അനുമതി തേടുമെന്നും വാള്‍മാര്‍ട്ടിന്റെ ഏഷ്യന്‍ ഡിവിഷന്റെ സ്റ്റോര്‍ പ്രസിഡന്റും സിഇഒയുമായ സ്കോട്ട് പ്രൈസ് വാള്‍സ്ട്രീറ്റ് ജേര്‍ണലിനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ എത്ര വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് വാള്‍മാര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്കരണത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം പടരുന്നതിനിടെ കഴിഞ്ഞദിവസമാണ് വ്യാപാര മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്രം വിജ്ഞാപനമിറക്കിയത്. ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയില്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നതാണ് വിജ്ഞാപനം. കഴിഞ്ഞ 14നാണ് കേന്ദ്രസര്‍ക്കാര്‍ ചെറുകിട വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് യുപിഎ യിലെ രണ്ടാമത്തെ വലിയ കക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ട്ടികളുടെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും നേതൃത്വത്തില്‍ കഴിഞ്ഞദിവസം പ്രതിഷേധ ദിനം ആചരിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്താകെ ഉയര്‍ന്ന് വന്നത്.

കൂടുതല്‍ വായനക്ക്:

ചില്ലറ വ്യാപാരമേഖലയും വിദേശകുത്തകകള്‍ കയ്യടക്കുന്നു


വിദേശനിക്ഷേപം: വിജ്ഞാപനം റദ്ദാക്കണം

ന്യൂഡല്‍ഹി: ചില്ലറവില്‍പ്പനയില്‍ വിദേശ നിക്ഷേപത്തിനുള്ള വിജ്ഞാപനത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടയിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോയി. വിജ്ഞാപനത്തിലെ നിബന്ധനകള്‍ വാള്‍മാര്‍ട്ട് പോലുള്ള വന്‍കിടകുത്തക കമ്പനികള്‍ക്കു വേണ്ടി രൂപപ്പെടുത്തിയതാണ്. 550 കോടി നിക്ഷേപം കുത്തക കമ്പനികള്‍ക്ക് നിസാരമാണ്. കുറഞ്ഞത് 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളില്‍ ചില്ലറവില്‍പ്പന കേന്ദ്രം അനുവദിക്കുന്നത് കമ്പനികള്‍ക്ക് കൂടുതല്‍ ലാഭകരമാണ്. അത്ര ജനസംഖ്യയില്ലാത്ത സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വില്‍പനകേന്ദ്രം കമ്പനിക്ക് നിശ്ചയിക്കാം.

വന്‍കിട കമ്പനികളുടെ വരവ് ചെറുകിട കര്‍ഷകര്‍ക്ക് ഗുണമാവില്ല. ഉല്‍പന്നങ്ങളുടെ വില കിട്ടില്ലെന്നു മാത്രമല്ല നിര്‍ബന്ധിത ഗുണനിലവാരം പാലിക്കേണ്ടിയും വരും. വിദേശനിക്ഷേപം ചെറുകിട-കുടില്‍ വ്യവസായങ്ങളെയും ബാധിക്കും. ചില്ലറവില്‍പ്പന മേഖല കൊണ്ട് ഉപജീവനം നടത്തുന്നവരുടെ ജീവിതം ഒറ്റയടിക്ക് തകര്‍ക്കാനുള്ള ആദ്യപടിയാണ് മന്‍മോഹന്‍ സര്‍ക്കാര്‍ എടുത്തത്. ദേശവിരുദ്ധമായ തീരുമാനം റദ്ദാക്കുന്നതുവരെ സിപിഐ എം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു.

deshabhimani 220912

1 comment:

  1. ചില്ലറ വ്യാപാര മേഖലയില്‍ വിദേശ കുത്തകകള്‍ക്ക് കടന്ന് വരാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കിയതിന് പിന്നാലെ ഇന്ത്യയില്‍ വ്യാപാര കേന്ദ്രം ഉടന്‍ തുടങ്ങുമെന്ന പ്രഖ്യാപനവുമായി വാള്‍മാര്‍ട്ട്. 12 മുതല്‍ 18 മാസത്തിനുള്ളില്‍ വാള്‍മാര്‍ട്ടിന് ഇന്ത്യയില്‍ വ്യാപാര കേന്ദ്രം ആരംഭിക്കാന്‍ കഴിയുമെന്നും ഇതിനായി വിവിധ സംസ്ഥാനങ്ങളുടെ അനുമതി തേടുമെന്നും വാള്‍മാര്‍ട്ടിന്റെ ഏഷ്യന്‍ ഡിവിഷന്റെ സ്റ്റോര്‍ പ്രസിഡന്റും സിഇഒയുമായ സ്കോട്ട് പ്രൈസ് വാള്‍സ്ട്രീറ്റ് ജേര്‍ണലിനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ എത്ര വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് വാള്‍മാര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

    ReplyDelete