Tuesday, September 4, 2012

കണക്കുകള്‍ തെറ്റ്; നിര്‍വഹണസഹായം ശക്തമാക്കണം:എംപിമാര്‍


എംപിമാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് കേന്ദ്രപദ്ധതി നടത്തിപ്പ് മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗവും തയ്യാറാക്കി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച കണക്ക് അടിമുടി തെറ്റും വസ്തുതകള്‍ മൂടിവയ്ക്കുന്നതുമാണെന്ന് കേരളത്തില്‍നിന്നുള്ള എംപിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫണ്ട് വിനിയോഗത്തിന് ഇന്നുള്ള മാനദണ്ഡങ്ങള്‍ മാറ്റണമെന്നും പദ്ധതിനിര്‍വഹണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരടക്കം ഫലപ്രദമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഉദ്ഘാടനവും കഴിഞ്ഞ പദ്ധതികള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കില്‍ വന്നിട്ടില്ല. അക്കൗണ്ടില്‍ വരാത്ത തുക അനുവദിച്ചതായി കാണിക്കുകയും അത് ചെലവഴിച്ചില്ലെന്ന് പറയുകയും ചെയ്യുന്ന കണക്ക് യുക്തിസഹമല്ല. കലക്ടറുടെ അക്കൗണ്ടില്‍ വരാത്ത തുക വിനിയോഗിക്കാന്‍ സാധിക്കില്ല. മുപ്പത് എംപിമാര്‍ വഴി ഒരു വര്‍ഷം 150 കോടി രൂപയാണ് സംസ്ഥാനത്ത് പ്രാദേശിക വികസന ഫണ്ടിലൂടെ വിനിയോഗിക്കുന്നത്. ജനങ്ങള്‍ സൗജന്യമായി നല്‍കുന്ന ഭൂമി, അധ്വാനം, മറ്റ് ഉപകരണങ്ങള്‍ എന്നിവ വഴി ഈ തുകയേക്കാള്‍ കൂടുതല്‍ തുകയ്ക്കുള്ള സ്വത്ത് സൃഷ്ടിക്കപ്പെടുന്നു. 27 മാനദണ്ഡങ്ങള്‍ പദ്ധതി നടത്തിപ്പിന് പാലിക്കേണ്ടതുണ്ട്. പദ്ധതിക്ക് ശുപാര്‍ശ സമര്‍പ്പിച്ചാല്‍ ഭരണാനുമതിയും സാങ്കേതികാനുമതിയുമടക്കം നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇത് യഥാസമയം നിര്‍വഹിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥ സംവിധാനമില്ല. ആശുപത്രി, സ്കൂള്‍ എന്നിവയ്ക്കു വേണ്ടിയുള്ള കെട്ടിടങ്ങള്‍ക്ക് അടങ്കല്‍ തയ്യാറാക്കിയാലും പൂര്‍ത്തിയായിവരുമ്പോള്‍ കൂടുതല്‍ തുക അനുവദിക്കേണ്ടിവരും. കെട്ടിടനിര്‍മാണത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന ചെലവ് കാരണം കരാറുകാര്‍ ഈ പ്രവൃത്തി ഏറ്റെടുക്കാന്‍ വൈമുഖ്യം കാട്ടുകയാണ്.

