Friday, September 21, 2012

ഇന്ധന വില വര്‍ധന ഒഴിവാക്കാനാവില്ല പ്രധാനമന്ത്രി


ഇന്ധന വില വര്‍ധന അത്യാവശ്യമായിരുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പരിഷ്കരണ പരിപാടികളുടെ ഭാഗമായി വില വര്‍ധിപ്പിക്കാതെ തരമില്ല. അതിന്റെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ല. പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്സിഡി രാജ്യത്തിന് താങ്ങാനാവുന്നില്ല. നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വികസനത്തിനും സാമ്പത്തിക ഭദ്രതക്കും പണം അത്യാവശ്യമാണ്. പണം മരത്തില്‍ കായ്ക്കില്ല. ഒരു സര്‍ക്കാരും ജനങ്ങളെ ബുദ്ധിമുട്ടിലാക്കില്ല. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കൂടിയതുകൊണ്ടാണ് വില കൂട്ടേണ്ടി വന്നത്. ഡീസലിന് 17 രൂപ വര്‍ധിപ്പിക്കേണ്ട സാഹചര്യത്തില്‍ 5 രൂപ മാത്രമാണ് കൂട്ടിയത്. ഇന്ധനത്തില്‍ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. മന്‍മോഹന്‍സിങ്ങ് പറഞ്ഞു.

സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയെന്ന നിലയില്‍ ആ ഉത്തരവാദിത്വം നിര്‍വഹിച്ചു. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളേക്കാള്‍ കുറവാണ് ഇന്ത്യയില്‍ ഡീസല്‍ വില. ആഡംബരവാഹനങ്ങള്‍ക്കാണ് ഡീസല്‍ ഉപയോഗിക്കുന്നത്. അത് സാധാരണക്കാരെ ബാധിക്കില്ല. യുപിഎ സര്‍ക്കാര്‍ ദരിദ്രരായ ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കില്ല. പാവങ്ങളുടെ സര്‍ക്കാരായതിനാല്‍ മണ്ണെണ്ണ വില ഉയര്‍ത്തിയിട്ടില്ല. വര്‍ഷം 6 സിലിണ്ടര്‍ മാത്രമാണ് സാധാരണക്കാര്‍ ഉപയോഗിക്കുന്നത്. സാമ്പത്തിക പരിഷ്കാരം രാജ്യത്തിനുവേണ്ടിയാണ്. ജനങ്ങളെ സത്യമറിയിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ കുഴങ്ങരുത്. വിദേശനിക്ഷേപം കര്‍ഷകര്‍ക്ക് നേട്ടമാണ്. തൊഴില്‍ അവസരം കൂടും. വിദേശനിക്ഷേപകരില്‍ വിശ്വാസം വളര്‍ത്തണം. ലോകം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ തന്നെയാണ് ഇപ്പോഴും സ്വീകരിച്ചത്. തന്റെ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയാണെന്നു മനസിലാക്കി പിന്തുണക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

deshabhimani 220912

1 comment:

  1. പണം മരത്തില്‍ കായ്ക്കില്ല.

    ReplyDelete