Friday, September 7, 2012

മട്ടന്നൂരില്‍ വെളിവായത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തം


യുഡിഎഫ് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗവും അപവാദപ്രചാരണങ്ങളും അതിജീവിച്ച് എല്‍ഡിഎഫ് മട്ടന്നൂര്‍ നഗരസഭയില്‍ നേടിയത് ഉജ്വല രാഷ്ട്രീയ വിജയം. പിറവം, നെയ്യാറ്റിന്‍കര നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ചില വധക്കേസുകള്‍ ദുരുപയോഗിച്ച് യുഡിഎഫ് നേടിയ താല്‍ക്കാലിക മേല്‍ക്കൈ മട്ടന്നൂരില്‍ നഷ്ടമായി. ചന്ദ്രശേഖരന്‍, ഷുക്കൂര്‍, ഫസല്‍ വധക്കേസുകള്‍ ഉയര്‍ത്തിക്കാട്ടി സിപിഐ എമ്മിനെ കൊലയാളികളുടെ പാര്‍ടിയായി ചിത്രീകരിച്ച് നടത്തിയ പ്രചാരണം മട്ടന്നൂരിലെ വോട്ടര്‍മാര്‍ തള്ളി. പൊലീസ് ഭീകരതയെയും വര്‍ഗീയ പ്രചാരണത്തെയും നേരിട്ട് മട്ടന്നൂരില്‍ നാലാംവട്ടവും എല്‍ഡിഎഫ് അധികാരത്തിലേറിയത് അഭിമാനകരമായ നേട്ടമാണ്.

മൂന്ന് വധത്തിന്റെയും പ്രഭവകേന്ദ്രം കണ്ണൂരാണെന്നും മട്ടന്നൂര്‍ തെരഞ്ഞെടുപ്പു ഫലം ഇതിനെതിരായ വിധിയെഴുത്തായിരിക്കുമെന്നുമായിരുന്നു യുഡിഎഫ് പ്രചാരണം. വികസന പ്രശ്നങ്ങളൊന്നും യുഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ ഉന്നയിച്ചില്ല. വധക്കേസുകളും വര്‍ഗീയതയുമാണ് മട്ടന്നൂരില്‍ യുഡിഎഫ് പ്രചാരണായുധമാക്കിയത്. ഈ പ്രചാരണം വോട്ടര്‍മാരില്‍ ഏശുമെന്ന വിശ്വാസത്തിലാണ് നഗരസഭാഭരണം എല്‍ഡിഎഫിന് നഷ്ടമാകുമെന്ന് യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും പ്രചരിപ്പിച്ചത്. എന്നാല്‍, സിപിഐ എമ്മിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള നീക്കം ദയനീയമായി പരാജയപ്പെട്ടു. ഭരണം നിലനിര്‍ത്തിയതിനൊപ്പം യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തം തുറന്നുകാട്ടാനും എല്‍ഡിഎഫിന് കഴിഞ്ഞു.

യുഡിഎഫ് നിലമെച്ചപ്പെടുത്തിയെന്ന അവകാശവാദം പൊള്ളയാണെന്ന് തെരഞ്ഞെടുപ്പുഫലം പരിശോധിച്ചാല്‍ മനസിലാകും. യുഡിഎഫ് പരമ്പരാഗതമായി ജയിക്കുന്ന പാലോട്ടുപള്ളി, ടെമ്പിള്‍, മട്ടന്നൂര്‍ വാര്‍ഡുകള്‍ വിഭജിച്ചാണ് കളറോഡ്, കൊക്കയില്‍ വാര്‍ഡുകള്‍ രൂപീകരിച്ചത്. കോളാരിയും കായലൂരും പരിയാരവും വിഭജിച്ച് ബേരം വാര്‍ഡുണ്ടാക്കി. യുഡിഎഫിന് ജയിക്കാന്‍വേണ്ടി ജനസംഖ്യ, അതിര്‍ത്തി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചു. അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിലൂടെ യുഡിഎഫ് നേടിയ വിജയം കൃത്രിമമാണ്. പിടിച്ചെടുത്തെന്ന് യുഡിഎഫ് അവകാശപ്പെടുന്ന കോളാരി, കയനി, ഉത്തിയൂര്‍, മേറ്റടി, നാലാങ്കേരി വാര്‍ഡുകളിലെ വിജയവും രാഷ്ട്രീയസദാചാരത്തെ വെല്ലുവിളിക്കുന്നതാണ്. നാലാങ്കേരിയിലും ഉത്തിയൂരിലും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ബിജെപി യുഡിഎഫിനെ പരസ്യമായി പിന്തുണച്ചു. ഉത്തിയൂരില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി യുഡിഎഫിന് വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു. എളന്നൂര്‍, ആണിക്കരി, ബേരം, മട്ടന്നൂര്‍ എന്നിവിടങ്ങളിലും ബിജെപിയുടെ വോട്ടിലാണ് യുഡിഎഫ് ജയിച്ചുകയറിയത്. ഇതിന് പ്രത്യുപകാരമായി കരേറ്റയിലും കായലൂരിലും ബിജെപിയെ യുഡിഎഫ് പിന്തുണച്ചു. ഇവിടെ ബിജെപി രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ പേരിന് സ്വതന്ത്രരെ നിര്‍ത്തിയ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടതും യുഡിഎഫ് സ്ഥാനാര്‍ഥികളാണ്. മേറ്റടിയില്‍ നാലും ആണിക്കരിയില്‍ പതിനൊന്നും കോളാരിയില്‍ നാല്‍പ്പത്തൊന്നും വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. എല്‍ഡിഎഫിന്റെ മിക്ക സ്ഥാനാര്‍ഥികളും വന്‍ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇടവേലിക്കലില്‍ 617 വോട്ടിെന്‍റയും കാരയില്‍ 418 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

deshabhimani 070912

1 comment:

  1. പിടിച്ചെടുത്തെന്ന് യുഡിഎഫ് അവകാശപ്പെടുന്ന കോളാരി, കയനി, ഉത്തിയൂര്‍, മേറ്റടി, നാലാങ്കേരി വാര്‍ഡുകളിലെ വിജയവും രാഷ്ട്രീയസദാചാരത്തെ വെല്ലുവിളിക്കുന്നതാണ്. നാലാങ്കേരിയിലും ഉത്തിയൂരിലും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ബിജെപി യുഡിഎഫിനെ പരസ്യമായി പിന്തുണച്ചു. ഉത്തിയൂരില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി യുഡിഎഫിന് വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു. എളന്നൂര്‍, ആണിക്കരി, ബേരം, മട്ടന്നൂര്‍ എന്നിവിടങ്ങളിലും ബിജെപിയുടെ വോട്ടിലാണ് യുഡിഎഫ് ജയിച്ചുകയറിയത്. ഇതിന് പ്രത്യുപകാരമായി കരേറ്റയിലും കായലൂരിലും ബിജെപിയെ യുഡിഎഫ് പിന്തുണച്ചു. ഇവിടെ ബിജെപി രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ പേരിന് സ്വതന്ത്രരെ നിര്‍ത്തിയ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

    ReplyDelete