പദ്ധതി നിര്‍വഹണത്തിന്റെ ചുമതല വഹിക്കുന്ന ജില്ലാ പ്ലാനിങ് ഓഫീസില്‍ അഞ്ചോ ആറോ ജീവനക്കാരാണുള്ളത്. കംപ്യൂട്ടര്‍, ആംബുലന്‍സ്, മറ്റ് വാഹനങ്ങള്‍ വാങ്ങിനല്‍കല്‍ എന്നിവ രണ്ട് മാസത്തിനകം നടത്താനാകും.എന്നാല്‍, ജനങ്ങളുടെ ദീര്‍ഘകാലത്തേക്കുള്ള ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും കൂടി ഒരുക്കാന്‍ എംപി ഫണ്ട് വിനിയോഗിക്കേണ്ടിവരും. കൈയടി കിട്ടുന്ന പദ്ധതികള്‍ മാത്രമായി എംപി ഫണ്ട് വിനിയോഗത്തെ കാണാനാവില്ല. ഓരോ പ്രദേശത്തിന്റെയും പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച് തുക വിനിയോഗിക്കേണ്ടിവരും. കേരളത്തിലെ പല പ്രധാന വകുപ്പുകളുടെയും വാര്‍ഷിക പദ്ധതിയേക്കാള്‍ കൂടുതല്‍ തുക എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിലൂടെ ലഭിക്കുന്നു. അതിന് വേണ്ടത്ര പ്രാധാന്യം നല്‍കി നിര്‍വഹണ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. പി കരുണാകരന്‍, സി പി നാരായണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, ഡോ. ടി എന്‍ സീമ, അഡ്വ. എ സമ്പത്ത്, എം ബി രാജേഷ്, എം പി അച്യുതന്‍, എം കെ രാഘവന്‍, കെ പി ധനപാലന്‍, പി ടി തോമസ്, ജോസ് കെ മാണി, ജോയ് എബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 040912

1 comment:

  1. 07 പദ്ധതികള്‍ക്കായി 10.01 കോടി രൂപ ഇതുവരെ തന്റെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍ എംപി പ്രസ്താവനയില്‍ അറിയിച്ചു. എംപി ഫണ്ട് ഇനത്തില്‍ കേന്ദ്ര ആസൂത്രണ മന്ത്രാലയം തന്റെ പേരില്‍ നോഡല്‍ ഓഫീസറായ കലക്ടര്‍ക്ക് അനുവദിച്ചിട്ടുള്ളത് 4.5 കോടി രൂപയാണ്. ഇതില്‍ 3.73 കോടി രൂപയുടെ 50 പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. 79.69 ലക്ഷം രൂപയുടെ ഏഴു പദ്ധതി പൂര്‍ത്തീകരിച്ചു. ശേഷിക്കുന്ന 2.96 കോടി രൂപയുടെ 43 പദ്ധതി നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. 6.27 കോടി രൂപയുടെ 57 പദ്ധതിക്ക് ഭരണാനുമതി ലഭിക്കാനുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ തന്റെ എംപി ഫണ്ട് വിനിയോഗം സംബന്ധിച്ച് ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്തകള്‍ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്ന് ബാലഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു. എംപി ഫണ്ട് ഇനത്തില്‍ അനുവദിച്ചതിന്റെ ഇരട്ടിയിലധികം തുകയ്ക്കുള്ള പദ്ധതികള്‍ താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ 2.22 കോടി രൂപയുടെ പദ്ധതി പട്ടികജാതിവിഭാഗക്കാരുടെ ആവാസമേഖലകളിലാണ്. എംപിമാര്‍ക്ക് പദ്ധതികള്‍ ശുപാര്‍ശ ചെയ്യാന്‍ മാത്രമേ കഴിയൂ. പദ്ധതികള്‍ പരിശോധിച്ച് നിര്‍വഹണ ഉദ്യോഗസ്ഥനെ നിശ്ചയിച്ച് എസ്റ്റിമേറ്റ് ക്ഷണിച്ച് ഭരണാനുമതി നല്‍കേണ്ടത് കലക്ടറാണ്. നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഒരു പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ വരുത്തുന്ന കാലതാമസത്തിന് എംപിമാര്‍ പിഴമൂളേണ്ടിവരുന്നത് ആശാസ്യമല്ല. എംപിമാര്‍ പണം വാങ്ങി ചെലവാക്കാതെ കൈയില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്ന പ്രതീതി ഉളവാക്കുന്ന പ്രചാരണങ്ങള്‍ പരിഹാസ്യമാണ്.

    ReplyDelete