Tuesday, September 4, 2012

പ്രതിരോധവകുപ്പിന്റെ 12,364 ഏക്കറില്‍ കൈയേറ്റക്കാര്‍


പ്രതിരോധവകുപ്പിന്റെ 12,364 ഏക്കര്‍ ഭൂമി കൈയേറ്റക്കാരുടെ പക്കലാണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി അറിയിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട അഴിമതി, ക്രമവിരുദ്ധ നടപടി എന്നിവയുടെ പേരില്‍ ഏഴു കേസ് മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ലോക്സഭയില്‍ പി കെ ബിജുവിന്റെ ചോദ്യത്തിന് ആന്റണി മറുപടി നല്‍കി.

ഇന്ത്യന്‍ തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ വാണിജ്യകപ്പലുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി കപ്പല്‍ ഗതാഗതമന്ത്രി ജി കെ വാസന്‍ അറിയിച്ചു. "പ്രഭുദയ" കപ്പല്‍ സംഭവം, ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവം എന്നിവ പരിഗണിച്ചാണ് നിര്‍ദേശം. മത്സ്യത്തൊഴിലാളി ബോട്ടുകളെ കടല്‍ക്കൊള്ളക്കാരായി തെറ്റിദ്ധരിച്ച് ആക്രമിക്കാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചതായും എ സമ്പത്തിന്റെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു. മൂന്നാര്‍-തിരുപ്പൂര്‍ അന്തര്‍സംസ്ഥാന ഹൈവേ നിര്‍മിക്കാന്‍ പരിപാടിയില്ലെന്ന് റോഡ്-ഗതാഗത-ഹൈവേ സഹമന്ത്രി ജിതിന്‍ പ്രസാദ പി ടി തോമസിനു മറുപടി നല്‍കി. കേന്ദ്രറോഡ് ഫണ്ടില്‍ നിന്ന് ഈ സാമ്പത്തികവര്‍ഷം കേരളത്തിന് അനുവദിച്ചത് 7.75 കോടി രൂപ മാത്രമാണെന്ന് ജോസ് കെ മാണിയുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

കൊല്ലം എഴുകോണില്‍ ഡെന്റല്‍ കോളേജിന്റെ നിര്‍മാണം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. കാലവര്‍ഷത്തിന്റെ ആരംഭത്തെക്കുറിച്ച് 2005 മുതല്‍ കാലാവസ്ഥാ വകുപ്പ് നടത്തിയ പ്രവചനം ഏറെക്കുറെ ശരിയായിരുന്നെന്ന് മന്ത്രി അശ്വനികുമാര്‍ പറഞ്ഞു. ഈവര്‍ഷം ജൂണ്‍ ഒന്നിനു മഴ തുടങ്ങുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. അഞ്ചിനു മഴ ആരംഭിച്ചു. ഡോ. ടി എന്‍ സീമയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

deshabhimani 040912

No comments:

Post a Comment