Friday, September 7, 2012

ഷുക്കൂര്‍ വധം: എഫ്ഐആറില്‍ കൂട്ടിച്ചേര്‍ക്കലുണ്ടായെന്ന് കോടതി


ഷുക്കൂര്‍ വധക്കേസില്‍ എഫ്ഐആറില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കലുണ്ടായതായി പരിശോധനയില്‍നിന്ന് വ്യക്തമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം ലോക്കല്‍ സെക്രട്ടറി യു വി വേണു ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ജാമ്യം അനുവദിക്കവെയാണ് കോടതിയുടെ പരാമര്‍ശം. പ്രോസിക്യൂഷന്‍ ആരോപണം കണക്കിലെടുത്താല്‍ രണ്ടു മൂന്നു ദിവസങ്ങള്‍കൊണ്ടുണ്ടായ സംഭവമാണെന്നു തോന്നുമെന്നും മിനിറ്റുകള്‍കൊണ്ടു സംഭവിച്ച കാര്യമാണ് ഇത്തരത്തിലാക്കിയതെന്നും കോടതി നിരീക്ഷിച്ചു. ഒരു കേസ് എങ്ങനെ മോശമാക്കാമെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ കേസെന്നും ജസ്റ്റിസ് പി ഭവദാസന്‍ നിരീക്ഷിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഹൈക്കോടതി ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും വാദമധ്യേ കോടതി വിലയിരുത്തി.

പബ്ലിക് പ്രോസിക്യൂട്ടറും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും കോടതിയില്‍ കളവുപറഞ്ഞതായി പ്രതിഭാഗം അഭിഭാഷകന്‍ പി നാരായണന്‍ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട ഷുക്കൂറിന്റെയും മറ്റും ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി എംഎംഎസ് മുഖേന അയച്ചു നല്‍കി ഇവരുടെ പങ്കാളിത്തം ഉറപ്പുവരുത്തിയാണ് കൊലപാതകമെന്ന് കോടതിയില്‍ ബോധിപ്പിച്ചത് കളവാണ്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഈ കളവ് വ്യക്തമാക്കപ്പെട്ടു. കുറ്റപത്രത്തില്‍ ഇല്ലാത്ത ഈ ആരോപണങ്ങളടക്കം ഉന്നയിച്ചാണ് പി ജയരാജന്റെയും മറ്റും ജാമ്യാപേക്ഷകളെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തത്. ജയരാജന് നേരത്തെ ജാമ്യം നിഷേധിച്ച വിധിന്യായത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ ജയിലില്‍ കഴിഞ്ഞ ദിവസങ്ങളും കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യവും കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ഇതിനകം ജാമ്യത്തില്‍ വിട്ടവരെക്കുറിച്ച് പ്രോസിക്യൂഷന് പരാതി ഇല്ലാത്തതും കണക്കിലെടുത്താല്‍ ഇവരെയും ജയിലില്‍ പാര്‍പ്പിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. യു വി വേണുവിനെ കൂടാതെ സുമേഷ്, ഗണേശന്‍, അനൂപ്, സജിത്ത് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

deshabhimani 070912

1 comment:

  1. ഷുക്കൂര്‍ വധക്കേസില്‍ എഫ്ഐആറില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കലുണ്ടായതായി പരിശോധനയില്‍നിന്ന് വ്യക്തമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം ലോക്കല്‍ സെക്രട്ടറി യു വി വേണു ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ജാമ്യം അനുവദിക്കവെയാണ് കോടതിയുടെ പരാമര്‍ശം. പ്രോസിക്യൂഷന്‍ ആരോപണം കണക്കിലെടുത്താല്‍ രണ്ടു മൂന്നു ദിവസങ്ങള്‍കൊണ്ടുണ്ടായ സംഭവമാണെന്നു തോന്നുമെന്നും മിനിറ്റുകള്‍കൊണ്ടു സംഭവിച്ച കാര്യമാണ് ഇത്തരത്തിലാക്കിയതെന്നും കോടതി നിരീക്ഷിച്ചു. ഒരു കേസ് എങ്ങനെ മോശമാക്കാമെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ കേസെന്നും ജസ്റ്റിസ് പി ഭവദാസന്‍ നിരീക്ഷിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഹൈക്കോടതി ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും വാദമധ്യേ കോടതി വിലയിരുത്തി.

    ReplyDelete